Connect with us

From the print

മുടന്തൻ ന്യായങ്ങളുമായി ഭരണകൂടം; ബേപ്പൂരിൽ കരയ്ക്കടുക്കാതെ ദ്വീപ് കപ്പൽ

ആന്ത്രോത്ത്, കൽപേനി അടക്കമുള്ള ദ്വീപ് നിവാസികൾക്ക് ആറ് മണിക്കൂർ കൊണ്ട് എത്തിപ്പെടാവുന്ന പ്രദേശം കൂടിയാണ് ബേപ്പൂർ

Published

|

Last Updated

കോഴിക്കോട് | നിർത്തലാക്കിയ ലക്ഷദ്വീപ് – ബേപ്പൂർ യാത്രാ കപ്പലുകൾ പുനരാരംഭിക്കുന്നതിന് തടസ്സമായി പുതിയ വാദങ്ങളുന്നയിച്ച് ദ്വീപ് ഭരണകൂടം. ബേപ്പൂരിൽ വേണ്ടത്ര ആഴമില്ലെന്നും പിന്നീട് ആവശ്യമായ കപ്പലുകളില്ലെന്നും പറഞ്ഞ് ബേപ്പൂരിനെ തഴഞ്ഞ അധികൃതർ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് യാത്രാ കപ്പലിന് പുതിയ ഉടക്കിടുന്നത്.
എന്നാൽ, ബേപ്പൂരിൽ മെറ്റൽ ഡിറ്റക്ടറും സ്‌കാനറും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്ന് കാണിച്ച് ബേപ്പൂർ പോർട്ട് ഓഫീസർ മറുപടി നൽകിയെങ്കിലും ദ്വീപുകാരുടെ യാത്രാ കപ്പൽ ഇപ്പോഴും കരയ്ക്ക് അടുത്തിട്ടില്ല. ദ്വീപുകാരിൽ ഏറെയും ചികിത്സക്കും വിദ്യാഭ്യാസത്തിനും വ്യാപാര ആവശ്യങ്ങൾക്കും മറ്റും പൂർവിക കാലം മുതൽ തന്നെ മലബാറിനെയാണ് ആശ്രയിക്കാറ്.

ആന്ത്രോത്ത്, കൽപേനി അടക്കമുള്ള ദ്വീപ് നിവാസികൾക്ക് ആറ് മണിക്കൂർ കൊണ്ട് എത്തിപ്പെടാവുന്ന പ്രദേശം കൂടിയാണ് ബേപ്പൂർ. ഈ സാഹചര്യത്തിൽ ബേപ്പൂരിലേക്കുള്ള യാത്രാ സൗകര്യം വെട്ടിക്കുറച്ചതിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. നിലവിൽ കൊച്ചിയിൽ നിന്ന് 1,050 സീറ്റുകളുള്ള കപ്പലുകളാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യത്തിന്റെ നാലിലൊന്ന് മാത്രമേ ഇതുകൊണ്ട് പരിഹരിക്കപ്പെടുകയുള്ളൂ. ഈ സാഹചര്യത്തിൽ കോഴിക്കോട് നിന്നുള്ള യാത്രക്കാർ കൊച്ചിയിലെത്തി കാത്തു കിടക്കേണ്ട സാഹചര്യമാണുള്ളത്. അതേസമയം, 2021 മുതൽ നിർത്തലാക്കിയ ബേപ്പൂർ യാത്രാ സൗകര്യം പുനരാരംഭിക്കാതിരിക്കാൻ അധികൃതർ മുടന്തൻ ന്യായങ്ങളാണ് നിരത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എം വി അമിൻദ്വിവി, എം വി മിനിക്കോയ് എന്നീ കപ്പലുകൾക്ക് പുറമേ വലിയപാനി, ചെറിയപാനി, പറളി എന്നീ ഹൈസ്പീഡ് വെസ്സലുകളും മുമ്പ് ബേപ്പൂരിൽ നിന്ന് ദ്വീപിലേക്ക് തുടർച്ചയായി സർവീസ് നടത്തിയിരുന്നു. രണ്ട് കപ്പലുകൾ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് നിർത്തലാക്കി. മൂന്ന് ഹൈസ്പീഡ് വെസ്സലുകൾ അറ്റകുറ്റപ്പണിക്കായി മാറ്റുകയും ചെയ്തു. ഇതോടെ 2021 മുതൽ യാത്രാ സൗകര്യമില്ലാതെ ദ്വീപ് നിവാസികൾ വലഞ്ഞു. പിന്നീട് ബേപ്പൂർ തുറമുഖത്തിന് വേണ്ടത്ര ആഴമില്ലെന്നായിരുന്നു ദ്വീപ് ഭരണകൂടത്തിന്റെ വാദം. എന്നാൽ, 3.4 മീറ്റർ ആഴമുണ്ടെന്ന് കാണിച്ച് അധികൃതർ മറുപടി നൽകി. തുടർന്ന് വേണ്ടത്ര കപ്പലില്ലെന്ന വാദവും ഉയർത്തി. എന്നാൽ, വലിയപാനി, ചെറിയപാനി, പറളി എന്നീ ഹൈസ്പീഡ് വെസ്സലുകൾ അറ്റകുറ്റപ്പണി കഴിഞ്ഞ് കഴിഞ്ഞയാഴ്ച മുതൽ സർവീസിന് തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലക്ഷദ്വീപ് ഭരണകൂടം സുരക്ഷാ സംവിധാനമെന്ന പുതിയ വാദവുമായി രംഗത്തെത്തിയത്.

Latest