Kerala
തിരുവനന്തപുരം കോർപറേഷനിലെ താത്കാലിക നിയമനം ഏറ്റെടുത്ത് സർക്കാർ; ഒഴിവ് എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി നികത്തും
കോര്‍പറേഷനില്‍ കരാര്‍ നിയമനത്തിന് പട്ടികയാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്തുവന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ
തിരുവനന്തപുരം | നഗരസഭയിലെ താൽക്കാലിക നിയമനം വിവാദത്തിലായതോടെ നിയമനം ഏറ്റെടുത്ത് സർക്കാർ. കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിൽ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. താത്കാലിക ഒഴിവുകൾ നികത്താനുള്ള നഗരസഭയുടെ അധികാരം ഒഴിവാക്കിയതായും ഒഴിവുകൾ വേഗത്തിൽ നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോര്‍പറേഷനില്‍ കരാര്‍ നിയമനത്തിന് പട്ടികയാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്തുവന്ന സാഹചര്യത്തിലാണ് നിമയനം സർക്കാർ ഏറ്റെടുത്തത്. സംഭവം വിവാദമായതോടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഇടപെടലാണ് പുതിയ തീരുമാനത്തിന് വഴിയൊരുക്കിയത് എന്നാണ് വിവരം.
തിരുവനന്തപുരം കോർപ്പറേഷനിൽ ഒഴിവുള്ള 295 താത്കാലിക തസ്തികകളിൽ പാർട്ടി പ്രവർത്തകരെ നിയമിക്കാൻ ശ്രമം നടത്തിയെന്നാണ് മേയർക്ക് എതിരായ ആരോപണം. സംഭവത്തിൽ മേയർക്ക് എതിരെ യൂത്ത് ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.
മേയറുടെ കത്തിന് പിന്നാലെ നിയമനത്തിനായി തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് അയച്ച മറ്റൊരു കത്ത് കൂടി പുറത്തുവന്നിരുന്നു. എസ്.എ.ടി. ആശുപത്രിയിലെ ഒന്‍പത് നിയമനങ്ങള്‍ക്കായി യോഗ്യരായവരുടെ പട്ടിക കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള കത്താണ് പുറത്തായത്.
അതേസയം, താൻ അങ്ങനെ ഒരു കത്ത് അയച്ചിട്ടില്ലെന്നാണ് മേയറുടെ നിലപാട്. കത്തയച്ച ദിവസം താൻ ഓഫീസിൽ ഇല്ലായിരുന്നുവെന്നും മേയർ പറയുന്നു. കത്ത് തനിക്ക് ലഭിച്ചില്ലെന്ന് ആനാവൂർ നാഗപ്പനും വ്യക്തമാക്കിയിട്ടുണ്ട്.