National
ഇന്ത്യയുടെ 5ജി നെറ്റ് വര്‍ക്ക് അവസാന ഘട്ടത്തിലെന്ന് സര്‍ക്കാര്‍
ഇന്ത്യയില്‍ 13 മെട്രോ നഗരങ്ങളില്‍ മാത്രമേ ഈ വര്‍ഷം ആദ്യം 5ജി സേവനം ലഭിക്കൂ.
ന്യൂഡല്‍ഹി| ഇന്ത്യയുടെ 5ജി നെറ്റ് വര്‍ക്ക് ഇപ്പോള്‍ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍. ‘ഇന്ത്യ ടെലികോം 2022’ ബിസിനസ് എക്‌സ്‌പോയെ അഭിസംബോധന ചെയ്യവെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പറഞ്ഞത്. 6ജി നിലവാരം വികസിപ്പിക്കുന്നതില്‍ രാജ്യത്തിന്റെ പങ്കാളിത്തത്തിനും മന്ത്രി ഊന്നല്‍ നല്‍കി. രാജ്യം സ്വന്തമായ 4ജി കോര്‍ ആന്റ് റേഡിയോ ശൃംഖലയും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ടെലികോം ഓപ്പറേറ്റര്‍മാര്‍ 2022-ല്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ സ്പെക്ട്രം ലേലം വരും മാസങ്ങളില്‍ നടത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് സെഷനില്‍ പ്രഖ്യാപിച്ചിരുന്നു. സ്‌പെക്ട്രം ലേല നടപടികള്‍ ഓഗസ്റ്റില്‍ നടക്കുമെന്നും തുടര്‍ന്ന് സേവനങ്ങള്‍ ആരംഭിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ 5ജി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ്യത്തെ സാങ്കേതിക മന്ത്രി പറഞ്ഞു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായവുമായി 5ജി പുറത്തിറക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും, മാര്‍ച്ചോടെ അതേക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് പ്രതീക്ഷിക്കാമെന്നും പറയുന്നു.
ഇന്ത്യയില്‍ 13 മെട്രോ നഗരങ്ങളില്‍ മാത്രമേ ഈ വര്‍ഷം ആദ്യം 5ജി സേവനം ലഭിക്കൂ. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഗുരുഗ്രാം, ചണ്ഡീഗഡ്, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ജാംനഗര്‍, ഹൈദരാബാദ്, പൂനെ, ലഖ്‌നൗ, ഗാന്ധിനഗര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 5ജി ട്രയലുകള്‍ ഈ സ്ഥലങ്ങളില്‍ ആദ്യം നടത്തിയതിനാല്‍, ഈ സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് ആദ്യം 5ജി ലഭിക്കും.