Kerala
'മീറ്ററിട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിവലിക്കും
ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള വ്യാപക പരാതികള്‍ ലഭിച്ചിരുന്നു

തിരുവനന്തപുരം | ‘മീറ്ററിട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിവലിക്കും. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാക്കളും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും നടത്തിയ ചര്‍ച്ചയിലാണ് സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ലെന്ന് തീരുമാനിച്ചത്.
ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള വ്യാപക പരാതികള്‍ മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഗതാഗത വകുപ്പ് സ്റ്റിക്കര്‍ പതിക്കാനുള്ള തീരുമാനമെടുത്തത്.
ഇങ്ങനെയൊരു സ്റ്റിക്കര്‍ പതിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ മന്ത്രിയെ അറിയിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനായിരുന്നു വാഹന വകുപ്പ് തീരുമാനം. തീരുമാനം പിന്‍വലിച്ചതോടെ ഓട്ടോ തൊഴിലാളികള്‍ ഈ മാസം 18 ന് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതലാണ്, മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യ യാത്ര എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്ന ഉത്തരവ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കി തുടങ്ങിയത്. എന്നാല്‍, ഭൂരിപക്ഷ ഓട്ടോകളും സ്റ്റിക്കര്‍ പതിച്ചില്ല. മീറ്റര്‍ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നതെന്നും ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നുമാണ് ഓട്ടോ തൊഴിലാളി യൂണിയന്‍ നിലപാട്.