Kerala
ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാന്‍ ശ്രമിക്കുന്നു: മന്ത്രി ആര്‍ ബിന്ദു
ഇപ്പോള്‍ പറയുന്ന കാര്യത്തിന് ഗവര്‍ണര്‍ തന്നെയും പുറത്താക്കിയേക്കും
തിരുവനന്തപുരം | സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി സിമാര്‍ തിങ്കളാഴ്ച രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരെ മന്ത്രി ആര്‍ ബിന്ദു. ഗവര്‍ണറുടേത് ഏകപക്ഷീയമായ നിലപാടാണെന്ന് വിമര്‍ശിച്ച മന്ത്രി സര്‍വകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്ന നടപടിയാണിത്. ഇപ്പോള്‍ പറയുന്ന കാര്യത്തിന് ഗവര്‍ണര്‍ തന്നെയും പുറത്താക്കിയേക്കും. പക്ഷെ ഇക്കാര്യങ്ങള്‍ പറയാതിരിക്കാന്‍ കഴിയില്ല. ഒരു കൂടിയാലോചനയും നടത്താതെയാണ് അസാധാരണമായ ഈ തീരുമാനം ഗവര്‍ണര്‍ എടുത്തത്. ഉന്നതവിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും മന്ത്രി വിമര്‍ശിച്ചു.
ഒന്‍പത് സര്‍വകലാശാല വി.സിമാരോടും രാജിവയ്ക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടത്. 21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂര്‍, കാലടി, സാങ്കേതിക സര്‍വകലാശാല, കാലിക്കറ്റ്, മലയാളം സര്‍വകലാശാലാ വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദേശം.