National
സിദ്ധരാമയ്യക്കെതിരായ ഗവര്‍ണറുടെ നടപടി ബിജെപിയുടെ രാഷ്ട്രീയ നീക്കം: ഡി കെ ശിവകുമാർ
തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധം മാത്രമല്ല, നിയമവിരുദ്ധവുമാണെന്ന് സിദ്ധരാമയ്യയും പ്രതികരിച്ചിരുന്നു.

ബെംഗളൂരു | സിദ്ധരാമയ്യക്കെതിരെയുള്ള ഗവര്‍ണറുടെ നടപടി ബിജെപിയുടെ രാഷ്ട്രീയ നീക്കമാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. പാര്‍ട്ടി സിദ്ധരാമയ്യക്കൊപ്പം നില്‍ക്കുമെന്നും ഭരണഘടനാ വിരുദ്ധമായ ഇത്തരം നടപടിയിലൂടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഇടപാടില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ സിദ്ധരാമയ്യ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാര്‍ട്ടി അദ്ദേഹത്തന് ഒപ്പം നില്‍ക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധം മാത്രമല്ല, നിയമവിരുദ്ധവുമാണെന്ന് സിദ്ധരാമയ്യയും പ്രതികരിച്ചിരുന്നു.
മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സ്ഥലം സിദ്ധരാമയ്യയുടെ ഭാര്യക്ക് അനുവദിച്ചതില്‍ ക്രമക്കേട് ആരോപിച്ച് പ്രദീപ് കുമാര്‍, ടിജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവരുടെ ഹരജിയെ തുടര്‍ന്നാണ് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്.