Connect with us

Kerala Legislative Assembly

കേന്ദ്രത്തെ വിമർശിച്ചും സംസ്ഥാനത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

ഒ ബി സി സ്‌കൂള്‍ സ്‌ളോർഷിപ്പ് കേന്ദ്രം നിർത്തിയതും ഗവർണർ വിമര്‍ശിച്ചു. പാഠ്യപദ്ധതി പരിഷ്കരണം, സിൽവർ ലൈൻ അടക്കമുള്ളവ നടപ്പാക്കും.

Published

|

Last Updated

തിരുവനന്തപുരം | പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്ഥാനത്തിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിമർശങ്ങളുമുണ്ടായിരുന്നു. കേന്ദ്രത്തിനുള്ള വിമർശങ്ങളടക്കം ഒന്നും വിടാതെ ഗവർണർ വായിച്ചു. ഒന്നേകാൽ മണിക്കൂറോളം പ്രസംഗം നീണ്ടു. രാവിലെ ഒമ്പതിന് ആരംഭിച്ച പ്രസംഗം 10.14നാണ് അവസാനിച്ചത്. പ്രസംഗത്തിന് മുമ്പും ശേഷവും പ്രതിപക്ഷം പ്രതിഷേധിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം, സാമ്പത്തികം തുടങ്ങിയ മേഖലകളിലെ പദ്ധതികളും നേട്ടങ്ങളും പ്രസംഗത്തിൽ വിശദീകരിച്ചു. ക്ഷേമപ്രവർത്തനങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകിയിരുന്നു. പാഠ്യപദ്ധതി പരിഷ്കരണം, സിൽവർ ലൈൻ അടക്കമുള്ളവ നടപ്പാക്കുമെന്ന് ഗവർണർ പറഞ്ഞു. പോലീസിന് അഭിനന്ദനവുമുണ്ടായിരുന്നു. കേരള സംസ്‌കാരം അടിസ്ഥാനമാക്കി പാഠ്യപദ്ധതി പരിഷ്‌കരിക്കും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികച്ച കേന്ദ്രമാക്കും. അതിദാരിദ്ര്യം നിര്‍ത്താന്‍ ശ്രദ്ധേയ നീക്കങ്ങള്‍ നടത്തുന്നു. കാര്യക്ഷമവും വേഗതയുമുള്ള യാത്രക്ക് സില്‍വര്‍ലൈന്‍ വേണം. ഡി പി ആര്‍ അന്തിമ അനുമതിക്ക് വേണ്ടി സമര്‍പ്പിച്ചു. സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി.

രാജ്യത്ത് ഭരണഘടനാ മൂല്യങ്ങളും സ്വതന്ത്ര മാധ്യമപ്രവർത്തനവും വെല്ലുവിളി നേരിടുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സംരക്ഷിക്കപ്പെടും. മതേതരത്വവും മതസൗഹാര്‍ദവും സംരക്ഷിക്കും. നിയമസഭയുടെ നിയമനിര്‍മാണ അധികാരം സംരക്ഷിക്കണമെന്ന പരാമർശം ബില്ലുകളിൽ ഒപ്പുവെക്കാത്ത ഗവർണറുടെ സമീപനത്തെ വിമർശിക്കുന്നതായി. ഒ ബി സി സ്‌കൂള്‍ സ്‌ളോർഷിപ്പ് കേന്ദ്രം നിർത്തിയതും ഗവർണർ വിമര്‍ശിച്ചു. ന്യൂനപക്ഷക്ഷേമത്തിന് നിരവധി പദ്ധതികള്‍ കേന്ദ്രം നടപ്പാക്കി. നാനാത്വം അംഗീകരിച്ചാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി കേന്ദ്രം നിയന്ത്രിച്ചത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമായെന്നും ഗവർണർ പറഞ്ഞു.

രാവിലെ 8.50ഓടെ നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണറെ സ്പീക്കർ എ എൻ ശംസീറും മുഖ്യമന്ത്രി പിണറായി വിജയനും പാർലിമെൻ്റ്കാര്യ മന്ത്രി കെ രാധാകൃഷ്ണനും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഗവർണർക്ക് നാഷനൽ സല്യൂട്ട് നൽകി. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രി രാധാകൃഷ്ണനും ചേർന്ന് ഗവർണറെ ചേംബറിലേക്ക് ആനയിച്ചു.

ഏറെനാൾ നീണ്ടുനിന്ന സർക്കാർ- ഗവർണർ പോരിന് താത്കാലിക ശമനമാണ് നയപ്രഖ്യാപന പ്രസംഗത്തിലൂടെയുണ്ടായത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ, ശൈത്യകാല സമ്മേളനം തുടരാൻ സർക്കാർ നീക്കം നടത്തിയിരുന്നു. പിന്നീടാണ് മഞ്ഞുരുക്കമുണ്ടായത്. അതേസമയം, സർവകലാശാല, ലോകായുക്ത ബില്ലുകൾ ഒപ്പിടാതെയുള്ള ഗവർണറുടെ നിലപാട് തുടരുന്നുണ്ട്. ഗവർണറുമായുള്ള സർക്കാറിൻ്റെ ഒത്തുകളിയാണ് ഇതെന്ന് പ്രതിപക്ഷം ആരംഭിച്ചു. ഗവർണറും സർക്കാറും ഭായ് ഭായ് ആണെന്നും പ്രതിപക്ഷം പറഞ്ഞു.

2023- 24 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കപ്പെടുന്ന ഈ സമ്മേളനം ഈ സഭാ കലണ്ടറിലെ ഏറ്റവും ദൈർഘ്യമേറിയതും ഈ വർഷത്തെ ആദ്യത്തേതുമാണ്. ബജറ്റുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായാണ് ഇത്തവണ സഭ ചേരുന്നതെങ്കിലും നിയമനിർമാണം വേണ്ടിവന്നാൽ കാര്യോപദേശക സമിതി ചേർന്ന് അജൻഡയിൽ ഉൾപ്പെടുത്തും. ഇന്ന് മുതൽ മാർച്ച് 30 വരെയുള്ള കാലയളവിൽ ആകെ 33 ദിവസം സഭ ചേരും. ഈ മാസം 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻമേൽ ചർച്ച നടക്കും. ഫെബ്രുവരി മൂന്നാം തീയതി ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. പൂർണമായും ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ് ഈ സമ്മേളനത്തിൽ നടക്കുകയെങ്കിലും സഭയെ പ്രക്ഷുബ്ധമാക്കുന്നതിനുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷത്തിന്റെ ആയുധപ്പുരയിൽ ഒരുങ്ങുന്നുണ്ട്.

ഗവർണറുമായുള്ള പോരിന് താത്കാലിക ശമനം ഉണ്ടായ ആശ്വാസത്തിലാണ് ഭരണപക്ഷം സഭയിൽ എത്തുന്നതെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് ചെറുതല്ലാത്ത അധ്വാനം വേണ്ടിവരും. ബഫർസോൺ, പോലീസിന്റെ ഗുണ്ടാമാഫിയ ബന്ധങ്ങൾ, ലഹരി മാഫിയയും സി പി എം നേതാക്കളും തമ്മിൽ ആരോപിക്കപ്പെടുന്ന ബന്ധം, സ്വകാര്യ വാഴ്‌സിറ്റികളോടുള്ള എൽ ഡി എഫിന്റെ സമീപനം, സാമ്പത്തിക പ്രതിസന്ധി, കെ വി തോമസിന്റെ നിയമനം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ആയുധമാക്കും. അതേസമയം, കെ പി സി സി ആസ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ, ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളും എം പിമാരുടെ നിയമസഭാ മോഹവുമടക്കം ഭരണപക്ഷവും മുതലാക്കും.