Connect with us

Kerala

സ്വപ്ന സുരേഷിന് ശമ്പളമായി നല്‍കിയ തുക തിരിച്ചുനല്‍കണമെന്ന് സര്‍ക്കാര്‍; തരാനാകില്ലെന്ന് പി ഡബ്ല്യു സി

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ശമ്പളമായി നല്‍കിയ തുക തിരിച്ച് നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിനു കീഴിലെ കെ എസ് ഐ ടി ഐ എല്‍ കമ്പനിയുടെ ആവശ്യം പി ഡബ്ല്യു സി തള്ളി. സ്വപ്നക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് തുക നല്‍കാനാകില്ലെന്ന മറുപടിയാണ് കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് (പി ഡബ്ല്യു സി) നല്‍കിയത്. ഇതേ തുടര്‍ന്ന് വിഷയത്തില്‍ കെ എസ് കെ ടി ഐ എല്‍ നിയമോപദേശം തേടി.

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് സ്വപ്ന സുരേഷ് സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയതെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ശമ്പളം തിരികെ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാറിന് സംഭവിച്ച നഷ്ടം തിരികെ പിടിക്കണമെന്ന ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലായിരുന്നു സര്‍ക്കാര്‍ നടപടി. കണ്‍സല്‍ട്ടന്‍സി കമ്പനിയായ പി ഡബ്ല്യു സിയാണ് സ്വപ്നയെ നിയമിച്ചതെന്നും അതിനാല്‍ ശമ്പളമായി നല്‍കിയ തുക തിരികെ നല്‍കണമെന്നുമാണ് കത്തില്‍ ഉന്നയിച്ചിരുന്ന ആവശ്യം.

അതേസമയം, പണം തിരികെ നല്‍കിയില്ലെങ്കില്‍ കണ്‍സല്‍ട്ടന്‍സി തുക നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ പി ഡബ്ല്യു സിയെ അറിയിച്ചിട്ടുണ്ട്. സ്വപ്നക്ക് ശമ്പളമായി നല്‍കിയ തുക തിരികെ പിടിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഒന്നര വര്‍ഷം മുമ്പ് ധനകാര്യപരിശോധനാ വിഭാഗം സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നു. തുക തിരികെ നല്‍കിയില്ലെങ്കില്‍, അന്ന് കെ എസ് ഐ ടി ഐ എല്‍ ചെയര്‍മാനായിരുന്ന എം ശിവശങ്കര്‍, എം ഡിയായിരുന്ന ജയശങ്കര്‍ പ്രസാദ്, സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പ് എന്നിവരില്‍ നിന്ന് തുല്യമായി പണം ഈടാക്കണമെന്നും ശിപാര്‍ശയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ശിപാര്‍ശയില്‍ സര്‍ക്കാര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

 

 

 

Latest