kerala governor
ഗവര്‍ണറുടെ സി ആര്‍ പി എഫ് സുരക്ഷ; ഉത്തരവ് കേന്ദ്രം സംസ്ഥാനത്തിനു കൈമാറി
സുരക്ഷാ ക്രമീകരണം തീരുമാനിക്കാന്‍ നാളെ രാജ്ഭവനില്‍ യോഗം ചേരും
തിരുവനന്തപുരം | ഗവര്‍ണറുടെ സി ആര്‍ പി എഫ് സുരക്ഷ സംബന്ധിച്ച ഉത്തരവ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറി. ഇസഡ് പ്ലസ് സുരക്ഷയ്ക്ക് സി ആര്‍ പി എഫിനെ കൂടി ഉപയോഗിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദ്ദേശം.
സുരക്ഷാ ക്രമീകരണം തീരുമാനിക്കാന്‍ നാളെ രാജ്ഭവനില്‍ യോഗം ചേരും. ഗവര്‍ണര്‍ക്കെതിരായി എസ് എഫ് ഐ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ സുരക്ഷാ ചുമതല സി ആര്‍ പി എഫിന് കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്.
കൊല്ലം നിലമേലിലെ എസ് എഫ് ഐ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഗവര്‍ണര്‍ ആശയവിനിമയം നടത്തി. ഇതിന് പിന്നാലെയാണു സി ആര്‍ പി എഫ് സംഘം രാജഭവനില്‍ എത്തിയത്. മാസ്‌കട്ട് ഹോട്ടലിലെ പരിപാടിക്കും തുടര്‍ന്ന് വിമാനത്താവളത്തിലേക്കും സി ആര്‍ പി എഫ് സംഘം ഗവര്‍ണറെ അനുഗമിച്ചിരുന്നു.
കേന്ദ്ര നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. സി ആര്‍ പി എഫ് കേരളം നേരിട്ട് ഭരിക്കുമോയെന്നും സി ആര്‍ പി എഫിന് കേസെടുക്കാന്‍ അധികാരമുണ്ടോയെന്നുമാണ് മുഖ്യമന്ത്രി ചോദിച്ചത്.കേരളത്തില്‍ നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്കും രാജ്ഭവനും പുതുതായി ഏര്‍പ്പെടുത്തിയത്. എസ് പി ജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ലസ്. ഈ സുരക്ഷാ സംവിധാനത്തില്‍ സി ആര്‍ പി എഫ് കമാന്‍ഡോകള്‍ക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉള്‍പ്പെടും.