Kerala
വീട്ടിലെ മാലിന്യം കായലിലേക്ക് തള്ളി; ഗായകന്‍ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴയിട്ടു
ഗായകന്‍ തിരുവനന്തപുരത്താണ് താമസം എന്നും വീട്ടിലെ ജോലിക്കാര്‍ ആണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് സൂചന

മുളവുകാട് | വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം തള്ളുന്ന ദൃശ്യം വിനോദ സഞ്ചാരി പകര്‍ത്തിയതിനെ തുടര്‍ന്ന് ഗായകന്‍ എം ജി ശ്രീകുമാറിന് മുളവുകാട് ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴയിട്ടു. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.
ഗായകന്‍ തിരുവനന്തപുരത്താണ് താമസം എന്നും വീട്ടിലെ ജോലിക്കാര്‍ ആണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാന്‍ സാധിച്ചതെന്നാണ് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വിശദമാക്കുന്നത്.
മാലിന്യം കായലിലേക്ക് തള്ളിയത് ഗായകന്റെ വീട്ടില്‍ നിന്നാണെന്ന് വ്യക്തമായെങ്കിലും ആരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. ഏതാനും ദിവസം മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡീയോ പോസ്റ്റ് ചെയ്തത്. മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള സര്‍ക്കാരിന്റെ വാട്‌സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നല്‍കിയാല്‍ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നല്‍കി.
പിന്നാലെ ഇങ്ങനെ പരാതി ലഭിച്ചതോടെ തദ്ദേശ വകുപ്പിലെ കണ്‍ട്രോള്‍ റൂമിന്റെ നിര്‍ദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ച് വീഡിയോ ആരോപണം സ്ഥിരീകരിച്ചു. തുടര്‍ന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നല്‍കുകയായിരുന്നു. പിന്നാലെ ഗായകന്‍ കഴിഞ്ഞ ദിവസം പിഴ ഒടുക്കുകയായിരുന്നു.