Connect with us

Kerala

കരാറുകാരനോട് കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍

കരാറുകാരന്റെ 12.5 ലക്ഷം രൂപയുടെ ബില്‍ തുക മാറി നല്‍കുന്നതിന് 37,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങുന്നതിനിടയിലാണ് വിജി വിജിലന്‍സ് പിടിയിലാവുന്നത്.

Published

|

Last Updated

പത്തനംതിട്ട |  കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. റാന്നി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ വെഞ്ഞാറന്‍മൂട് സ്വദേശി വിജി വിജയനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഗ്രാമപഞ്ചായത്തില്‍ മരാമത്ത് പണികള്‍ ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരന്റെ 12.5 ലക്ഷം രൂപയുടെ ബില്‍ തുക മാറി നല്‍കുന്നതിന് 37,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങുന്നതിനിടയിലാണ് വിജി വിജിലന്‍സ് പിടിയിലാവുന്നത്.

വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ ഒരു കുളം നവീകരണ പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരന്റെ ആദ്യ ഗഡു തുകയായ 9.5 ലക്ഷം രൂപ കരാറുകാരന് നേരത്തെ മാറി നല്‍കിയിരുന്നു. അന്നേരം കൈക്കൂലി ആവശ്യപ്പെട്ടിരുന്നെങ്കിലും പരാതിക്കാരന്‍ നല്‍കിയില്ല. തുടര്‍ന്ന് അന്തിമ ബില്ലായ 12.5 ലക്ഷം രൂപ മാറി നല്‍കണമെങ്കില്‍ ആദ്യ ബില്ലിന്റെ കൈക്കൂലിയും ചേര്‍ത്ത് ആകെ ഒരു ലക്ഷം രൂപ കൈക്കൂലി വേണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയറായ വിജി വിജയന്‍ കരാറുകാരനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പല പ്രാവശ്യം അസിസ്റ്റന്റ് എഞ്ചിനീയറെ നേരിട്ട് കണ്ട് കൈക്കൂലി തുക കുറക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച 50,000 രൂപയാക്കി കുറച്ചു. ആദ്യ ഗഡുവായി അന്നേരം കൈയിലുണ്ടായിരുന്ന13,000 രൂപ കൈയോടെ വാങ്ങുകയും ചെയ്തു. ബാക്കി തുകയായ 37,000 രൂപയുമായി ബുധനാഴ്ച ഓഫീസിലെത്താന്‍ കരാറുകാരനോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് പത്തനംതിട്ട യൂണ്റ്റ് ഡി വൈ എസ് പി ഹരി വിദ്യാധരനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കെണിയൊരുക്കി കാത്തിരുന്ന വിജിലന്‍സ് സംഘം ഉച്ചക്ക് കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലന്‍സ് നടപടി ക്രമങ്ങള്‍ക്ക് വിജിലന്‍സ് തെക്കന്‍ മേഖല പോലീസ് സൂപ്രണ്ട് കെ കെ അജി നേതൃത്വം നല്‍കി മേല്‍നോട്ടം വഹിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ രാജീവ് ജെ, അനില്‍ കുമാര്‍ കെ, വിപിന്‍ കുമാര്‍ യു പി പോലീസ് സബ് ഇന്‍സ്‌പെക്ടറായ ഷാജി, അസ്സി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു, പുഷ്പ കുമാര്‍, ഹരിലാല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മണി ലാല്‍, രാജീവ് സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ചിത്ത്, അനീഷ്, കിരണ്‍, അജീര്‍, രേഷ്മ രാജ് എന്നിവരുമുണ്ടായിരുന്നു.

 

Latest