Connect with us

Kerala

ലഹരി വിരുദ്ധ പ്രമേയവുമായി പതിനായിരങ്ങളുടെ ഗ്രാന്റ് ഇഫ്താര്‍

സമൂഹത്തെ ശിഥിലമാക്കി കൊണ്ടിരിക്കുന്ന ലഹരിക്കെതിര സമൂഹം ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന പ്രമേയമുയര്‍ത്തിയാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്

Published

|

Last Updated

മലപ്പുറം | സ്വലാത്ത് നഗറില്‍ പ്രാര്‍ഥനാ സമ്മേളനത്തില്‍ ലഹരി വിരുദ്ധ പ്രമേയവുമായി പതിനായിരങ്ങള്‍ ഒരുമിച്ച ഗ്രാന്റ് ഇഫ്താറൊരുക്കി. സമൂഹത്തെ ശിഥിലമാക്കി കൊണ്ടിരിക്കുന്ന ലഹരിക്കെതിര സമൂഹം ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന പ്രമേയമുയര്‍ത്തിയാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്.

ഇഫ്താറില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ ലഹരി ബോധ വല്‍ക്കണ പുസ്തകമായ ‘മയക്കരുത്’ പ്രകാശനവും കൊളാഷ് പ്രദര്‍ശനവും നടന്നു. വീടുകളില്‍ വീട്ടമ്മമാര്‍ നിര്‍മിക്കുന്ന പത്തിരിയും പലഹാരങ്ങളുമാണ് പ്രധാനമായും ഇഫ്താറിലൊരുക്കിയത്. ജില്ലയുടെ അകത്തും പുറത്തുമായി വീടുകളില്‍ നിന്ന് സുന്നി സംഘ കുടുംബത്തിന്റെ സഹായത്തോടെ ശേഖരിച്ച വിഭവങ്ങള്‍ വൈകുന്നേരത്തോടെ മഅ്ദിന്‍ കമ്പസിലെത്തി. ഇഫ്താറിനു വേണ്ടി പ്രത്യേകം രൂപീകരിച്ച വളണ്ടിയര്‍ ടീമാണ് നോമ്പു തുറ സജീകരിക്കുക.

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ഒരുമിച്ചിരിക്കുന്ന ഗ്രാന്റ് ഇഫ്താറിലെ ലഹരി വിരുദ്ധ പ്രമേയം ശ്രദ്ധേയമായി. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ ലഹരി വിരുദ്ധ ആശയങ്ങളോട് ഐക്യപ്പെടുന്നത് പ്രതീക്ഷാ വഹമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

മുക്തിയിലേക്ക് സ്വാഗതം ചെയ്ത് പ്രധാന കവാടം
ലഹരി വിരുദ്ധ ആശയങ്ങള്‍ പകര്‍ന്ന് പ്രാര്‍ഥനാ സമ്മേളന നഗരിയിലെ പ്രധാന കവാടം. സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന മഹാ വിപത്തായ ലഹരിയെ ബോധ വല്‍ക്കരിക്കുന്ന കൊളാഷ് പ്രദര്‍ശനവും ബോര്‍ഡുകളും കവാടത്തില്‍ സജീകരിചിട്ടുണ്ട്. നഗരിയിയിലും ഇഫ്താര്‍ ടെന്റുകളിലും ബോര്‍ഡുകളും കൊളാഷുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

ലഹരിയുടെ വ്യാപനവും പ്രത്യാഘാതങ്ങളും കുടുംബങ്ങളില്‍ വരെ ധാരാളമായി കണ്ടുവരുന്ന പുതിയ കാലത്ത് ഇത്രയുമധികം ആളുകള്‍ ഒന്നിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.ലഹരിവിരുദ്ധ പ്രതിജ്ഞക്ക് പുറമേ ട്രാഫി ക് നിയമ, ആത്മഹത്യാവിരുദ്ധ പ്രതിജ്ഞയും ബോധ വത്കരണവും നടന്നു. പത്ത് കിലോമീറ്റര്‍ ചുറ്റളവിലായി ലഹരിവിരുദ്ധ കൊളാഷ് പ്രദര്‍ശനവും ഡോക്യുമെന്ററി പ്രദര്‍ശനവും ലഹരിയെ നിരുത്സാ ഹപ്പെടുത്തിയുള്ള പ്രവാചകാധ്യാപനങ്ങള്‍ കോര്‍ത്തിണക്കിയ ഇസ്ലാമിക് ഹീലിംഗ് പ്രദര്‍ശനവും നഗരിയിയിലുണ്ടായിരുന്നു. ലഹരി നിര്‍മാര്‍ജന ബോധവത്കരണത്തിന്റെ ഭാഗമായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എഴുതിയ ‘മയക്കരുത്’ പുസ്തകം ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷനര്‍ പി കെ ജയരാജ് പ്രകാശനം ചെയ്തു.

ലഹരിക്കടിമ പ്പെട്ടവര്‍ക്ക് സൗജന്യ കൗണ്‍സലിംഗ് ഹെല്‍പ്പ് ലൈന്‍ ശ്രദ്ധേയമായി. ഒരു ലക്ഷം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളിലേ ക്ക് ബോധവത്കരണ ക്ലാസുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് ലഹരി നിര്‍മാര്‍ജന മാര്‍ഗരേഖ കൈമാറുകയും നൂറ് മഹല്ലുകളില്‍ ലഹരി മുക്തനാട് പദ്ധതിയും ആയിരം കിലോ മീറ്റര്‍ ബോധവത്കരണ യാത്രയും നൂറുകവല കളില്‍ ബോധ വത്കരണ ക്ലാസുകളുമടങ്ങുന്ന വിപുലമായ കാമ്പയിനാണ് ആസൂത്രണം ചെയ്തിട്ടുണ്ട്. മഅദിന്‍ അക്കാദമിയുടെ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സ്ഥാപനമായ മിംഹാറിന്റെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

തൗബയിലലിഞ്ഞ് വിശ്വാസികള്‍
മലപ്പുറം വെള്ളിയാഴ്ച രാവും റമസാന്‍ ഇരുപത്തിയേഴാം രാവും ഒരുമിച്ച അസുലഭ ദിവസത്തില്‍ പാപമോചനം തേടി വിശ്വാസികള്‍. പ്രസവിക്കപ്പെട്ട കുഞ്ഞിനെ പോലെ ഞങ്ങളെ ശുദ്ധിയാക്കണേ എന്ന പ്രാര്‍ഥനയിലൂടെ പുതിയൊരു ജീവിതത്തിലേക്കാണ് വിശ്വാസികള്‍ കടന്നുചെല്ലുന്നത്. ഉള്ളുതുറന്ന് കണ്ണുനീരൊഴുക്കി തൗബ ചെയ്യുമ്പോള്‍ ഹൃദയവിശുദ്ധിയും സല്‍സ്വഭാവവും വിശ്വാസി കൈവരിക്കുന്നു.

തൗബയെന്നാല്‍ മടക്കം എന്നാണര്‍ഥം. പശ്ചാത്തപിക്കാത്തവന്റെ ഹൃദയത്തില്‍ അഹങ്കാരവും അവിശ്വാസവും കടന്നുകയറും. ജീവിതത്തില്‍ സംഭവിച്ച പാപങ്ങള്‍ ഏറ്റുപറയുകയും ഇനി ഒരു തെറ്റും ചെയ്യില്ലെന്ന് നാഥന് വാക്ക് കൊടുക്കുകയുമാണ് തൗബയിലൂടെ നിര്‍വഹിക്കുന്നത്. തൗബ ചെയ്യുന്നവര്‍ക്ക് വലിയ പ്രതിഫലം ഇസ്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. നിശ്ചയമായും അല്ലാഹു തൗബ ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു എന്ന ഖുര്‍ആന്‍ വചനം വിശ്വാസികളെ തൗബയിലേക്ക് ക്ഷണിക്കുന്നതും പ്രതീക്ഷ നല്‍കുന്നതുമാണ്. ദോഷങ്ങളില്‍ അകപ്പെട്ട് നിരാശ പ്രകടിപ്പിക്കുകയും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിങ്ങള്‍ പ്രതീക്ഷ കൈവിടരരുതെന്നുമാണ് ഖുര്‍ആന്‍ അധ്യാപനം.

ജനലക്ഷങ്ങള്‍ സാക്ഷിയായ പ്രാര്‍ഥനാനഗരി തൗബയില്‍ അലിഞ്ഞുചേര്‍ന്നു. നെഞ്ചില്‍ കൈവെച്ച് മനമുരുകിയുള്ള വിശ്വാസികളുടെ സംഗമം ആത്മനിര്‍വൃതി പകരുന്നതായിരുന്നു. തൗബാ സംഗമത്തിന്റെ ഭാഗമായി കൂട്ടപ്രതിജ്ഞയും നടന്നു. അന്യന്റെ ജീവിതമൂല്യത്തേയും മാതാപിതാ ഗുരുവന്ദനത്തേയും വ്രണപ്പെടുത്തുന്ന നീക്കങ്ങളോ ലഹരി ഉപയോഗമോ എന്നില്‍ നിന്നും ഉണ്ടാകില്ലെന്ന ആത്മ പ്രഖ്യാപനമായിരുന്നു പ്രതിജ്ഞയില്‍ ജനങ്ങള്‍ ഏറ്റുപറഞ്ഞത്. ലഹരിക്കെതിരെ ഒത്തുചേര്‍ന്ന രാജ്യത്തെ ഏറ്റവും വലിയ സംഗമം കൂടിയാണ് സ്വലാത്ത് നഗറില്‍ ഇന്നലെ സാക്ഷിയായത്. തൗബക്കും പ്രതിജ്ഞക്കും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

അനുഭൂതിയുടെ അനുഭവങ്ങളൊരുക്കി ഇഅ്തികാഫ് ജല്‍സ
റമസാനില്‍ 30 ദിവസവും ഇഅ്തികാഫിനെത്തുന്നവരുടെ മനസ്സു നിറച്ച് മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദ്. ഇഅ്തികാഫിന്റെ പുണ്യം തേടി കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരങ്ങളാണ് ഓരോ വര്‍ഷവും മഅ്ദിനിലെത്തുന്നത്.

ഓരോ ദിവസവും ഹദീസ്, തജ്വീദ്, കര്‍മശാസ്ത്രം, ചരിത്ര പഠനം തുടങ്ങിയ വ്യത്യസ്ത പഠനക്ലാസ്സുകളും തസ്ബീഹ് നി സ്‌കാരം, ഇസ്തിഗ്ഫാര്‍ ജല്‍സ,സ്വലാത്ത് മജ്‌ലിസ് തുടങ്ങിയ വിപുലമായ സമയക്രമവുമാണ് ഗ്രാന്‍ഡ് മസ്ജിദിലെ ഇഅ്തികാഫ് ജല്‍സയുടെ സവിശേഷത.സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം തുടങ്ങിയവര്‍ ആത്മീയ മജ്‌ലിസുകള്‍ക്കും ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാ ന്‍ ഫൈസി കിഴിശ്ശേരി, അസ്ലം സഖാഫി മൂന്നിയൂര്‍ തുടങ്ങിയവര്‍ പഠനക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കുന്നത്.

ഒറ്റക്കും കൂട്ടായും ആരാധനാ കര്‍മങ്ങളില്‍ മുഴുകാമെന്നതും പണ്ഡിതന്മാരുമായി ആശയവിനിമയം നടത്തി ആരാധനാ കര്‍മങ്ങള്‍ പിഴവില്ലാതെ തനത് രീതിയില്‍ ചെയ്യാമെന്നതും മഅ്ദിന്‍ ഗ്രാന്‍ ഡ് മസ്ജിദിലെ ഇഅ്തികാഫ് വിശ്വാസികള്‍ക്ക് ഏറെ പ്രിയങ്ക രമാക്കുന്നു. ഗ്രാന്‍ഡ് മസ്ജിദ് ഇമാം ഷൗക്കത്തലി സഖാഫി യുടെ നേതൃത്വത്തില്‍ സന്നദ്ധ സേവകര്‍ സദാസമയം കര്‍മനിരതരായി രംഗത്തുണ്ട്.

പ്രൗഢമായി അസ്മാഉല്‍ ബദ്ര്, അസ്മാഉല്‍ ഹുസ്‌ന മജ്്‌ലിസുകള്‍
റമളാന്‍ 27-ാം രാവിന്റെ ഭാഗമായി നടന്ന മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ അസ്മാഉല്‍ ബദ്ര് മജ്ലിസ് പ്രൗഢമായി. ളുഹ്ര് നിസ്‌കാരത്തിന് ശേഷം നടന്ന അസ്മാഉല്‍ ബദ്ര് മജ്‌ലിസിലും അസര്‍ നിസ്‌കാരാനന്തരം നടന്ന അസ്മാഉല്‍ ഹുസ്‌ന മജ്്‌ലിസിലും ആയിരങ്ങളാണ് പങ്കെടുത്തത്. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. പവിത്രമാക്കപ്പെട്ട രാവിന്റെ പ്രതിഫലങ്ങളും മഹത്വങ്ങളും ഉള്‍ക്കൊണ്ടെത്തിയ വിശ്വാസികളെ കൊണ്ട് ഗ്രാന്‍ഡ് മസ്ജിദും പരിസരവും തിങ്ങിനിറഞ്ഞു.

മികവിന്റെ കേന്ദ്രങ്ങളിലേക്ക് വഴിതെളിച്ച് ഹെല്‍പ് ഡെസ്‌ക്

ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യക്ക് കീഴിലുള്ള മുന്നൂറിലധികം സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികള്‍ സുഗമമാക്കുന്നതിന് മഅ്ദിന്‍ അക്കാദമിയില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌ക് നിരവധി വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമായി. മഅ്ദിന്‍ കുല്ലിയ്യ ഓഫ് ഇസ്ലാമിക് സയന്‍സിന്റെ പ്രവേശന കവാടത്തിലാണ് ഹെല്പ് ഡെസ്‌ക് സജ്ജീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 18 വരെ രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. ഏപ്രില്‍ 27ന് അമ്പത് കേന്ദ്രങ്ങളിലായി എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കും. മികവിന്റെ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള മികച്ചൊരു അവസരമാണ് ജെ സാറ്റ് പരീക്ഷ.