Connect with us

National

ശ്യാമ പ്രസാദ് മുഖര്‍ജിയുടെ മരണം നെഹ്‌റുവിന്റെ ഗൂഢാലോചനയാണോ എന്ന് സര്‍ക്കാറുകള്‍ വിശദീകരിക്കണം; കല്‍ക്കത്ത ഹൈക്കോടതിയില്‍ ഹരജി

ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് വ്യക്തമക്കണമെന്നും ആവശ്യമുണ്ട്

Published

|

Last Updated

കല്‍ക്കത്ത | ജനസംഘം സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കല്‍ക്കത്ത ഹൈക്കോടതിയില്‍ ഹരജി. വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്നാണ് ആവശ്യം. 1953 ല്‍ കശ്മീര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കെയാണ് ശ്യാമ പ്രസാദ് മുഖര്‍ജി മരണപ്പെടുന്നത്. ഇതില്‍ ദുരൂഹതകളുണ്ടെന്ന് ഹരജിയില്‍ പറയുന്നു.

കല്‍ക്കത്തയിലെ രണ്ട് അഭിഭാഷകരാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ വെളിപ്പെടുത്തണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. മുഖര്‍ജിയുടെ മരണം അന്നത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഗൂഢാലോചനയുടെ ഫലമാണോ എന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ വിശദീകരിക്കണമെന്ന് ഹരജിയില്‍ പറയുന്നു.

കസ്റ്റഡിയിലിരിക്കെ എങ്ങനെയാണ് മുഖര്‍ജി മരിച്ചതെന്ന് ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഇന്നും ഒരു വിവരവുമില്ല. അതിനാല്‍ മുഖര്‍ജിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് ഹരജിക്കാര്‍ വാദിക്കുന്നു.

1947 ലെ ഇടക്കാല നെഹ്‌റു സര്‍ക്കാറില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു ശ്യാമ പ്രസാദ് മുഖര്‍ജി. എന്നാല്‍ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് നെഹ്‌റുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന രാജിവെക്കുകയും പിന്നീട് ബി ജെ പിയുടെ പഴയ രൂപമായ ഭാരതീയ ജനസംഘം രൂപീകരിക്കുകയുമായിരുന്നു.

കശ്മീരില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിനെത്തുടര്‍ന്ന് കത്വ പോലീസ് അറസ്റ്റ് ചെയത ശ്യാമ പ്രസാദ് മുഖര്‍ജിയെ കസ്റ്റഡിയില്‍ ദൂരൂഹമായ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി എന്നാണ് ഹരജിയിലെ വാദം. അറസ്റ്റ് ചെയ്തയുടനെ എന്തുകൊണ്ട് അന്നത്തെ ശൈഖ് അബ്ദുല്ല സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയില്ല എന്നും ഹരജിയില്‍ ചോദിക്കുന്നു. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ മരണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും ജമ്മു കശ്മീര്‍ ഭരണകൂടത്തോടും പശ്ചിമ ബംഗാള്‍ സര്‍ക്കാറിനോടും ആവശ്യപ്പെടണമെന്ന് ഹരജിക്കാര്‍ പറയുന്നു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് വ്യക്തമക്കണമെന്നും ആവശ്യമുണ്ട്.

Latest