Connect with us

Organisation

കളങ്കിതനെ കലകടറാക്കിയ നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണം: ജിദ്ദാ ഐ സി എഫ്

കേരളമുസ്‌ലിം ജമാഅത്ത് ശനിയാഴ്‌ച സെക്രട്ടറിയേറ്റിലേക്കും ജില്ലാ ഭരണ കേന്ദ്രങ്ങളിലേക്കും നടത്തിയ പ്രധിഷേധ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജിദ്ദ സെന്റർ ഐസിഎഫ് പ്രധിഷേധക്കൂട്ടം സംഘടിപ്പിച്ചു

Published

|

Last Updated

ജിദ്ദ | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെഎം ബഷീറിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ശ്രീറാം വെങ്കിട്ടരാമനെ മജിസ്‌ട്രേറ്റിന്റെ പദവിയുള്ള ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത് സർക്കാർ വേട്ടക്കാരനെ പാലൂട്ടുന്ന നടപടിയാണെന്നും ഈ നിയമനം റദ്ദ് ചെയ്ത് നീതിയുടെ പക്ഷത്ത് ചേർന്ന് നിൽക്കുവാനുള്ള ഇച്ഛാശക്തി സർക്കാരിനുണ്ടാവണമെന്നും ജിദ്ദ സെന്റർ ഐസിഎഫ് സംഘടിപ്പിച്ച പ്രധിഷേധക്കൂട്ടം ആവശ്യപ്പെട്ടു.

കേരളമുസ്‌ലിം ജമാഅത്ത് ശനിയാഴ്‌ച സെക്രട്ടറിയേറ്റിലേക്കും ജില്ലാ ഭരണ കേന്ദ്രങ്ങളിലേക്കും നടത്തുന്ന പ്രധിഷേധ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു ജിദ്ദയിലെ വിവിധ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചു ഐസിഎഫ് പ്രധിഷേധക്കൂട്ടം സംഘടിപ്പിച്ചത്.

ഗവണ്മെന്റിന്റെ ഇച്ഛാശക്തിയുടെ ശൂന്യതയാണ് ഈ നിയമനം ബോധ്യപ്പെടുത്തുന്നതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാര്ഹമാണെന്നും കേസിന്റെ നാൾവഴികളിൽ ഉദ്യോഗസ്ഥ ലോബികൾ പ്രതിക്ക് തെളിവുകളെ നശിപ്പിക്കുവാൻ ഒത്താശ ചെയ്തുകൊടുക്കുന്നത് കേരളം നിസ്സഹായരായി നോക്കിനിന്നത് നാം കണ്ടതാണെന്നും, ഒരിക്കൽ പോലും നിയമത്തിനു മുന്നിൽ വരാതെ ഒളിച്ചുകളിനടത്തിയ കൊലപാതക കേസിലെ ഒന്നാം പ്രതിയെത്തന്നെ ഒരു ജില്ലയുടെ കലക്ടറായി നിയമിച്ചത് സാംസ്‌കാരിക കേരളത്തെ പരിഹസിക്കലാണെന്നും പ്രതിഷേധ കൂട്ടം ഉദ്‌ഘാടനം ചെയ്ത സൗദി ഗസ്റ്റ് പ്രധിനിധി ഹസൻ ചെറുപ്പ വ്യക്തമാക്കി. ജിദ്ദയിലെ എല്ലാ മാധ്യമ പ്രവർത്തകരുടെയും പിന്തുണ ഈ പ്രധിഷേധ സമരങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം ജില്ലാ എസ്‌വൈഎസ് പ്രസിഡന്റ് ഇസ്മാഈൽ സഖാഫി വിഷയാവതരണം നടത്തി. കളങ്കിതനെ കളക്ടറാക്കിയ നടപടി പരിഷ്‌കൃത സമൂഹത്തിന് അനീതിയുടെ സന്ദേശമാണ് നൽകുന്നതെന്നും വേട്ടക്കാരനെ സുഖിപ്പിച്ച് ഇരയെ സുഹൃത്താണെന്ന് വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പുച്ഛത്തോടെ മാത്രമേ കാണാനാവൂയെന്നും ജനപക്ഷ സർക്കാരെന്ന് വിശേഷിക്കപ്പെടുന്ന സർക്കാർ ഇദ്യോഗസ്ഥ മാഫിയക്കുമുന്നിൽ കീഴ്പ്പെടുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയിൽ ഗഫൂർ കൊണ്ടോട്ടി (മീഡിയ ഒൺ), മജീദ് പുകയൂർ (കെ.എം.സി.സി), റഫീഖ് പത്തനാപുരം (നവോദയ), ബഷീർ അലി പി കെ (ഓ.ഐ.സി.സി) പി പി എ റഹീം (ന്യു ഏജ്) നാസർ വെളിയങ്കോട് (സാമൂഹ്യ പ്രവർത്തകൻ) ബാദുഷ സഖാഫി (ആലപ്പുഴ ജില്ലാ ജംഇയ്യത്തുൽ ഉലമ) എന്നിവർ സംസാരിച്ചു.

അബ്‌ദുറഹ്‌മാൻ മളാഹിരി, മുഹമ്മദലി വേങ്ങര, അബ്ദുൽ റഹീം വണ്ടൂർ, ഷാഫി മുസ്‌ലിയാർ, അബ്ദുന്നാസർ അൻവരി, മുഹമ്മദ് സഖാഫി ഉഗ്രപുരം, ഹസൻ സഖാഫി, മുയ്തീൻകുട്ടി സഖാഫി, മുഹ്‌സിൻ സഖാഫി, മുഹമ്മദ് അൻവരി കൊമ്പം, കലാം അഹ്‌സനി, ഹനീഫ പെരിന്തൽമണ്ണ, ഗഫൂർ പുളിക്കൽ, അഹ്മദ് കബീർ തുടങ്ങിയവർ പങ്കെടുത്തു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും യാസിർ അറഫാത്ത് നന്ദിയും പറഞ്ഞു.

Latest