From the print
ഹജ്ജ് വളണ്ടിയറാകാൻ ഇനി ബിരുദം നിർബന്ധം
. കമ്പ്യൂട്ടർ പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

കോഴിക്കോട് | സഊദിയിൽ ഹാജിമാർക്ക് സേവനം നൽകാൻ നിയോഗിക്കപ്പെടുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള വളണ്ടിയർമാരെ (സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ) തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി കർശനമാക്കി. വളണ്ടിയറായി തിരഞ്ഞെടുക്കപ്പെടാൻ ഇതാദ്യമായി അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദം നിർബന്ധമാക്കി. കമ്പ്യൂട്ടർ പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. മുൻകാലങ്ങളിൽ ഇന്റർവ്യൂ വഴിയാണ് വളണ്ടിയർമാരെ തിരഞ്ഞെടുത്തിരുന്നത്.
പരീക്ഷക്ക് കേരളത്തിൽ രണ്ട് സെന്ററുകളാണ് പരിഗണിക്കുന്നത്. കൂടുതൽ കമ്പ്യൂട്ടറുകൾ ലഭ്യമാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പരിഗണിക്കുക. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾക്ക് കമ്പ്യൂട്ടറിലാണ് ഉത്തരം നൽകേണ്ടത്. 40 ശതമാനമെങ്കിലും മാർക്ക് നേടുന്നവരെ മാത്രമേ പരിഗണിക്കൂ.
കേന്ദ്ര- സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കാണ് അർഹത. ഹജ്ജും ഉംറയും ചെയ്തവരായിരിക്കണം എന്നതുൾപ്പെടെയുള്ള നിബന്ധനകളുമുണ്ട്. പോലീസ്, ഫയർ സർവീസ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കാറുണ്ട്. സ്മാർട്ട്ഫോണും ഇന്റർനെറ്റും നന്നായി കൈകാര്യം ചെയ്യാനറിയുന്നവരും കമ്പ്യൂട്ടറിൽ പരിജ്ഞാനമുള്ളവരുമായിരിക്കണം. അറബിക് സംസാരിക്കുന്നവർക്ക് മുൻഗണന ലഭിക്കും. കഴിഞ്ഞ നാല് തവണത്തെ ഹജ്ജ് വേളയിൽ മികച്ച സേവനം കാഴ്ചവെച്ച വളണ്ടിയർമാർക്ക് 20 ശതമാനം സീറ്റുകൾ മാറ്റിവെക്കും.
ഹജ്ജ് സേവനത്തിന് നിയോഗിക്കപ്പെടുന്നവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കും. ഓൺലൈൻ അപേക്ഷ ജനുവരി നാലിനകം സമർപ്പിക്കണം. പ്രായം 2025 ജനുവരി നാലിന് 50 വയസ്സ് കവിയരുത്.