From the print
ഇ വി എമ്മിനെതിരെ പ്രമേയം പാസ്സാക്കി ഗ്രാമസഭ
ഇ വി എമ്മിൽ കൃത്രിമം നടന്നുവെന്ന് സംശയം പ്രകടിപ്പിച്ച് ഗ്രാമവാസികൾ രംഗത്തുവന്നതോടെയാണ് ഗ്രാമസഭ ചേർന്ന് പ്രമേയം പാസ്സാക്കിയത്
മുംബൈ | ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രമേയം പാസ്സാക്കി മഹാരാഷ്ട്രയിലെ കോലെവാഡി ഗ്രാമസഭ. ഭാവിയിൽ നടക്കുന്ന തിരഞ്ഞെടുപ്പുകൾ പേപ്പർ ബാലറ്റ് ഉപയോഗിച്ചായിരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
കരാഡ് (സൗത്ത്) നിയമസഭാ മണ്ഡല പരിധിയിൽ സതാര ജില്ലയിലാണ് ഈ ഗ്രാമം. നേരത്തേ, ഈ മണ്ഡലം പ്രതിനിധാനം ചെയ്തിരുന്നത് മുതിർന്ന കോൺഗ്രസ്സ് നേതാവ് പൃഥ്വിരാജ് ചവാനായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥി അതുൽ ഭോസ്‌ലെയോട് 39,355 വോട്ടുകൾക്ക് അദ്ദേഹം തോൽക്കുകയായിരുന്നു.
ഇ വി എമ്മിൽ കൃത്രിമം നടന്നുവെന്ന് സംശയം പ്രകടിപ്പിച്ച് ഗ്രാമവാസികൾ രംഗത്തുവന്നതോടെയാണ് ഗ്രാമസഭ ചേർന്ന് പ്രമേയം പാസ്സാക്കിയത്. സോലാപൂർ ജില്ലയിലെ മാൽഷിറാസ് മണ്ഡലത്തിൽപ്പെട്ട മർക്കാഡ്‌വാഡി ഗ്രാമവാസികൾ ബാലറ്റ് ഉപയോഗിച്ച് “റീ പോളിംഗ്’ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി ബദൽ തിരഞ്ഞെടുപ്പ് തടയുകയായിരുന്നു.
കോലെവാഡി ഗ്രാമവാസികൾ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്ന തിരഞ്ഞെടുപ്പിൽ മാത്രമേ ഇനി വോട്ട് ചെയ്യുകയുള്ളൂവെന്ന് പറഞ്ഞു. ഇ വി എം ഉപയോഗിച്ചാൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും.
അതേസമയം, ഗ്രാമസഭാ പ്രമേയത്തിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും പ്രമേയം വായിക്കാതെ അഭിപ്രായം പറയാനില്ലെന്നും സതാര ജില്ലാ കലക്ടർ ജിതേന്ദ്ര ദൂദി പറഞ്ഞു.