Connect with us

Kerala

കെ പി എ സി ലളിതക്ക് സർക്കാർ സഹായം: പി ടി തോമസിനെതിരെ വി പി സജീന്ദ്രൻ

ഈ വിഷയത്തിൽ തൃക്കാക്കര എം എൽ എയും കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമായ പി ടി തോമസിന്റെ നിലപാടിന് വിരുദ്ധമാണ് വൈസ് പ്രസിഡന്റിന്റെത്. 

Published

|

Last Updated

കൊച്ചി | കെ പി എ സി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നൽകാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യം ആണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ. അത് രാഷ്ട്രീയ ചായ്‌വ് നോക്കി കൊടുക്കുന്നതാണ്. ഈ സർക്കാർ സഹായം കൊടുക്കുന്നതിൽ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഈ വിഷയത്തിൽ തൃക്കാക്കര എം എൽ എയും കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമായ പി ടി തോമസിന്റെ നിലപാടിന് വിരുദ്ധമാണ് വൈസ് പ്രസിഡന്റിന്റെത്.

കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്ന് പി ടി തോമസ് ഇന്ന് രാവിലെ ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടതെന്നും പി ടി തോമസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് കടകവിരുദ്ധമാണ് സജീന്ദ്രന്റെ നിലപാട്. എറണാകുളത്ത് നിന്നുള്ള നേതാക്കളാണ് ഇരുവരും. കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ അദ്ദേഹം ഇപ്രാവശ്യം പരാജയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:

പണം ഉള്ളവരെ കൂടുതൽ പണക്കാരാക്കുകയും അത് സംരക്ഷിക്കുകയും അവർക്ക് വേദന വരുമ്പോൾ തലോടുവാൻ കാണിക്കുന്ന ഉത്സാഹവും ശരിയല്ല. മറ്റുള്ളവരും മനുഷ്യരാണ്.
സിനിമാമേഖലയിൽ അവശത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരെ എനിക്കറിയാം. അതുകൊണ്ട് ഒന്നോ രണ്ടോ ആളുകളുടെ പേര് മാത്രമായി ഞാൻ ഇവിടെ പ്രത്യേകം പറയുന്നില്ല.. കാരണം അത് മറ്റു കലാകാരന്മാരോടുള്ള നീതികേട് ആകും.
എങ്കിലും ഒന്ന് ഞാൻ പറയാം.. കെ പി എ സി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നൽകാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യം ആണ്. അത് രാഷ്ട്രീയ ചായ്‌വ് നോക്കി കൊടുക്കുന്നതാണ്. ഈ സർക്കാർ സഹായം കൊടുക്കുന്നതിൽ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തും.
പണം ഉള്ളവരെ കൂടുതൽ പണക്കാർ ആകുന്നതിനും അവരെ കൂടുതൽ സുരക്ഷിതരായി സംരക്ഷിക്കുന്നതിനും ഇവിടെ കൃത്യമായ ഒരു വ്യവസ്ഥിതി രൂപപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അല്ല എന്നുണ്ടെങ്കിൽ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കെപിഎസി ലളിതയെ സഹായിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത് എന്നു വ്യക്തമാക്കണം ?
സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരൻറെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകൾക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അർഹിക്കുന്നു.
ദരിദ്രർക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നൽകുവാൻ പാടില്ല.
ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളത്. അത് തിരിച്ചറിയുവാൻ ജനായത്ത ഭരണകൂടങ്ങൾക്ക് സാധിക്കണം. വിശന്ന് കരിഞ്ഞ വയറുമായി ഇരിക്കുന്നവരുടെ മുൻപിലൂടെ സർക്കാരിന്റെ കാറ്ററിംഗ് വണ്ടി ഹോണടിച്ചു ചീറിപ്പായുന്ന അനുഭവമാണോ ? എന്ത് കഷ്ടമാണിത് ? സർക്കാർ ഖജനാവിലെ പണം പൊതുജനങ്ങളുടെ പണം ആണ്. അത് വിതരണം ചെയ്യുന്നതിൽ നീതി വേണം.
നീതി എല്ലാവർക്കും ലഭിക്കണം ഒരു കൂട്ടർക്ക് മാത്രമേ നീതി ലഭിക്കുന്നുള്ളൂ എങ്കിൽ, മഹാകവി ചങ്ങമ്പുഴയുടെ രണ്ട് ഈരടികൾ ഞാൻ കടം എടുക്കുകയാണ്.
പണമുള്ളോർ നിർമ്മിച്ച് നീതിക്ക് ഇതിലൊന്നും ചെയ്യുവാൻ ഇല്ലേ ഞാൻ പിൻവലിപ്പൂ..
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾതൻ പിന്മുറക്കാർ ?
എല്ലാവർക്കും രാഷ്ട്രീയം ഉണ്ട് രാഷ്ട്രീയ വിയോജിപ്പുകളും ഉണ്ട് എങ്കിലും.. നമ്മളെല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഈ അനുഗ്രഹീത കലാകാരിക്ക് ഇത്തരത്തിൽ പക്ഷാഭേദപരമായി സംഭാവന നൽകി സമൂഹമധ്യത്തിൽ ഈ കലാകാരിയെ CPM അവഹേളിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

---- facebook comment plugin here -----

Latest