Connect with us

National

എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാറിന് ഏറ്റെടുക്കാനാകില്ല: സുപ്രധാന വിധിയിൽ സുപ്രീം കോടതി

എല്ലാ സ്വകാര്യ സ്വത്തും സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങളല്ലെന്നും സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി | സാമൂഹിക നന്മക്കായി സർക്കാരിന് എല്ലാ സ്വകാര്യസ്വത്തും ഏറ്റെടുക്കാനാവില്ലെന്നും എല്ലാ സ്വകാര്യ സ്വത്തും സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങളല്ലെന്നും സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ നിർണായക ഉത്തരവ്. ഇന്ത്യൻ ഭരണഘടനയിലെ 31C വകുപ്പ് സർക്കാരിന് നൽകുന്ന അധികാരത്തെ വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രധാന വിധി. ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിൽ വിധി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം നൽകിയ ബെഞ്ചിലെ എട്ട് ജഡ്ജിമാർ ഈ വിധിയോട് യോജിച്ചു. എന്നാൽ ജസ്റ്റിസ് സുധാൺശു ധൂലിയ ഭിന്നാഭിപ്രായം രേഖപ്പെടുത്തി.

ഭരണഘടനയുടെ ആർട്ടിക്കിൾ 39 (ബി) പ്രകാരം സ്വകാര്യ സ്വത്തുക്കൾ ‘സമൂഹത്തി​ന്‍റെ ഭൗതിക വിഭവങ്ങൾ’ ആയി കണക്കാക്കാമോ എന്ന വിഷയത്തിൽ മൂന്ന് അഭിപ്രായങ്ങൾ ആണ് ​ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ നിന്നുണ്ടായത്. ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ബി.വി നാഗരത്‌ന, ജെ.ബി പർദിവാല, സുധാൻഷു ധൂലിയ, മനോജ് മിശ്ര, രാജേഷ് ബിന്ദാൽ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്‍റേതായിരുന്നു ഭൂരിപക്ഷ വിധി. 39B പ്രകാരമുള്ള ‘സമൂഹത്തിന്റെ ഭൗതിക വിഭവങ്ങൾ’ എന്നതിൽ എല്ലാ സ്വകാര്യസ്വത്തും ഉൾപ്പെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഓരോ കേസും പ്രത്യേകമായി പരിഗണിച്ച്, സ്വത്തിന്റെ സ്വഭാവം, സാമൂഹിക പ്രാധാന്യം, അപൂർവത തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി വിശദമാക്കി.

ജസ്റ്റിസ് ബി.വി. നാഗരത്നയും ഈ വിഷയത്തിൽ പ്രത്യേക അഭിപ്രായം രേഖപ്പെടുത്തി. 1977-ലെ വിധിയെ വിമർശിച്ച ചീഫ് ജസ്റ്റിസിന്റെ നിലപാട് ശരിയല്ലെന്ന് അവർ അഭിപ്രായപ്പെട്ടു. സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുടെ മാറ്റം കണക്കിലെടുക്കാതെ മുൻ കാലത്തെ വിധികളെ വിമർശിക്കുന്നത് ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

1977-ൽ സുപ്രീം കോടതിയിലെ ഏഴംഗ ബെഞ്ച് എല്ലാ സ്വകാര്യസ്വത്തും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളാണെന്ന് വിധിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഭരണഘടന ബഞ്ചിന്റെ ഇപ്പോഴത്തെ വിധിയോടെ പഴയ വിധി അസാധുവായി.

1992ൽ മുംബൈ ആസ്ഥാനമായുള്ള പ്രോപ്പർട്ടി ഓണേഴ്‌സ് അസോസിയേഷൻ സമർപിച്ച പ്രധാന ഹരജിക്കൊപ്പം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട 16 ഹരജികൾ സുപ്രീംകോടതി പരിഗണിച്ചു.