Editorial
കടിഞ്ഞാണില്ലാതെ സര്‍ക്കാര്‍ ധൂര്‍ത്ത്
ശമ്പളത്തിനും പെന്‍ഷനും കടമെടുപ്പിനെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയ നിലവിലെ സാഹചര്യത്തില്‍, പുനര്‍വിന്യാസത്തിലൂടെ ജീവനക്കാരുടെ എണ്ണം നിയന്ത്രിച്ചും സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടഞ്ഞും ഭരണപരമായ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കുകയാണ് ഒരു ജനകീയ സര്‍ക്കാര്‍ ചെയ്യേണ്ടത്.

സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭരണ തലത്തിലെ അനാവശ്യ ചെവലുകള്‍ നിയന്ത്രിക്കണമെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ധനകാര്യ വകുപ്പ്. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുക, ആവശ്യത്തില്‍ കവിഞ്ഞ ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനര്‍വിന്യസിച്ച് കരാര്‍ (പിന്‍വാതില്‍) നിയമനം ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ധനവകുപ്പ് മുന്നോട്ട് വെച്ചത്. ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയ സ്ഥാപനങ്ങളില്‍ ടൈപിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് നിയമനം നിര്‍ത്തലാക്കാനും നിര്‍ദേശമുണ്ട്.
ഓഫീസുകള്‍ കമ്പ്യൂട്ടര്‍വത്കരിച്ചതോടെ മിക്ക വകുപ്പുകളിലും നേരത്തേയുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം കുറക്കാവുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ശമ്പള പരിഷ്‌കരണ കമ്മീഷനും വിവിധ പഠന സമിതികളും ചൂണ്ടിക്കാട്ടിയതാണ് ഇക്കാര്യം. എന്നിട്ടും പുതുതായി കരാര്‍ ജോലിക്കാരെ നിയമിക്കുന്ന പ്രവണത തുടരുകയാണ്. ചില വകുപ്പുകളിലുള്ള ആവശ്യത്തില്‍ കവിഞ്ഞ ജീവനക്കാരെ പുനര്‍വിന്യസിച്ചാല്‍ കരാര്‍ നിയമനം ഒഴിവാക്കാനാകും. നേരത്തേ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഇത്തരമൊരു നീക്കം നടന്നതാണ്. അന്ന് 33,000ത്തോളം കരാര്‍ ജീവനക്കാര്‍ അനാവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. ജീവനക്കാരുടെ എതിര്‍പ്പ് മൂലം പക്ഷേ അവരെ പിരിച്ചുവിടാനായില്ല. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് സര്‍ക്കാര്‍ സര്‍വീസിലെ അപ്രസക്ത വിഭാഗങ്ങള്‍ ഒഴിവാക്കാനും അധികമുള്ള രണ്ടായിരത്തോളം ജീവനക്കാരെ തദ്ദേശ സ്ഥാപനങ്ങളിലേക്കും മറ്റുമായി മാറ്റാനും തീരുമാനിച്ചിരുന്നെങ്കിലും അതും നടന്നില്ല. ജീവനക്കാരുടെ എതിര്‍പ്പ് അതിജീവിച്ച് ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ആര്‍ജവം ഒരു സര്‍ക്കാറിനുമില്ല.
സംസ്ഥാനത്ത് കാലങ്ങളായി നിലനില്‍ക്കുന്ന രാഷ്ട്രീയ അജന്‍ഡയാണ് പിന്‍വാതില്‍ നിയമനം. ബന്ധുക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വേണ്ടപ്പെട്ടവരെയും സര്‍വീസില്‍ തിരുകിക്കയറ്റുകയാണ് ലക്ഷ്യം. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരെ സ്ഥിരപ്പെടുത്തുകയും ചെയ്യും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ലക്ഷക്കണക്കിന് യുവാക്കളും പി എസ് സിയില്‍ പ്രതീക്ഷിച്ച അര്‍പ്പിച്ച് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളും അവസരം കാത്തിരിക്കുമ്പോഴാണ് സര്‍ക്കാറിന്റെ ഈ വഴിവിട്ട കളി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 1.8 ലക്ഷം പേര്‍ പിന്‍വാതില്‍ നിയമനം നേടിയിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതൊരു പക്ഷേ പര്‍വതീകരിച്ച കണക്കായിരിക്കാമെങ്കിലും ഈ സര്‍ക്കാറിന്റെ കാലത്തും നടന്നിട്ടുണ്ട് ധാരാളം പിന്‍വാതില്‍ നിയമനങ്ങള്‍. ഇതില്‍ ചിലത് വിവാദമാകുകയോ കോടതി കയറുകയോ ചെയ്തതാണ്.
ഭരണച്ചെലവ് കര്‍ശനമായി നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്ന ധനകാര്യ വകുപ്പും അധികച്ചെലവിനെ ചൊല്ലി വിമര്‍ശത്തിന് വിധേയമായിട്ടുണ്ട്. 2014 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ശമ്പള പരിഷ്‌കരണ കമ്മീഷന്‍, ധനകാര്യ കമ്മീഷനുകള്‍ തുടങ്ങിയവയുടെ ആവശ്യത്തിലേക്കായി ധനകാര്യ വകുപ്പ് താത്കാലികാടിസ്ഥാനത്തില്‍ 107 പേരെ നിയമിച്ചിരുന്നു. ആവശ്യങ്ങള്‍ പൂര്‍ത്തിയായതോടെ ഈ തസ്തികകള്‍ നിര്‍ത്തലാക്കാനും ജീവനക്കാരെ ഒഴിവാക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ഇതുവരെയും അവരെ ഒഴിവാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ഭരണപരിഷ്‌കാര വിദഗ്ധ സമിതി റിപോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 60.31 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം മാസാന്തം സര്‍ക്കാറിന് വരുന്നത്.
ബ്യൂറോക്രസിയിലെ വാഹനങ്ങളുടെ വഴിവിട്ട ഉപയോഗം മൂലം കോടിക്കണക്കിനു രൂപയാണ് സര്‍ക്കാറിന് നഷ്ടമാകുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, വകുപ്പുതലവന്മാര്‍, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ ഒഴികെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വാഹനം വീട്ടില്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. മേല്‍പ്പറയപ്പെട്ടവര്‍ക്കു തന്നെ, അവരെ വീട്ടില്‍ നിന്ന് ഓഫീസിലെത്തിക്കുക, തിരിച്ച് വീട്ടിലെത്തിക്കുക തുടങ്ങി ഓഫീസ് ആവശ്യങ്ങള്‍ക്കല്ലാതെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്. എങ്കിലും മക്കളെ സ്‌കൂളിലാക്കാനും തിരിച്ചുകൊണ്ടുവരാനും ഭാര്യയെ ക്ലബിലെത്തിക്കാനും ഷോപ്പിംഗിനുമെല്ലാം ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഒഫീഷ്യല്‍ ആവശ്യത്തിനല്ലാതെ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍, വാഹനത്തിന്റെ നിയന്ത്രണാധികാരിയില്‍ നിന്ന് ആ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ധനം ഉപയോഗിച്ച മാസത്തെ ഇന്ധനവിലയുടെ അമ്പത് ശതമാനം പിഴയായി ഈടാക്കുന്നത് ഉള്‍പ്പെടെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ധനവകുപ്പിന്റെ ഉത്തരവുണ്ട്. ഇത്തരമൊരു അച്ചടക്ക നടപടി ആര്‍ക്കെതിരെയും സ്വീകരിച്ചതായി വിവരമില്ല.
അഴിമതി പോലെത്തന്നെ അപകടമാണ് ഭരണ മേഖലയിലെ അമിതച്ചെലവും ധൂര്‍ത്തും. ശമ്പളത്തിനും പെന്‍ഷനും കടമെടുപ്പിനെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയ നിലവിലെ സാഹചര്യത്തില്‍, പുനര്‍വിന്യാസത്തിലൂടെ ജീവനക്കാരുടെ എണ്ണം നിയന്ത്രിച്ചും സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടഞ്ഞും ഭരണപരമായ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കുകയാണ് ഒരു ജനകീയ സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ മന്ത്രിമാര്‍ക്ക് ആവശ്യത്തില്‍ കവിഞ്ഞ പേഴ്സനല്‍ സ്റ്റാഫിനെ നിയമിച്ചും രാജ്യത്തിനകത്ത് തന്നെ മികച്ച ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടായിരിക്കെ മന്ത്രിമാര്‍ ചികിത്സക്ക് കുടുംബസമേതം വിദേശത്തേക്ക് പറന്നും ജനപ്രതിനിധികള്‍ ഉയര്‍ന്ന തോതില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയും സംസ്ഥാനത്തെ കൂടുതല്‍ മുടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇ ഗവേര്‍ണന്‍സിന്റെ ഫലമായി പല തസ്തികകളും അധികപ്പറ്റായി മാറിയിട്ടുണ്ടെങ്കിലും ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിലും കടുത്ത അനാസ്ഥയാണുള്ളത്. വിലക്കയറ്റവും തൊഴില്‍രാഹിത്യവും മൂലം നിത്യജീവിതം തള്ളിനീക്കാന്‍ പ്രയാസപ്പെടുന്ന സാധാരണക്കാരാണ് ഇതിന്റെയെല്ലാം ഭാരം പേറേണ്ടി വരുന്നത്.