Uae
കാര്യക്ഷമമായ കുടിയേറ്റത്തിന് സർക്കാർ സംവിധാനം ഒരുക്കണം: ഐ സി എഫ്
ബജറ്റ് നീക്കിയിരിപ്പ് സാധാരണ പ്രവാസികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ആവശ്യം
![](https://assets.sirajlive.com/2025/02/icf-897x538.gif)
ദുബൈ | വിദേശത്തെ തൊഴിൽ കമ്പോളത്തിൽ കേരളീയരുടെ ശരിയായ വിനിയോഗം വേണ്ടതുണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചതിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) സ്വാഗതം ചെയ്തു.
കേരളത്തിൽ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലാളികളുടെ അഭാവം അനുഭവപ്പെടുമ്പോൾ തന്നെ വിദേശത്ത് വളരെ ചെറിയ സാഹചര്യത്തിൽ മലയാളികൾ പണിയെടുക്കുന്ന സ്ഥിതിയുണ്ട്. ഒട്ടേറെ പേർക്ക് പ്രവാസം വലിയ നഷ്ടമായി തീരുകയാണ്. ഇത് പരിഹരിക്കുന്നതിനും സാങ്കേതിക വൈജ്ഞാനിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനത്തിനൊപ്പം സഞ്ചരിക്കാനുമായി ഉദ്യോഗാർത്ഥികൾക്കിടയിൽ റീസ്‌കില്ലിംഗും അപ്സ്‌കില്ലിംഗും അനിവാര്യമാണ്.
വിദേശത്തെ തൊഴിൽ മേഖലയിൽ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനത്തിനൊപ്പം സഞ്ചരിക്കാനാകാത്തതിനാൽ തൊഴിലിടങ്ങളിൽ പിടിച്ചു നിൽക്കാൻ കേരളീയർക്ക് സാധിക്കാതെ വരുന്ന സാഹചര്യമുണ്ട്.ഇത്തരം വിഷയങ്ങളെ കാര്യക്ഷമമായി പരിഹരിക്കാൻ സർക്കാരിന് സാധിക്കണം. പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ആരംഭിക്കുന്ന ലോക കേരള കേന്ദ്രങ്ങൾ കേവല കേന്ദ്രങ്ങളാവുന്നതിന് പകരം നൈപുണ്യ വികസനത്തിന്റെ ഇടമായി മാറേണ്ടതുണ്ട്. ഈ പദ്ധതിക്ക് വകയിരുത്തിയ അഞ്ച് കോടി രൂപ അപര്യാപ്തമാണെന്ന് ഐ സി എഫ് ചൂണ്ടിക്കാട്ടി.
കേരളം അനുഭവിക്കുന്ന മറ്റൊരു പ്രധാന വിഷയമായ വിദ്യാർഥികളുടെ കുടിയേറ്റത്തെയും കാര്യക്ഷമമാക്കാൻ സർക്കാരിന് സാധിക്കേണ്ടതുണ്ട്. ഈ മേഖലയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ മാത്രം മതിയാവില്ലെന്ന് അധികൃതർ ഓർക്കേണ്ടതുണ്ടെന്നും ഐ സി എഫ് പറഞ്ഞു.
കേരളം സമ്പദ്‌വ്യവസ്ഥയുടെ 21 ശതമാനമാണ് കേരളത്തിലേക്ക് പ്രവാസികൾ സംഭാവന ചെയ്യുന്നത് എന്ന് വ്യക്തമാക്കിയ ധനമന്ത്രി ആ വിഭാഗത്തിന്നായി ചില ബജറ്റ് നീക്കിയിരിപ്പ് നടത്തിയിട്ടുണ്ടെങ്കിലും അത് മതിയാവുന്നതല്ല. അതോടൊപ്പം ഈ വിഹിതങ്ങൾ സാധാരണ പ്രവാസികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കപ്പെടുന്നതിന് നീക്കമുണ്ടാവണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.