Connect with us

International

ആത്മീയാനന്ദമായി ഗ്രാന്‍ഡ് മുഫ്തിയുടെ ബുഖാരി ദര്‍സ്

സമര്‍ഖന്ദിലെ ഇമാം ബുഖാരി സന്നിധിയില്‍ നടന്ന ദര്‍സില്‍ പങ്കെടുത്തത് 20 രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍

Published

|

Last Updated

സമര്‍ഖന്ദ്(ഉസ്ബസ്‌കിസ്ഥാന്‍) |  സ്വഹീഹുല്‍ ബുഖാരി അധ്യാപന രംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമര്‍ഖന്ദിലെ ഇമാം ബുഖാരിയുടെ അന്ത്യവിശ്രമ കേന്ദ്രത്തില്‍ മഹാ പണ്ഡിതരെയും 20 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളെയും സാക്ഷി നിര്‍ത്തി ബുഖാരിയിലെ ഹദീസ് വാചകങ്ങള്‍ ചൊല്ലിക്കൊടുത്തപ്പോള്‍ പുലര്‍ന്നത് ചരിത്രം. വിശുദ്ധ ഖുര്‍ആന് ശേഷം ഇസ്ലാം മത വിശ്വാസികള്‍ പവിത്രവും ആധികാരികവുമായി കരുതുന്ന ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയുടെ രചയിതാവ് ഇമാം ബുഖാരിയുടെ വിയോഗ വാര്‍ഷികാച രണത്തിന്റെ ഭാഗമായി ഇന്നാണ് ലോക പ്രശസ്ത പണ്ഡിതര്‍ ഒരുമിച്ചുകൂടിയ ബുഖാരി ഗ്രാന്‍ഡ് ദര്‍സ് നടന്നത്. ഉസ്ബസ്‌കിസ്ഥാന്‍ മതകാര്യ വകുപ്പിന്റെയും മുഫ്തിമാരുടെയും വിവിധ പണ്ഡിത കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പണ്ഡിത സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. പണ്ഡിതനും യമനിലെ ദാറുല്‍ മുസ്തഫ സ്ഥാപകനുമായ ഹബീബ് ഉമര്‍ ബിന്‍ ഹഫീളായിരുന്നു ചടങ്ങില്‍ വിശിഷ്ടാതിഥി.

കഴിഞ്ഞ അറുപത് വര്‍ഷത്തിലധികമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വഹീഹുല്‍ ബുഖാരി ദര്‍സ് നടത്തുകയും ആയിരക്കണക്കിന് ശിഷ്യരെ സമ്പാദിക്കുകയും ഹദീസ് പ്രചാരണത്തിനും വ്യാപനത്തിനുമായി പരിശ്രമിക്കുകയും ചെയ്യുന്ന ഗ്രാന്‍ഡ് മുഫ്തിയുടെ സേവനങ്ങള്‍ക്ക് ഇമാം ബുഖാരിയുടെ ജന്മനാട് ഒരുക്കിയ ആദരവ് കൂടിയായിരുന്നു ഇമാം ബുഖാരിയുടെ അന്ത്യവിശ്രമ കേന്ദ്രത്തിലെ ഈ ദര്‍സ്.

ഇമാം ബുഖാരിയുടെ സാമീപ്യം, ഓര്‍മദിനം, ലോകത്തെ തലയെടുപ്പുള്ള പണ്ഡിതരുടെ സാന്നിധ്യം എന്നിങ്ങനെ ആത്മീയവും വൈകാരികവുമായ നിരവധി ഘടകങ്ങള്‍ സമ്മേളിച്ച വേദിയില്‍ നടന്ന ദര്‍സ് ഏവരുടെയും മനം കവര്‍ന്നു. ‘തന്റെ അറുപത് വര്‍ഷത്തെ അധ്യാപന ചരിത്രത്തിലെ അത്യപൂര്‍വ അനുഭവമാണ് ഇതെന്നും മുമ്പ് ഇവിടെ വന്നിട്ടുണ്ടെങ്കിലും പ്രായമേറിയ സമയത്തും ഈ ചടങ്ങിനെത്തിയത് ഇമാം ബുഖാരിയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ ജന്മനാട് ഒരുമിച്ചുകൂടിയത് കൊണ്ടാണെന്നും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു. ഉസ്ബക് ജനതയുടെ ഈ ആദരവും വരവേല്‍പ്പും സ്വഹീഹുല്‍ ബുഖാരിക്ക് ചെയ്ത എളിയ സേവനത്തിനുള്ള അംഗീകാരമായാണ് കാണുന്നത്. ഇമാം ബുഖാരി മുന്നോട്ടുവെച്ച മാതൃകകള്‍ ശീലിക്കാന്‍ ആധുനിക പണ്ഡിതര്‍ മുന്നോട്ടു വരണം – ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

ഇസ്ലാമിന്റെ മധ്യമ നിലപാട് ലോകത്ത് പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയിലെയും യമനിലെയും സുന്നി പണ്ഡിതര്‍ക്ക് മുസ്ലിം ലോകത്ത് ലഭിക്കുന്ന സ്വീകാര്യത വിളംബരം ചെയ്യുന്ന വിവിധ പരിപാടികളാണ് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെയും ഹബീബ് ഉമര്‍ ഹഫീളിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ നാലു ദിവസമായി ഉസ്ബസ്‌കിസ്ഥാനിലെ വിവിധ പ്രവിശ്യകളില്‍ നടന്നുവരുന്നത്. ഉസ്ബസ്‌കിസ്ഥാന്‍ ഗവണ്മെന്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ പരിപാടികളിലും ഗ്രാന്‍ഡ് മുഫ്തി പങ്കെടുത്തു.

ബ്രിട്ടന്‍, മലേഷ്യ, ഇന്തോനേഷ്യ, ആഫ്രിക്ക, ജി.സി.സി തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം പണ്ഡിതരും അതിഥികളും പങ്കെടുത്ത ദര്‍സില്‍ താഷ്‌കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മത്തുല്ലാഹി തിര്‍മിദി അധ്യക്ഷത വഹിച്ചു. സമര്‍ഖന്ദ് മുഫ്തി ശൈഖ് സൈനുദ്ദീന്‍ സംബന്ധിച്ചു.

 

Latest