Connect with us

Kerala

അന്‍വറിന്റെ പരാതികള്‍ പരിശോധിക്കേണ്ടത് സര്‍ക്കാര്‍: സി പി എം

പാര്‍ട്ടി നിലവില്‍ പരാതി പരിശോധിക്കില്ല. അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിനു ശേഷം പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ നടത്തും. സര്‍ക്കാര്‍ നിയോഗിച്ച സംഘം മികച്ചത്.

Published

|

Last Updated

തിരുവനന്തപുരം | പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച പരാതികള്‍ പരിശോധിക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി നിലവില്‍ പരാതി പരിശോധിക്കില്ല. അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ടിനു ശേഷം പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ പരിശോധിക്കും.

അന്‍വറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സംഘം മികച്ചതാണ്. ഡി ജി പിയെക്കാള്‍ ഉന്നത ഉദ്യോഗസ്ഥന്‍ പോലീസില്‍ ഇല്ലെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവും ഗോവിന്ദന്‍ നടത്തി. അന്‍വറിന്റെ ആരോപണം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമം. മുഖ്യമന്ത്രി രാജിവെക്കണം എന്ന ആവശ്യം മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. ഉയര്‍ന്ന ആരോപണങ്ങളുടെ മെറിറ്റ് പരിശോധിക്കാന്‍ തയ്യാറാകുന്നില്ല. പിന്തിരിപ്പനായ രാഷ്ട്രീയക്കാരന്‍ എന്ന് അന്‍വറിനെ ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ മാത്രമാണ് അന്‍വറിന്റെ പ്രാധാന്യം മാധ്യമങ്ങള്‍ക്ക് തിരിച്ചറിയാനായതെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അന്‍വര്‍ എഴുതി നല്‍കിയ പരാതിയില്‍ പി ശശിയില്ല. ശശിയെ കുറിച്ച് ഒരു പരാതിയും പാര്‍ട്ടിയുടെ മുമ്പിലില്ല. അതിനാല്‍ ശശിക്കെതിരെ പ്രചരിക്കുന്ന വിഷയങ്ങളില്‍ പാര്‍ട്ടി പരിശോധനയുണ്ടാകില്ല.

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഉയരുന്ന പ്രചാരണങ്ങള്‍ വ്യാജമാണ്. ബി ജെ പിയുമായി സി പി എം ധാരണയുണ്ടാക്കി എന്നത് കള്ളക്കഥയാണ്. അജണ്ട വെച്ച് നടത്തുന്ന വ്യാജ പ്രചാരണം മാത്രമാണിത്.

Latest