Business
ടെലികോം മേഖലയ്ക്ക് പുതിയ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
മുന്‍കൂര്‍ അനുമതിയില്ലാതെ ടെലികോം മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ന്യൂഡല്‍ഹി| കടുത്ത പ്രതിസന്ധിയിലേക്ക് പോയി കൊണ്ടിരുന്ന രാജ്യത്തെ ടെലികോം മേഖലയ്ക്ക് പുതിയ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ടെലികോം പാക്കേജിന് അംഗീകാരം നല്‍കിയത്. മുന്‍കൂര്‍ അനുമതിയില്ലാതെ ടെലികോം മേഖലയില്‍ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതു വരെ 49 ശതമാനത്തിന് മുകളിലുള്ള വിദേശനിക്ഷേപത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമായിരുന്നു.
വാഹനനിര്‍മ്മാണ മേഖലയ്ക്ക് 26,538 കോടി രുപയുടെ പാക്കേജിനും ഡ്രോണ്‍ വ്യവസായത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും അശ്വിനി വൈഷ്ണവോയും ചേര്‍ന്നാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ അറിയിച്ചത്.
പാക്കേജിന്റെ ഭാഗമായി ടെലികോം കമ്പനികള്‍ക്ക് കുടിശ്ശിക തീര്‍ക്കാന്‍ കൂടുതല്‍ സമയം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ടെലികോം കമ്പനികളുടെ എജിആറില്‍ ടെലികോം ഇതര വരുമാനം കണക്കിലെടുക്കില്ലെന്ന് പാക്കേജ് പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവോ അറിയിച്ചു.
മൊബൈല്‍ ടവറുകള്‍ക്ക് അനുമതി നല്‍കുന്നതിനും കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. ടെലികോം ടവറുകള്‍ക്ക് പല തലത്തില്‍ അനുമതി വാങ്ങണമെന്ന ചട്ടം ഒഴിവാക്കിയിട്ടുണ്ട്. പകരം സ്വയം സാക്ഷ്യപത്രം നല്‍കി കമ്പനികള്‍ക്ക് ടവറുകള്‍ സ്ഥാപിക്കാം. എജിആര്‍ ഉള്‍പ്പടെ ടെലികോം കമ്പനികളുടെ എല്ലാ കുടിശ്ശികയ്ക്കും നാലു വര്‍ഷത്തെ മൊറൊട്ടോറിയവും പ്രഖ്യാപിച്ചു.