From the print
ലഹരിവിരുദ്ധ പ്രവർത്തനത്തിന് ഗ്രേസ് മാർക്ക്
ലഹരിവിരുദ്ധ ക്ലബുകളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രേസ് മാർക്ക് അനുവദിക്കുക

തിരുവനന്തപുരം | വിദ്യാലയങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനത്തിന് എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക്. വിദ്യാർഥികളിൽ ലഹരിവിരുദ്ധ പ്രവർത്തനവും ബോധവത്കരണവും ഊർജിതമാക്കാൻ മദ്യനയത്തിലാണ് നിർദേശം. ലഹരിവിരുദ്ധ ക്ലബുകളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രേസ് മാർക്ക് അനുവദിക്കുക.
സോഷ്യൽ ഓഡിറ്റിംഗ്
സ്‌കൂൾ/കോളജ് തലത്തിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലഹരിക്കെതിരായ പ്രചാരണം ശക്തിപ്പെടുത്തും. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാർഥികളുടെ പാഠ്യേതര സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കും. എല്ലാ വർഷവും ജൂൺ 26 മുതൽ ആഗസ്റ്റ് 15 വരെ ലഹരിവിരുദ്ധ തീവ്രയജ്ഞ കാലമായി പ്രഖ്യാപിച്ച് ബോധവത്കരണം സംഘടിപ്പിക്കും. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന തദ്ദേശ വാർഡുകളിലെ ജനജാഗ്രതാ സമിതികൾ അതത് പ്രദേശത്തെ സ്‌കൂളുകൾ സന്ദർശിച്ച് ലഹരി ഉപയോഗവും ലഹരിവിരുദ്ധ പ്രവർത്തനവും സംബന്ധിച്ച് സോഷ്യൽ ഓഡിറ്റിംഗ് നടത്തും.
വിമുക്തി മിഷന്റെ പ്രവർത്തനം പ്രൈമറി/ അപ്പർ പ്രൈമറി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും. യുവജനങ്ങളെ ലഹരിയിൽ നിന്ന് അകറ്റിനിർത്താൻ ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയത്തിലൂന്നി വിമുക്തി മിഷൻ, തദ്ദേശ വകുപ്പ്, കായിക വകുപ്പ് എന്നിവയുമായി സഹകരിച്ച് “സ്‌പോർട്സ് കാർണിവൽ’ സംഘടിപ്പിക്കും. വിമുക്തി പദ്ധതിയുടെ ഭാഗമായി തീര, ആദിവാസി മേഖലകളിലെ കുട്ടികളിലും യുവാക്കളിലും കായികശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അത് മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കും. പൊതുജനങ്ങൾക്ക് അനധികൃത ലഹരിവസ്തുക്കളുടെ വിപണനം/സംഭരണം/ഉപയോഗം എന്നിവ സംബന്ധിച്ച് ഓൺലൈനായി പരാതി സമർപ്പിക്കുന്നതിന് “പീപ്പിൾസ് ഐ’ എന്ന പേരിൽ മൊബൈൽ ആപ് വികസിപ്പിക്കും. പ്രൊഫഷനൽ കോളജുകളിലെ ലഹരി ഉപയോഗം തടയുന്നതിന് മെഡിക്കൽ കോളജ് ക്യാമ്പസുകളിൽ ആരംഭിച്ച “നേർക്കൂട്ടം’, ഹോസ്റ്റലുകളിൽ ആരംഭിച്ച “ശ്രദ്ധ’ എന്നീ സമിതികൾ, ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.