Connect with us

indian grand mufti

ശൈഖ് തഹ്നൂന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

ആധുനിക എമിറേറ്റ്‌സ് കെട്ടിപ്പടുക്കുന്നതില്‍ സവിശേഷ പങ്കുവഹിച്ച ശൈഖ് തഹ്നൂനുമായി ഏറെ നാളത്തെ വ്യക്തിബന്ധമാണ് തനിക്ക് ഉണ്ടായിരുന്നത്.

Published

|

Last Updated

കോഴിക്കോട് | അബൂദബി രാജകുടുംബാംഗവും അല്‍ ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്റെ വിയോഗത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുശോചനമറിയിച്ചു.

ആധുനിക എമിറേറ്റ്‌സ് കെട്ടിപ്പടുക്കുന്നതില്‍ സവിശേഷ പങ്കുവഹിച്ച ശൈഖ് തഹ്നൂനുമായി ഏറെ നാളത്തെ വ്യക്തിബന്ധമാണ് തനിക്ക് ഉണ്ടായിരുന്നത്. ഇന്ത്യയും യു എ ഇയുമായുള്ള ബന്ധം അഭിവൃദ്ധിപ്പെടുത്തുന്നതില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുകയും കൂടിക്കാഴ്ചകളില്‍ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം സംബന്ധമായി പലപ്പോഴും അദ്ദേഹം സംസാരിക്കുകയും ചെയ്തു.

നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളെയും സാമൂഹ്യക്ഷേമ പദ്ധതികളെയും അങ്ങേയറ്റം സ്‌നേഹിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന ശൈഖ് തഹ്നൂന്റെ വിയോഗം അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതാണ്. രാജകുടുംബത്തിന്റെയും യു എ ഇ ജനതയുടെയും പ്രവാസി ഇന്ത്യക്കാരുടെയും വേദനയില്‍ പങ്കുചേരുന്നു. പരലോക ജീവിതം സന്തോഷകരമാവാനും കുടുംബാംഗങ്ങള്‍ക്ക് ക്ഷമയും സമാധാനവും ഉണ്ടാവാനും പ്രാര്‍ഥിക്കുന്നുവെന്നും ഗ്രാന്‍ഡ് മുഫ്തി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്ത്യക്കാരെ അങ്ങേയറ്റം സ്‌നേഹിക്കുകയും വിവിധ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത ശൈഖിന്റെ വിയോഗത്തെ തുടര്‍ന്ന് യു എ ഇ പ്രഖ്യാപിച്ച ദുഃഖാചരണത്തില്‍ എല്ലാ പ്രവാസികളും പങ്കാളികളാകാനും ഇന്ത്യയിലെ വിവിധ പള്ളികളിലും മദ്‌റസകളിലും മതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും പ്രാര്‍ഥന നടത്താനും ഗ്രാന്‍ഡ് മുഫ്തി ആഹ്വാനം ചെയ്തു.