Kerala
ഗവര്‍ണര്‍മാരുടെ നിലപാട് ജനാധിപത്യ വിരുദ്ധം: കേരളത്തിലും തമിഴ്‌നാട്ടിലും സമാനസാഹചര്യമെന്ന് കുഞ്ഞാലിക്കുട്ടി
ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ഗവര്‍ണര്‍മാരുടെ സമീപനം.
മലപ്പുറം| പ്രതിപക്ഷ കക്ഷികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ഗവര്‍ണമാര്‍ ജനാധിപത്യവിരുദ്ധ നിലപാടാണ് എടുക്കുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി. കേരളത്തിലും തമിഴ്‌നാട്ടിലും സമാനസാഹചര്യമാണ് നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ഗവര്‍ണര്‍മാരുടെ സമീപനം. ഗവര്‍ണര്‍മാരുടെ ഈ നിലപാടിന് എതിരായാണ് ദേശീയ തലത്തില്‍ തന്നെ ലീഗിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കാര്യവും വ്യത്യസ്തമല്ല. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ സമരത്തിന് ലീഗും ഉണ്ടാകുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് മുറുകുകയാണ്. ചെന്നൈ നഗരത്തില്‍ ‘ഗെറ്റ് ഔട്ട് രവി’ എന്നെഴുതിയ പോസ്റ്ററുകള്‍ ഡിഎംകെ പ്രവര്‍ത്തകര്‍ പതിച്ചു. ഗെറ്റ് ഔട്ട് രവി ഹാഷ്ടാഗ് ട്വിറ്ററടക്കം സമൂഹ മാധ്യമങ്ങളിലും ഡിഎംകെ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ദ്രാവിഡ മോഡല്‍ ഭരണമാണ് ഡിഎംകെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നതടക്കം നയപ്രഖ്യാപന പ്രസംഗത്തിലെ രാഷ്ട്രീയ നയം വിശദമാക്കുന്ന ഭാഗം ഗവര്‍ണര്‍ സഭയില്‍ വായിച്ചില്ല. നയപ്രഖ്യാപന പ്രസംഗം പൂര്‍ണരൂപത്തില്‍ തന്നെ രേഖകളില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചു. പ്രമേയം പാസാക്കുമെന്ന് മനസിലായ ഗവര്‍ണര്‍ ആര്‍എന്‍ രവി സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഗവര്‍ണര്‍ വിഭജനത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ തുടങ്ങി ഭരണ സഖ്യത്തിലെ കക്ഷികള്‍ സഭ ബഹിഷ്‌കരിച്ചിരുന്നു. ഡിഎംകെ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിയ ശേഷവും സഭയില്‍ തുടര്‍ന്നു.