Connect with us

Story

അപ്പൂപ്പൻ തെരുവ്

കോഴി കൂകി. കിഴക്കൻ മലയിൽ രാവസ്തമിക്കുന്നു. അപ്പൂപ്പന്റെ ചിറകുപറ്റി അവൾ പറക്കാൻ തയ്യാറാകുന്നു. വൃദ്ധൻ മകൾക്കു കൊടുത്ത വിവാഹ സമ്മാനത്തിന്റെ കഥ ഇപ്പോൾ അവൾ പറയുന്നു. അത് കേട്ട് കിഴക്കാനാകാശത്ത് വെള്ളിടി വെട്ടി. ഇരുട്ടിന്റെ പ്രാണൻ അവശേഷിക്കുന്നിടത്ത് അവൾ ഒന്നാം ചുവടുവെച്ചു.

Published

|

Last Updated

രാത്രി. കടവരാന്ത. വയസ്സായ ഒരാൾ. കാഴ്ചയിൽ പടുവൃദ്ധൻ. ആകെ സമ്പാദ്യം കീറിപ്പറിഞ്ഞ ഒരു പുതപ്പ്. കൊതുകുശല്യമുണ്ട്. മൂടിപ്പുതച്ച് അയാൾ ഇരുട്ടിനോട് പറയുന്നു. “കൊതുകടി സഹിക്കാം. മനുഷ്യരുടെ കടിയാണ് അസഹ്യം…’

രാത്രി പതുക്കെ ഇഴയുന്നു. അയാളിപ്പോൾ പൂർണമായും പുതപ്പിനുള്ളിലാണ്. ജീവനോടെ മണ്ണിനടിയിൽ കിടക്കുംപോലെ. ഈ ലോകം മുഴുവനും പുതപ്പിട്ട് മൂടണമെന്നുണ്ട്. അതിന് അയാളുടെ കീറിപ്പറിഞ്ഞ പുതപ്പുകൊണ്ടാകുമോ? വീടില്ല. പിന്നെയാണ് ലോകം. പകലിൽ അയാൾ എവിടെയായിരുന്നു?

രാത്രിയിലാണ് അയാൾ കടവരാന്തയിലേക്ക് വരുന്നത്. എല്ലാ പാപികൾക്കും പറവകൾക്കും രാത്രി അഭയം നൽകുന്നു. മരത്തിലും മണ്ണിലും. ചില രാത്രികൾ മനുഷ്യരെപ്പോലെ പരിക്കു പറ്റിയതാണ്. മനുഷ്യരെപ്പോലെ രാത്രിക്ക് ചോരയും നീരുമില്ല. എന്നാൽ നിറമുണ്ട്. എല്ലാ ദുഃഖങ്ങളും മറച്ചുവെക്കുന്ന കറുപ്പ്. ദുഃഖത്തിന്റെ നിറം. നീറുന്ന രാത്രിയുമായി അയാൾക്ക് അത്രമാത്രം ബന്ധമുണ്ട്.

അതൊരു പഴയ കച്ചവടത്തെരുവാണ്. നിരപ്പലകയുള്ള നാലഞ്ച് മുറികൾ. സാധനം വിൽക്കുന്നവരും വാങ്ങുന്നവരും പഴമക്കാരാണ്. ഏറെ പ്രായമുള്ളവരാണ്. അപ്പൂപ്പൻ തെരുവ് എന്നാണ് പൊതുവെ ആ സ്ഥലം അറിയപ്പെടുന്നത്. തേഞ്ഞുപോയ ഒരു ചെരിപ്പുകുത്തിയെ പകൽ നേരം അവിടെ കാണാം. അയാളെപ്പോലെത്തന്നെ ചവിട്ടിത്തേഞ്ഞ ചെരിപ്പ് തുന്നിക്കാൻ വരുന്നവരേയും. അടുത്ത മുറിയിൽ വെറ്റിലക്കച്ചവടക്കാരൻ. അയാളും വയസ്സനാണ്. ഒരു കാലില്ല. മുട്ടിനു താഴെ ഉറയാണ്. കൃത്രിമ കാലാണെന്ന് തോന്നില്ല. ഏത് നേരവും ഇരുന്നേ കാണാറുള്ളൂ. ചോദിച്ചപ്പോൾ അതിനപ്പുറത്തെ ഭാഗ്യക്കുറി വിൽപ്പനക്കാരൻ പറഞ്ഞു. “മൂപ്പര് പട്ടാളത്തിലായിരുന്നു. വിരമിച്ചു വരുമ്പോൾ കാലുണ്ടായിരുന്നു. പിന്നെപ്പോഴാണ് പോയതെന്ന് അയാൾക്കും വലിയ നിശ്ചയമില്ല. കാലത്തിന്റെ ഒരു പോക്കേ…’

ആളൊഴിഞ്ഞ കടത്തിണ്ണയിൽ ഇരുട്ടും കൊതുകുകളും ഏറ്റുമുട്ടുന്നു. പുതപ്പിനുള്ളിൽനിന്ന് പതുക്കെ വൃദ്ധൻ എഴുന്നേൽക്കുന്നു. ചെരിപ്പ് കുത്തിയും ലോട്ടറിയും വെറ്റിലയും പൂട്ടിപ്പോയിടത്ത് പുതപ്പില്ലാതെ അയാൾ വെറുതെ ഒന്നു നടന്നു. കൂട്ടിന് ഇരുട്ട് മാത്രം. കുറേെശ്ശ മഴ പെയ്യുന്നുണ്ട്. അപ്പോഴാണ് നനഞ്ഞൊലിച്ച ഒരു പെണ്ണ് നടന്നുവരുന്നത് കണ്ടത്. അവൾ വൃദ്ധനെ ശ്രദ്ധിച്ചില്ല. പുതപ്പിനടുത്തേക്കാണല്ലോ പോകുന്നത്. ശരീരത്തിൽനിന്ന് നനഞ്ഞതൊക്കെ മാറ്റി അവൾ പുതപ്പെടുത്ത് ഉടുക്കുന്നു. തിരിഞ്ഞുനോക്കിയപ്പോൾ ഇരുട്ടിൽ ഒരാൾരൂപം. അവൾ പേടിച്ചില്ല. ഇരുട്ടും ആൾരൂപവും അവൾക്ക് നല്ല നിശ്ചയംപോലെ. അപ്പോൾ അയാൾ പകലിൽ ചെരിപ്പുകുത്തി മുറിച്ചിട്ട വാറുകളും നൂലും എണ്ണുകയായിരുന്നു. ചെരിപ്പുകുത്തിക്ക് ഇന്ന് തരക്കേടില്ല. അയാളുടെ വീട്ടിൽ ഇന്നെല്ലാവരും ഒരുവിധം നല്ല ഭക്ഷണം കഴിച്ചിരിക്കും. അവർക്കെല്ലാം ശുഭരാത്രി നേർന്നു ഇരുട്ടും അയാളും ആശിർവദിച്ചു. അപ്പോൾ വൃദ്ധൻ നേരിയ ഒരുവിളി കേട്ടു. “അപ്പൂപ്പാ…’ ആ വിളിക്ക് സങ്കടവും കരച്ചിലും ഉണ്ടായിരുന്നു.

വിളി കേട്ടിടത്തേക്ക് തിരിഞ്ഞു നടന്നപ്പോൾ അപ്പൂപ്പൻ കണ്ടു. തന്റെ കൊച്ചുമകളുടെ പ്രായമുള്ള അവളെ. വീടുണ്ടായിട്ടും ചിലർ കടവരാന്തയിലും തീവണ്ടിയാപ്പീസിലും ഞരങ്ങുന്നു. ഇരുട്ട് അവർക്ക് അഭയം നൽകുന്നു. വൃദ്ധസദനത്തിലേക്കുള്ള വഴിയിൽ ഇപ്പോഴും അവരൊന്നും എത്തിപ്പെടുന്നേയില്ല. മേൽവിലാസവും പേരുമില്ലാത്തവർ.

ഈ രാത്രി, എവിടുന്നോ ചെമ്പകം മണക്കുന്നു.

ചുറ്റും നോക്കി. ആരുമില്ല. അയാളും അവളുടെ തേങ്ങലും മാത്രം.
ഏകാന്തത ചിലരെ കവിയാക്കും. കാമുകനാക്കും. ഭ്രാന്തനാക്കും.
പെട്ടെന്നാണ് ഓർമ വന്നത്. അറ്റകുറ്റപ്പണികൾക്കായി ഷെഡ്ഡിൽ കയറ്റിവെച്ച ഒരു മനുഷ്യ ജന്മമാണല്ലോ താനെന്ന്.

അതാ വരുന്നു, പെട്രോമാക്‌സും ആരവങ്ങളും. നല്ല വെളിച്ചം. ആരാണവർ? അറിയില്ല. ആ വെളിച്ചത്തിൽ രാത്രി പെട്ടെന്ന് പകലായി. അവർ കടത്തിണ്ണയിൽ കയറാതെ ഘോഷയാത്രയായി വൃദ്ധനേയും യുവതിയേയും ശ്രദ്ധിക്കാതെ കടന്നുപോയി. അവർ പറയുന്നത് വൃദ്ധനും യുവതിയും കേട്ടു. അതിലാർക്കോ ഭാഗ്യക്കുറി അടിച്ചിട്ടുണ്ട്. അപ്പൂപ്പൻ തെരുവിലെ ലോട്ടറി സ്റ്റാളിൽനിന്നു വാങ്ങിയ ടിക്കറ്റിനാണ് ബംബർ സമ്മാനം. ലോട്ടറിക്കാരൻ രക്ഷപ്പെട്ടു. കൂട്ടത്തിൽ മറ്റൊരാൾ പറയുന്നുണ്ടായിരുന്നു. കാലില്ലാത്ത വെറ്റിലക്കാരനെയും സഹായിക്കണം. ഇന്നയാൾ അവശനാണെങ്കിലും ഒരിക്കൽ രാജ്യംകാത്ത ജവാനായിരുന്നു. വർത്തമാനത്തോടൊപ്പം വെളിച്ചം കടന്നുപോയപ്പോൾ വൃദ്ധനും യുവതിയും കടവരാന്തയും വീണ്ടും ഇരുട്ടിലായി. അവരുടെ പ്രിയപ്പെട്ട രാത്രിയായി.

മനുഷ്യൻ എത്ര പെട്ടെന്നാണ് മാറിപ്പോകുന്നത്? ചിലർക്ക് ലോട്ടറി അടിക്കുന്നു. ചിലർക്ക് കാലിൽ ആണി കയറുന്നു. ഒരാളെ ഭാഗ്യം കാടാക്ഷിക്കുമ്പോൾ ആണി കയറിയ ആളെ നിത്യരോഗിയാക്കുന്നു. പഴുത്ത് ചീയുന്നു. അപ്പൂപ്പൻ എന്താണ് ആലോചിക്കുന്നത്? യുവതിയുടെ ചോദ്യം വൃദ്ധൻ കേട്ടില്ല. അപ്പോൾ അയാൾ ഓർത്തത് തന്റെ വീടിനെക്കുറിച്ചായിരുന്നു.
“എന്റെ ജന്മമെന്തേ ഇങ്ങനെ ആയിപ്പോയത്?’

വീടിനെക്കുറിച്ചോർത്ത് വൃദ്ധൻ സംസാരിക്കുന്നു. കേൾക്കാൻ ഇരുട്ടും പൂട്ടിയ കടകളും എങ്ങുനിന്നോ വന്ന അജ്ഞാതയായ ഒരു യുവതിയുമുണ്ട്. പോരേ? അല്ലെങ്കിൽ ആർക്കറിയണം ഈ അജ്ഞാതവാസം?

ഒരിക്കൽ റേഷൻ കാർഡുമായി അരി വാങ്ങാൻ പോയി. അയാളുടെ കാർഡിൽ രണ്ടുതരം അരിയുണ്ട്. പച്ചരിയും പുഴുങ്ങലരിയും. പോകുമ്പോൾ മകളോട് ചോദിച്ചതാണ്. ഭാര്യയോട് അയാൾ മിണ്ടാറില്ല. ഭാര്യ അയാളോടും. അങ്ങനെയാണ് മകൾ ഇടയിൽ വരുന്നത്. മകൾ പറഞ്ഞു. “പുഴുങ്ങലരി വാങ്ങിക്കോ അച്ഛാ….’ അതുമായി വീട്ടിലെത്തിയപ്പോൾ വീട് കുലുങ്ങി. “പച്ചരിക്കല്ലേ പറഞ്ഞത്. പിന്നെന്തേ പുഴുങ്ങലരി ആയിപ്പോയത്….’ എന്നാൽ അയാൾ കേട്ടത് പുഴുങ്ങലരി എന്നാണ്. മകൾ പറഞ്ഞതും അങ്ങനെയാണ്. രണ്ടിനും വേവ് വ്യത്യാസമുണ്ട്. അന്ന് വേവാത്ത ചോറിനെച്ചൊല്ലി അടുപ്പ് കെട്ടു. വീടെന്നും പെണ്ണിനോട് ചേർന്നു നിൽക്കുന്നതാണ്. ആണ് ഇങ്ങനെ ഓരോ പഴി കേൾക്കാനും. എന്തു ഭൂകമ്പമുണ്ടായാലും പുകയും. ചൊറിച്ചിൽ വരും. പിടിച്ചു നിൽക്കണം. ഇല്ലെങ്കിൽ വീട് ഇറങ്ങിപ്പോകും. മക്കൾ ഒലിച്ചുപോകും. തീർത്തും അയാളുടെ വീട് രണ്ടായിപ്പോയത് പൊടുന്നനെയാണ്.

മകളുടെ കല്യാണം നിശ്ചയിച്ചു. അതിനുവേണ്ടിയായിരുന്നല്ലോ ഈ കഷ്ടപ്പാടുകൾ. ചെറുപ്പത്തിലേ നാടുവിട്ടു. ഒടുവിൽ തമിഴ്നാട്ടിൽ ബേക്കറി കച്ചവടക്കാരനായി. പലതരം േകക്കുകളും പൂക്കളും ഉണ്ടാക്കി. ആകെയുള്ള ഒരേയൊരു മകൾ. അവൾ പിച്ചവെക്കും മുതൽ അയാൾ മറുനാട്ടിൽ ബന്നും ബ്രഡ്ഡുകൾക്കുമൊപ്പം വേവുകയായിരുന്നു. മകൾ വളർന്നു. മക്കളുടെ ഓരോ വളർച്ചയിലും അയാൾ ചെറുതാവുകയായിരുന്നു.

കഥകൾക്കിടയിൽ കടവരാന്തയിൽ കൊതുകുകൾ മൂളിപ്പാട്ട് പാടി. അതിനിടയിൽ യുവതിയോട് അയാൾ ചോദിച്ചു. “നീയാരാണ് പെണ്ണേ…..’

അവൾ അയാളുടെ നെറ്റി തടവി സങ്കടത്തോടെ പറഞ്ഞു. “ഞാനീ പുതപ്പിന്റെ അവകാശിയാണ്…’
ഏതോ നാടകത്തിലെ വൃദ്ധ കഥാപാത്രംപോലെ അയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു. “ഈ പുതപ്പ് ഒരു കീറിപ്പറിഞ്ഞ ജീവിതമാണ്…’

അതുകേട്ട് അവൾ പറഞ്ഞു. “ഞാനൊരു തയ്യൽക്കാരന്റെ മകളാണ്. ഒരു പുതപ്പൊക്കെ തുന്നാൻ എനിക്കുമറിയും…’

ഇരുട്ടിന്റെ സങ്കീർത്തനം കേട്ട് വൃദ്ധൻ തുടർന്നു. “എനിക്കറിയും നിന്റെ അച്ഛനെ. എന്നെപ്പോലെത്തന്നെ സ്വന്തം ഉടുപ്പ് തുന്നാനറിയാത്ത പാവം…’
അയാൾ ഇരുട്ടിനോടും അവളോടും സംസാരിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് അവൾ പറഞ്ഞു. “ഞാനും നന്നായി തുന്നാൻ പഠിച്ചിട്ടില്ല. അപ്പോഴേക്കും ജീവിതത്തിന്റെ നൂല് പൊട്ടിപ്പോയി. സത്യത്തിൽ ഞാൻ വീട് വിട്ടതല്ല. വീട് ഇല്ലാതായതാണ്…’

“എനിക്ക് വീടുണ്ട്. നാടുണ്ട്. എല്ലാമുണ്ട്. എന്നിട്ടും ഞാൻ പെരുവഴിയിലായി…’ വൃദ്ധൻ ഒരൽപ്പം ഒച്ചയോടെ അങ്ങനെ പറഞ്ഞപ്പോൾ അവൾ ചിരിക്കുന്നുണ്ടായിരുന്നു. മകൾക്ക് വിവാഹ സമ്മാനം കൊടുത്തതും ആ സമ്മാനം അയാളുടെ ജീവിതം തകർത്തതും നേരത്തേ അറിയാവുന്ന കഥാപാത്രംപോലെ.

കോഴി കൂകി. കിഴക്കൻ മലയിൽ രാവസ്തമിക്കുന്നു. അപ്പൂപ്പന്റെ ചിറകുപറ്റി അവൾ പറക്കാൻ തയ്യാറാകുന്നു. വൃദ്ധൻ മകൾക്കു കൊടുത്ത വിവാഹ സമ്മാനത്തിന്റെ കഥ ഇപ്പോൾ അവൾ പറയുന്നു. അത് കേട്ട് കിഴക്കാനാകാശത്ത് വെള്ളിടി വെട്ടി. ഇരുട്ടിന്റെ പ്രാണൻ അവശേഷിക്കുന്നിടത്ത് അവൾ ഒന്നാം ചുവടുവെച്ചു.

അന്ന് സമ്മാനമായി മകൾക്കു കൊടുത്തത് വിലയേറിയ ഏറ്റവും പുതിയ മോഡൽ കാറായിരുന്നു. കല്യാണത്തിനു സ്ത്രീധനമായി കാറ് അവർ ചോദിച്ചില്ല. എന്നിട്ടും കൊടുത്തു. ഈ ഏർപ്പാടിനോട് അയാൾക്ക് എതിർപ്പായിരുന്നു. അവിടെയും അയാളുടെ ഭാര്യ ഉടക്കി. “എല്ലാവരും കാറ് കൊടുക്കുമ്പോൾ നമ്മളും കൊടുക്കേണ്ടേ?’ സത്യത്തിൽ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ് അയാൾക്ക് അങ്ങനെ ചെയ്യേണ്ടി വന്നത്. അങ്ങനെ കാറ് ഓടി. മകളും ഭർത്താവും പല കാഴ്ചകൾ കണ്ടു. കുന്നും മലയും ഇറങ്ങി. അവസാനം കാറിൽനിന്ന് മയക്കുമരുന്ന് പിടിച്ചപ്പോൾ വാഹനത്തിന്റെ ആർ സി ബുക്ക് അയാളുടെ പേരിലായിരുന്നു. അതായിരുന്നത്രെ മകളുടെ ഭർത്താവിന്റെ ജോലി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ആരേയും കിട്ടാതായപ്പോൾ കേസും ശിക്ഷയും വാഹന ഉടമയുടെ പേരിലായി. ചവിട്ടും തടവും കഴിഞ്ഞ് ശേഷിക്കുന്ന ജീവിതം തിരിച്ചു കിട്ടിയപ്പോൾ ഇരുട്ടായിരുന്നു. ഇന്നും അയാൾ ഇരുട്ടിലാണ്. അപ്പൂപ്പൻ തെരുവിലെ ആളൊഴിഞ്ഞ കൂരിരുട്ടിൽ.

കഥാകാരൻ

Latest