Connect with us

Kerala

വീണ്ടും കത്തയക്കാന്‍ ഒരുങ്ങി ഗവര്‍ണര്‍; നീക്കം വിലകുറഞ്ഞതെന്ന് സി പി എം

ഗവര്‍ണറുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി പരസ്യമായി രംഗത്തുവരാനും സാധ്യതയുണ്ട്

Published

|

Last Updated

തിരുവനന്തപുരം | ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണ് ഗവര്‍ണര്‍ എന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നേരത്തെ പലവട്ടം സംസ്ഥാന സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിച്ച ഗവര്‍ണര്‍ ഇതേ രീതി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടും ഗവര്‍ണറുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണ്. വസ്തുതകള്‍ പുറത്തുവന്നാലും തനിക്കു ബാധകമല്ല എന്ന വിലകുറഞ്ഞ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ദേശവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്കു വീണ്ടും കത്ത് അയക്കാന്‍ ഒരുങ്ങുകയാണ് രാജ്ഭവന്‍. മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമര്‍ശം ദി ഹിന്ദു നല്‍കിയത് തെറ്റെങ്കില്‍ എന്ത് നടപടി എടുത്തു എന്ന് വിശദീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടും. ഗവര്‍ണറുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി പരസ്യമായി രംഗത്തുവരാനും സാധ്യതയുണ്ട്. വിശ്വാസ്യത നഷ്ടമായെന്ന ഗവര്‍ണ്ണരുടെ പരാമര്‍ശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നാണ് സി പി എം വിലയിരുത്തല്‍.

ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെ തന്റെ അധികാരം കാണിച്ചുതരാമെന്നാണ് ഗവര്‍ണ്ണറുടെ മറുപടി. ഭരണഘടന അനുഛേദം 167 അനുസരിച്ച് ഭരണനിര്‍വഹണത്തെയും നിയമനിര്‍മാണത്തെയും സംബന്ധിക്കുന്ന വിവരങ്ങള്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയോട് തേടാം. അതായത് ഗവര്‍ണറെ വിവരങ്ങള്‍ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിയാണ്. എന്നാല്‍ ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താനോ മുഖ്യമന്ത്രിയെ മറികടന്ന് വിവരങ്ങള്‍ തേടാനോ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍.