Connect with us

Kerala

ഗവർണർ ആർ എസ് എസ് നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്നു: മുഖ്യമന്ത്രി

കരിങ്കൊടി പ്രതിഷേധക്കാരെ താൻ തിരികെ കൈവീശുകയാണ് ചെയ്യാറെന്ന് മുഖ്യമന്ത്രി

Published

|

Last Updated

പത്തനംതിട്ട | ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നിർദേശം അനുസരിച്ചാണ് ഗവർണർ പെരുമാറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ നവകേരള സദസ്സിന്റെ പ്രഭാത യോഗത്തിന് ശേഷം പതിവ് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണറുടെ നടപടി പ്രതിഷേധങ്ങൾ വിളിച്ചുവരുത്തുന്നതാണ്. അദ്ദേഹം എന്തൊക്കെയോ പറയുകയും പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പ്രതിഷേധക്കുന്നവർക്ക് എതിരെ രൂക്ഷമായ വാക്കുകളാണ് ഗവർണർ ഉപയോഗിക്കുന്നത്. മുമ്പ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ച ഒരാൾക്ക് എങ്ങനെയാണ് ബ്ലഡി ക്രിമിനൽസ് എന്ന് വിളിക്കാനാകുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആൾക്ക് പറയാൻ പറ്റുന്ന വാക്കുകളല്ല അതെന്നും അദ്ദേഹം വ്യക്തമാക്കി.

കരിങ്കൊടി പ്രതിഷേധക്കാരെ താൻ തിരികെ കൈവീശുകയാണ് ചെയ്യാറെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷേ, അദ്ദേഹത്തിന്റെ ഗൺമാൻ പ്രതിഷേധക്കാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. സമയം കഴിഞ്ഞുവെന്നും പിന്നെ കാണാമെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

---- facebook comment plugin here -----

Latest