teesta rb sreekumar
രോഷമൊഴുക്കിക്കളയാനുള്ള ഭരണകൂട 'ശിക്ഷകള്‍'
ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍, ആ നയങ്ങളുടെ ആവിഷ്‌കര്‍ത്താക്കളെ വിമര്‍ശിക്കാന്‍, പാതകികള്‍ക്ക് പിറകിലെ ആസൂത്രകരെ തുറന്നു കാണിക്കാന്‍ ഇനിയാരും ശ്രമിക്കേണ്ടതില്ലെന്ന സന്ദേശം കുറേക്കൂടി ഉറക്കെ ആവര്‍ത്തിക്കുകയാണ് ടീസ്റ്റയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യുമ്പോള്‍.
ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ്സിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപ്പിടിച്ച് മരിച്ചവരുടെ മൃതദേഹം അഹമ്മദാബാദിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതിന് പിറകെ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, ഭൂരിപക്ഷ സമുദായാംഗങ്ങളുടെ രോഷം ഒഴുകിപ്പോകാന്‍ അവസരമുണ്ടാകണമെന്ന് നിര്‍ദേശിച്ചു എന്നതായിരുന്നു നാല് വര്‍ഷമായി വിചാരണത്തടവ് അനുഭവിക്കുന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ആരോപണം. അങ്ങനെയൊരു പരാമര്‍ശമേയുണ്ടായിട്ടില്ല എന്നാണ് യോഗത്തില്‍ പങ്കെടുത്ത ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരൊക്കെ മൊഴി നല്‍കിയത്. സഞ്ജീവ് ഭട്ട് ആ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് അവരുടെ മൊഴി. സഞ്ജീവ് ഭട്ടിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്ന്, യോഗം നടക്കുന്ന സമയത്ത് ഭട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്തുണ്ടായിരുന്നില്ല എന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കണ്ടെത്തിയത്. ഏതാണ്ട് ഇതേ ആരോപണം ഉന്നയിച്ച മുന്‍ മന്ത്രി ഹരേണ്‍ പാണ്ഡ്യ (പിന്നീട് കൊല ചെയ്യപ്പെട്ടു, വംശഹത്യാ ശ്രമം ആസൂത്രണം ചെയ്തുവെന്ന ആരോപണം നേരിട്ട നരേന്ദ്ര മോദിക്കു മേല്‍ പാണ്ഡ്യയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉന്നയിക്കപ്പെട്ടു)യും മുഖ്യമന്ത്രിയുടെ ഓഫീസ് പരിസരത്തില്ലായിരുന്നുവെന്നാണ് ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് എസ് ഐ ടി കണ്ടെത്തിയത്.
ഗുജറാത്ത് വംശഹത്യാ ശ്രമത്തിന് പിന്നില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ള ഉന്നതര്‍ നടത്തിയ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് ആരോപിച്ച് സാകിയ ജാഫ്‌രി നല്‍കിയ പരാതി അന്വേഷിച്ച് സി ബി ഐ മുന്‍ മേധാവി ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള എസ് ഐ ടി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ നിന്ന് ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് ഉദ്ധരിച്ചതാണ് മേല്‍പ്പറഞ്ഞത്. സഞ്ജീവ് ഭട്ടും ഹരേണ്‍ പാണ്ഡ്യയും ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ച യോഗം നടന്ന സ്ഥലത്തുണ്ടായിരുന്നോ ഇല്ലയോ എന്ന് ഉറപ്പിക്കാന്‍ അവരുടെ ഫോണ്‍ ആ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് സേവന ദാതാവായ കമ്പനി നല്‍കിയ വിവരങ്ങളെയാണ് അന്വേഷണ സംഘം ആശ്രയിക്കുന്നത്. അത് പരമോന്നത കോടതിയുടെ മൂന്നംഗ ബഞ്ച് അംഗീകരിക്കുകയും ചെയ്യുന്നു.
വംശഹത്യാ ശ്രമം മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്നും അത് തെളിയിക്കുന്നതിന് ഇവര്‍ തമ്മില്‍ ആ ദിവസങ്ങളില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളുടെ രേഖ പരിശോധിക്കണമെന്ന് സാകിയ ജാഫ്‌രി ആവശ്യപ്പെട്ടിരുന്നു. ഐ പി എസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശര്‍മ, ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച രേഖകള്‍ സമാഹരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. രാഹുല്‍ ശര്‍മയോട് ഇതേക്കുറിച്ച് ചോദിച്ചുവെങ്കിലും രേഖകളുള്ള യഥാര്‍ഥ സി ഡി ഹാജരാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നാണ് എസ് ഐ ടി പറയുന്നത്. സി ഡിയിലെ വിവരങ്ങള്‍ ലാപ്‌ടോപ്പിലേക്ക് പകര്‍ത്തിയെന്നും ആ പകര്‍പ്പ് മാത്രമാണ് കൈവശമുള്ളതെന്നുമാണ് എസ് ഐ ടിക്ക് രാഹുല്‍ ശര്‍മ നല്‍കിയ മൊഴി. സി ഡിയുടെ അസ്സല്‍ കണ്ടെത്താനാകാത്ത സാഹചര്യത്തിലും പകര്‍പ്പ് വിശ്വസിക്കാനാകാത്തതിനാലും (പലകുറി തുറന്ന് പരിശോധിച്ചതിനാല്‍ പകര്‍പ്പ് തീരെ വിശ്വസിക്കാവതല്ല!) അതേക്കുറിച്ച് അന്വേഷിക്കാനായില്ല. ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ സേവന ദാതാക്കളായ കമ്പനികളോട് ആവശ്യപ്പെട്ടുവെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ രേഖ ലഭ്യമല്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയതെന്ന് എസ് ഐ ടി പറയുന്നു. കമ്പനികള്‍ ആ രേഖകള്‍ നല്‍കിയാലും വിശാലമായ ഗൂഢാലോചന തെളിയിക്കുന്നതിന് അതൊരു തെളിവാകില്ലെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് പറയുന്നു.
വംശഹത്യാ ശ്രമം തുടങ്ങുന്നതിന് മുമ്പ്, സഞ്ജീവ് ഭട്ടും ഹരേണ്‍ പാണ്ഡ്യയും മുഖ്യമന്ത്രി വിളിച്ച യോഗ സ്ഥലത്തുണ്ടായിരുന്നില്ല എന്നതിന് തെളിവായി ഫോണ്‍ ടവര്‍ രേഖകളുണ്ടായിരുന്നു. അത് സേവന ദാതാക്കളില്‍ നിന്ന് എസ് ഐ ടിക്ക് ലഭിക്കുകയും ചെയ്തു. വംശഹത്യാ ശ്രമം തുടങ്ങിയതിന് ശേഷമുള്ള ഫോണ്‍ ടവര്‍ രേഖകളൊന്നും സേവന ദാതാക്കളുടെ പക്കല്‍ ഇല്ലാതിരിക്കുകയും ചെയ്തു. വംശഹത്യാശ്രമക്കാലത്ത് പോലീസ് കൺട്രോള്‍ റൂമില്‍ നേരിട്ടെത്തി, പോലീസിനെ നിഷ്‌ക്രിയമാക്കുന്നതില്‍ ക്രിയാത്മക പങ്കുവഹിച്ചുവെന്ന ആരോപണം നേരിടുന്ന അന്നത്തെ ആരോഗ്യ മന്ത്രി അശോക് ഭട്ട്, അല്‍പ്പ സമയം മാത്രമേ കണ്‍ട്രോള്‍ റൂമിലുണ്ടായിരുന്നുള്ളൂവെന്നതിന് തെളിവായും ഫോണ്‍ രേഖകളുണ്ട്. 2002 ഫെബ്രുവരി 28ലെയും മാര്‍ച്ച് ഒന്നിലെയും ഫോണ്‍ രേഖകള്‍ തെളിവായി എസ് ഐ ടി ശേഖരിച്ചിട്ടുണ്ട് എന്നാണ് വിധി വായിക്കുമ്പോള്‍ മനസ്സിലാകുക. വിശാലമായ ഗൂഢാലോചന തെളിയിക്കാന്‍ ഫോണ്‍ ടവര്‍ രേഖകള്‍ മതിയാകില്ലെന്ന ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ബഞ്ചിന്റെ വാദം മുഖവിലക്കെടുത്താലും പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ രീതിയെക്കുറിച്ച് ഈ രേഖാനഷ്ടം ചിലത് പറഞ്ഞുതരുന്നുണ്ട്. ഗൂഢാലോചന നടന്നോ എന്ന് കണ്ടെത്താനല്ല, അത് നടന്നിട്ടില്ല എന്ന് കണ്ടെത്താന്‍ പാകത്തില്‍, ആരോപണങ്ങളെ ഖണ്ഡിക്കുകയായിരുന്നു അന്വേഷണ ലക്ഷ്യം. (നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം സൈപ്രസിലെ ഇന്ത്യന്‍ അംബാസഡറായി നിയോഗിക്കപ്പെട്ട ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സകല പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും അതിസ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത് എന്ന് സുപ്രീം കോടതി പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്).
ആ അന്വേഷണ റിപോര്‍ട്ട്, അമിക്കസ് ക്യൂറിയായി നിയോഗിക്കപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്റെ പരിശോധനാ റിപോര്‍ട്ട് സഹിതം തുടര്‍ നടപടികള്‍ക്കായി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറുകയാണ് നേരത്തേ സുപ്രീം കോടതി ചെയ്തത്. റിപോര്‍ട്ട് അംഗീകരിച്ച് തുടരന്വേഷണമോ മറ്റ് നടപടികളോ വേണ്ടെന്ന് തീരുമാനിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പില്‍ക്കാലം ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. അതിന്‍മേലാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ പരമോന്നത കോടതി ബഞ്ചിന്റെ അവസാന സീല്‍ പതിഞ്ഞത്. വംശഹത്യാ ശ്രമത്തിന് ഗൂഢാലോചന നടന്നുവെന്ന ആരോപണത്തിന്‍മേല്‍ ഇനിയെന്തെങ്കിലും നിയമ നടപടി സാധ്യമല്ലാത്ത വിധം. സാകിയ ജാഫ്‌രിക്ക് മുമ്പാകെയുള്ള ഏക വഴി ഒരു പുനപ്പരിശോധനാ ഹരജി നല്‍കുക എന്നത് മാത്രമാണ്. ആ ഹരജി, വിധി പറഞ്ഞ ബഞ്ചിന്റെ മുമ്പാകെ തന്നെയാണ് വരിക എന്നതിനാല്‍ അതിനൊരു വഴിപാടിന്റെ വില മാത്രമേ കല്‍പ്പിക്കേണ്ടതുള്ളൂ. ഔദ്യോഗിക കണക്കില്‍ ആയിരത്തോളം പേര്‍ (ബഹുഭൂരിപക്ഷവും മുസ്‌ലിംകള്‍) കൊലചെയ്യപ്പെട്ട, ഉദരത്തിലെ കുഞ്ഞുപോലും ഇല്ലാതാക്കപ്പെട്ട, നിരവധി സ്ത്രീകള്‍ കൊടിയ ലൈംഗിക ആക്രമണത്തിന് വിധേയരാക്കപ്പെട്ട, കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ട ഗുജറാത്ത് വംശഹത്യാ ശ്രമത്തിന് പിന്നില്‍ ആസൂത്രണമോ ഗൂഢാലോചനയോ ഉണ്ടായെന്നതിന് തെളിവില്ലെന്ന് കോടതി കണ്ടെത്തിയെന്ന് മാത്രമേ ചരിത്രത്തിലുണ്ടാകൂ.
ഗൂഢാലോചന ആരോപിച്ചതിന് പിറകില്‍ വലിയ ഗൂഢാലോചന നടന്നതിനെക്കുറിച്ച് ഇപ്പോള്‍ ആരംഭിച്ച, മുന്‍ ഡി ജി പി. ആര്‍ ബി ശ്രീകുമാറിന്റെയും സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെയും അറസ്റ്റോടെ ഒരൊറ്റ ദിനം കൊണ്ട് ഊര്‍ജിതായ, അന്വേഷണത്തിന്റെ പരിണതി ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തപ്പെടുകയും ചെയ്യും. വിദേശത്ത് നിന്ന് ക്രമവിരുദ്ധമായി സംഭാവന സ്വീകരിച്ചുവെന്നതുള്‍പ്പെടെ വിവിധ ആരോപണങ്ങളുന്നയിച്ച് ടീസ്റ്റയെയും അവരുടെ സന്നദ്ധ സംഘടനയായ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസിനെയും വേട്ടയാടാന്‍ 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറിയത് മുതല്‍ ശ്രമം തുടങ്ങിയിരുന്നു. കോടതി ഇടപെടല്‍ മൂലം ടീസ്റ്റയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇല്ലാത്തത് പറഞ്ഞ്, കാര്യങ്ങള്‍ക്ക് അര്‍ഹിക്കുന്നതിലും വലുപ്പം നല്‍കാനും രാഷ്ട്രീയവത്കരിക്കാനും ശ്രമം നടന്നുവെന്ന് സുപ്രീം കോടതി വിധിയില്‍ പറയുമ്പോള്‍, അതിലും വലിയൊരു സുവര്‍ണാവസരം ടീസ്റ്റയെ അറസ്റ്റ് ചെയ്യാന്‍ ഭരണകൂടത്തിന് മുന്നില്‍ ഇല്ലതന്നെ.
വംശഹത്യാ ശ്രമത്തിന്റെ ഇരകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ നിയമ സംവിധാനത്തെ ആശ്രയിക്കാന്‍ കരുത്തുപകര്‍ന്നത് ടീസ്റ്റ സെതല്‍വാദായിരുന്നു. പരാതി നല്‍കാനോ പോലീസിന് മുന്നില്‍ മൊഴി നല്‍കാനോ ഭയന്ന മനുഷ്യര്‍ക്ക് ധൈര്യം നല്‍കിയിരുന്നു അവര്‍. അങ്ങനെ വന്ന പരാതികളിലാണ് ചില കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ആ കേസുകളുടെ തന്നെ അന്വേഷണം, അന്നത്തെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ പോലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ തുറന്നെതിര്‍ത്തവരുടെ മുമ്പന്തിയില്‍ അവരുണ്ടായിരുന്നു. അവരുടെയൊക്കെ ശ്രമം കൊണ്ടാണ് ബില്‍ക്കിസ് ബാനു, നരോദ പാട്ടിയ തുടങ്ങി കുപ്രസിദ്ധമായ കേസുകളില്‍ പ്രതികളില്‍ ചിലരെങ്കിലും ശിക്ഷിക്കപ്പെട്ടത്. ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കുരുതിക്ക് (അവിടെ വെട്ടിയും ചുട്ടും കൊന്നത് 69 പേരെ) ഭരണത്തിലെ ഉന്നതര്‍ ഗൂഢാലോചന നടത്തിയെന്ന സാകിയ ജാഫ്‌രിയുടെ ആരോപണം അന്വേഷിക്കാന്‍ നിര്‍ബന്ധിതമായതിന് പിറകിലും ടീസ്റ്റയുണ്ടായിരുന്നു.
അര്‍ഹമായ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടത്, വംശഹത്യാ ശ്രമത്തിന് അരുനില്‍ക്കാത്തതു കൊണ്ടാണെന്ന തിരിച്ചറിവില്‍ അറിയാവുന്നതെല്ലാം ലോകത്തോട് പറയാന്‍ തയ്യാറായ ആര്‍ ബി ശ്രീകുമാറും സഞ്ജീവ് ഭട്ടിനെ പോലെ നരേന്ദ്ര മോദിക്കും സംഘ്പരിവാറിനും നല്‍കിയത് ചെറുതല്ലാത്ത തലവേദനയാണ്. അതിനൊക്കെ പ്രതികാരം ചെയ്യാന്‍ അവസരം തുറക്കുക എന്നത് കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ ദൗത്യമായിരുന്നുവെന്ന് തോന്നും അവരുടെ റിപോര്‍ട്ടും അത് അംഗീകരിച്ചുള്ള സുപ്രീം കോടതിയുടെ വിധിയും കണ്ടാല്‍. സഞ്ജീവ് ഭട്ട് നേരത്തേ തന്നെ ‘ശിക്ഷ’ അനുഭവിക്കുന്നുണ്ട്. ഹരേണ്‍ പാണ്ഡ്യക്ക് വിധിച്ച പരമാവധി ശിക്ഷ നടപ്പാക്കപ്പെടുകയും ചെയ്തു. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍, ആ നയങ്ങളുടെ ആവിഷ്‌കര്‍ത്താക്കളെ വിമര്‍ശിക്കാന്‍, പാതകികള്‍ക്ക് പിറകിലെ ആസൂത്രകരെ തുറന്നുകാണിക്കാന്‍ ഇനിയാരും ശ്രമിക്കേണ്ടതില്ലെന്ന സന്ദേശം കുറേക്കൂടി ഉറക്കെ ആവര്‍ത്തിക്കുകയാണ് ടീസ്റ്റയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യുമ്പോള്‍.