governor
കണ്ണൂര്‍ വി സി ക്രിമിനലാണെന്ന് ഗവര്‍ണര്‍
അക്കാദമിക് അന്തസ്സോ പദവിയുടെ മാന്യതയോ വി സി കാത്തുസൂക്ഷിക്കുന്നില്ല.
ന്യൂഡല്‍ഹി | കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാൻസലര്‍ ഗോപിനാഥ് രവീന്ദ്രനെതിരെ ഇന്നും രൂക്ഷമായ വിമര്‍ശനവുമായി ഗവര്‍ണര്‍ ഡോ.മുഹമ്മദ് ആരിഫ് ഖാന്‍. കണ്ണൂര്‍ വി സി ക്രിമിനലാണെന്ന് വരെ ഗവര്‍ണര്‍ ആക്ഷേപിച്ചു. രാഷ്ട്രീയ പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് കണ്ണൂര്‍ വി സി ആ സ്ഥാനത്ത് ഇരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണ് വി സിയുടെ നിലപാട്. തന്നെ അപായപ്പെടുത്താന്‍ വി സി ഗൂഢാലോചന നടത്തി. രാജ്ഭവന്‍ ആവശ്യപ്പെട്ടിട്ട് പോലും നടപടി സ്വീകരിക്കാന്‍ വി സി തയ്യാറായില്ലെന്നും ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തെ സൂചിപ്പിച്ച് ആരിഫ് ഖാന്‍ പറഞ്ഞു. കണ്ണൂർ യൂനിവേഴ്സിറ്റി സംഘടിപ്പിച്ച ചരിത്ര സെമിനാർ സമയത്തായിരുന്നു പ്രതിഷേധം.
അക്കാദമിക് അച്ചടക്കമോ പദവിയുടെ മാന്യതയോ വി സി കാത്തുസൂക്ഷിക്കുന്നില്ല. പാര്‍ട്ടി കേഡര്‍ എന്ന നിലക്ക് മാത്രമാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും കണ്ണൂര്‍ വി സി കാരണമാണ് തനിക്ക് ഇങ്ങനെയൊക്കെ സംസാരിക്കേണ്ടി വരുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂര്‍ വി സിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ സംസാരിച്ചത്.