Kerala
ആശമാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം; ആവശ്യങ്ങള്‍ സര്‍ക്കാര്‍ കേട്ടില്ല, നാളെ മുതല്‍ നിരാഹാര സമരം
സമരത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടെന്ന് സമര സമിതി നേതാവ് എസ് മിനി പ്രതികരിച്ചു.

തിരുവനന്തപുരം| നിരാഹാര സമരത്തിലേക്ക് ഉള്‍പ്പെടെ കടന്ന് സമരം കടുപ്പിക്കാന്‍ തീരുമാനിച്ച ആശാവര്‍ക്കര്‍മാരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12.30ന് സംസ്ഥാന എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച നടന്നത്. എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. നാളെ രാവിലെ നിരാഹാര സമരം ആരംഭിക്കുമെന്ന് ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരക്കാര്‍ വ്യക്തമാക്കി.
സമരത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടെന്ന് സമര സമിതി നേതാവ് എസ് മിനി പറഞ്ഞു. ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഓണറേറിയം മാനദണ്ഡം മാത്രമാണ് ചര്‍ച്ചയില്‍ സംസാരിച്ചത്. പ്രതീക്ഷയോടെയാണ് ചര്‍ച്ചയ്ക്ക് വന്നത്. എന്നാല്‍ നിരാശയോടെയാണ് മടങ്ങുന്നതെന്നും മിനി പ്രതികരിച്ചു. സമരം ശക്തമായി മുന്നോട്ട് പോകുമെന്നും മിനി കൂട്ടിച്ചേര്‍ത്തു.
ആശവര്‍ക്കര്‍മാരുടെ സമരം 38ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് ഇന്ന് വീണ്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. രണ്ടാം വട്ടമാണ് എന്‍എച്ച്എം ഓഫീസില്‍ ചര്‍ച്ച നടക്കുന്നത്. നേരത്തെയും ചര്‍ച്ച നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. മിനിമം കൂലി, പെന്‍ഷന്‍, ഉപാധികളില്ലാതെ ഫികസ്ഡ് ഇന്‍സെന്റീവ്, ഫിക്സ്ഡ് ഓണറേറിയം എന്നീ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്.