Connect with us

Prathivaram

മൗണ്ടൻ ഗൊറില്ലകളുടെ പോറ്റമ്മ

വിരുൻഗ മലനിരകൾ പൂമെത്തയൊരുക്കി ഡയനെ കാത്തിരിക്കുകയായിരുന്നില്ല. സമുദ്രനിരപ്പിൽ നിന്നും 14787 അടി ഉയരമുള്ള മഴക്കാട്ടിലെ ടെന്റിനുള്ളിലായിരുന്നു തുടക്കകാലത്ത് ഡയൻ താമസിച്ചിരുന്നത്. മാസത്തിലൊരിക്കൽ മാത്രമാണ് താഴ്‌വരയിലെ ഗ്രാമത്തിലേക്കിറങ്ങിയത്. പിന്നെയും രണ്ട് മണിക്കൂർ സമയം യാത്ര ചെയ്താലാണ് ഭക്ഷണസാമഗ്രികൾ കിട്ടുന്ന അങ്ങാടിയെത്താൻ കഴിയുക. അവിടെ നിന്നും സംഭരിക്കുന്ന ടിൻഫുഡ് റേഷനിലാണ് ഒരു മാസക്കാലത്തെ മലമുകൾ വാസം.

Published

|

Last Updated

ഉറ്റവർ വീടെത്തുന്നതും നോക്കി വഴിക്കണ്ണുകളുമായി കാത്തിരുന്ന അനുഭവങ്ങളെക്കുറിച്ച് നമുക്കേറെ പറയാനുണ്ടാവും. പട്ടാളത്തിലും ഗൾഫിലുമുള്ള നമ്മുടെ പ്രിയപ്പെട്ടവരുടെ തിരിച്ചു വരവ്! കേരള നാട്ടിൽ ഈയൊരു പ്രതീക്ഷാനുഭവമില്ലാത്ത ഏതു മലയാളിയുണ്ട്? തിരിച്ചൊന്നാലോചിച്ചാലോ? നാട്ടിലെ വായു ശ്വസിക്കാതെ, വീട്ടിലെ കിണർവെള്ളത്തിൽ നിന്നൊരു കവിൾ തൊടാതെ നമുക്കെത്രനാൾ പുറം നാട്ടിൽ കഴിയാം?

ഡയൻ ഫോസി (1932 -1985) എന്ന അമേരിക്കക്കാരിയുടെ കാര്യത്തിൽ ഇതെല്ലാം മാറിമറിയുന്നു. 1966 മുതൽ 1985 വരെ ആഫ്രിക്കൻ കാട്ടിനുള്ളിൽ ജീവിതം കഴിച്ച വനിതയാണ് ഡയൻ ഫോസി. അൻപത്തിനാലാം വയസ്സിൽ ഡയന്റെ മരണത്തിലാണ് കൊടുങ്കാട്ടിനുള്ളിലെ പർവതവാസമവസാനിച്ചത്. ചുറ്റിലും ഭീകര ജീവികളെന്നു ലോകം വിളിച്ചിരുന്ന ഗൊറില്ലകൾ നിറഞ്ഞ മഴക്കാടുകൾ. തീക്ഷ്ണമായ പ്രതികൂല കാലാവസ്ഥ. വാർത്താവിനിമയം, യാത്രാ സൗകര്യങ്ങൾ എന്നിവ തീരെയില്ലാത്ത കാലം. നീണ്ട പതിനെട്ട് വർഷങ്ങളാണ് അവർ അണഞ്ഞു കിടന്നിരുന്ന അഗ്നിപർവതങ്ങളുള്ള മഴക്കാടുകൾക്കുള്ളിൽ ചെറിയൊരു ഷീറ്റുമുറിയിൽ തങ്ങിയത്. പതിനൊന്നായിരം മണിക്കൂറുകൾ ഗൊറില്ലകൾക്കിടയിൽ ചെലവഴിച്ച ധന്യമായ ജീവിതമായിരുന്നു അത്.

ഭക്ഷണം, താമസം, സുരക്ഷ എന്നിവയൊക്കെ പരിമിതമായപ്പോഴും ഈ അമേരിക്കക്കാരി ഗൊറില്ലകളെ ശാസ്ത്രീയമായി പഠിക്കുന്നതിനു വേണ്ടി കാട്ടിനുള്ളിൽ തങ്ങി. ജീവിതം പോലെ നിഗൂഢമായിരുന്നു ഡയന്റെ മരണവും. അയിരത്തിത്തൊള്ളായിരത്തി എൺപത്തിയഞ്ച് ഡിസംബർ ഇരുപത്തിയാറിലെ പാതിരാത്രിയിൽ അവർ താമസസ്ഥലത്തുവെച്ച് അജ്ഞാതരാൽ കൊല്ലപ്പെട്ടു.

അറുപതുകളിൽ ശാസ്ത്രീയ ഉണർവിൽ ലോകം ത്രസിക്കുകയായിരുന്നു. മാനവപരിണാമത്തിന്റെ കളിത്തൊട്ടിൽ ആഫ്രിക്കൻ കാടുകളാണെന്നുറപ്പായതോടെ ലോകപ്രസിദ്ധ ശാസ്ത്രജ്ഞർ അതിനുള്ള തെളിവുകൾ ശേഖരിക്കുന്നതിൽ മുഴുകി. മനുഷ്യരുടെ കസിൻസുകളായ വലിയ കുരങ്ങന്മാരുടെ – ഗൊറില്ല, ചിമ്പൻസി, ഒറാംഗ് ഉട്ടാൻ – വാസസ്ഥലവും മധ്യ ആഫ്രിക്കയിലായിരുന്നു. ഇതൊക്കെയായിരുന്നു ജന്തുസ്‌നേഹിയായ ഡയൻഫോസൈയെ മുപ്പത്തിനാലാമത്തെ വയസ്സിൽ ആഫ്രിക്കൻ കാടുകളിലെത്താൻ പ്രേരിപ്പിച്ചത്.

ഗൊറില്ല മയക്കി

നമ്മൾ മനുഷ്യരുമായി ഏറെ സാദൃശ്യം പുലർത്തുന്നവരാണ് ഗൊറില്ലക്കരിംഭൂതങ്ങൾ. ഈ വന്യജീവികളെ കുറിച്ച് പരിമിതമായ അറിവുകൾ മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളു. എന്തിനും പോന്ന ഭീകരരായി അന്നവരെ വിലയിരുത്തിയിരുന്നു. സസ്യഭോജികളായ ഇവയുടെ തലയോട്, കൈപ്പത്തി എന്നിവ മന്ത്രവാദത്തിനും മാന്തിക സിദ്ധി കൈവരിക്കാനും ഉപയോഗിച്ചു. കൈപ്പത്തികൾ പൊങ്ങച്ചത്തിന്റെ ഭാഗമായി മുന്തിയ തരം ആഷ്‌ട്രേ ഉണ്ടാക്കാനുമെടുത്തിരുന്നു. പോരാത്തതിന് മൃഗശാലകളിലെ പ്രദർശനത്തിനും സർക്കസിൽ വേഷം കെട്ടാനും ഗൊറില്ലകൾക്ക് വൻ ഡിമാന്റുണ്ടായി. മനുഷ്യനുമായുള്ള താരതമ്യ പഠനാവശ്യത്തിന് തലയോട്ടിയിലും അസ്ഥികൂടത്തിലുമാണ് കലാശാലകൾ കണ്ണുകൾ വെച്ചിരുന്നത്. സർവനാശത്തിന്റ വക്കിലായിരുന്നു അവയുടെ ജീവിതം. നമ്മുടെ തിരുവനന്തപുരം മൃഗശാലയിൽ പത്തുമുപ്പത് വർഷങ്ങൾ വരെ ഏകാന്തനായ ഒരു ആൺഗൊറില്ലയുണ്ടായിരുന്നു. ഏറെ പരിഷ്‌കാരിയായ ജ്യേഷ്ഠൻ സ്വന്തം സഹോദരനെ കൂട്ടിലടച്ചു സൂക്ഷിക്കുന്നതിനു തുല്യമായ വികാരമായിരുന്നു അവന്റെ കാഴ്ച മനസ്സിലുണ്ടാക്കിയിരുന്നത്.

1966ലാണ് കോംഗോയിലെ വിരുൻഗ അഗ്നിപർവത മുകളിലെ അധിവാസ ഭൂമിയിൽ ഡയനെത്തിയത്. അക്കാലത്ത് പർവത ഗൊറില്ലകളുടെ എണ്ണം വെറും നാന്നൂറ്റി എഴുപത്തിയഞ്ച് മാത്രമായിരുന്നു. സ്വന്തം ചോരയൊഴുക്കി അവരുടെ സംരക്ഷണാർഥം നടത്തിയ യജ്ഞത്തിന്റെ ഫലമായി അവയുടെ സംഖ്യയേറി. നാശോന്മുഖമായ ഗണത്തിലുൾപ്പെട്ട ഈ ജീവജാതിയിൽ തൊള്ളായിരത്തിനടുത്ത് എണ്ണം ഇന്നു ഭൂമുഖത്തുണ്ട്. അതിന് ലോകം ഡയൻ ഫോസിയോടാണ് കടപ്പെട്ടിരിക്കുന്നത്. അവയുടെ സംരക്ഷണാർഥം ഇന്റർനാഷനൽ ഡയൻ ഫോസൈ ഗൊറില്ല ഫണ്ടുണ്ടാക്കി, ഗൊറില്ലകളുടെ സംരക്ഷണവും പഠനവും മുൻനിർത്തി റുവാണ്ടയിൽ കരിസോക്ക് എന്ന ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. അക്ഷരാർഥത്തിൽ അത്യധ്വാനത്തിലൂടെ സ്വന്തം യശസ്സ് വാനോളം ഉയർത്തിയ മഹതിയാണ് ഡയൻ. അതിശക്തരായ ഈ വനിതയുടെ നാമം മനുഷ്യകുലം എന്നുമോർമിക്കുന്നു.

വിരുൻഗ മലനിരകൾ പൂമെത്തയൊരുക്കി ഡയനെ കാത്തിരിക്കുകയായിരുന്നില്ല. സമുദ്രനിരപ്പിൽ നിന്നും 14,787 അടി ഉയരമുള്ള മഴക്കാട്ടിലെ ടെന്റിനുള്ളിലായിരുന്നു തുടക്കകാലത്ത് ഡയൻ താമസിച്ചിരുന്നത്. മാസത്തിലൊരിക്കൽ മാത്രമാണ് താഴ്‌വരയിലെ ഗ്രാമത്തിലേക്കിറങ്ങിയത്. പിന്നെയും രണ്ട് മണിക്കൂർ സമയം യാത്ര ചെയ്താലാണ് ഭക്ഷണസാമഗ്രികൾ കിട്ടുന്ന അങ്ങാടി പിടിക്കാൻ കഴിയുക. അവിടെ നിന്നും സംഭരിക്കുന്ന ടിൻഫുഡു റേഷനിലാണ് ഒരു മാസക്കാലത്തെ മലമുകൾ വാസം. മഞ്ഞ്, മഴ, കൊടുങ്കാറ്റ് എന്നീ പ്രതികൂല കാലാവസ്ഥക്കൊപ്പം വന്യമൃഗങ്ങളുടെയും വേട്ടക്കാരിൽ നിന്നുള്ള ഭീഷണിയും ഡയന് അഭിമുഖീകരിക്കേണ്ടി വന്നു. തീക്കുണ്ടത്തിനുള്ളിലെ അരിഷ്ടിത ജീവിതമായിരുന്നു പതിനെട്ടു വർഷങ്ങളിലും ഡയനവിടെ കോരിക്കുടിച്ചത്.

പ്രാണവായു നിറച്ച സിലിണ്ടറുകൾ ഉൾപ്പെടെ വൻചുമടുകളുമെടുത്ത് ശ്വാസകോശ രോഗി കൂടിയായിരുന്ന ഡയൻ നിത്യവും പർവത ഗൊറില്ലകളെ നിരീക്ഷിക്കാൻ കുത്തനെയുള്ള മലനിരകൾ കയറിപ്പോയി. ആറടിക്കുമേൽ ഉയരമുള്ള പുല്ലുകൾ നിറഞ്ഞ ഗൊറില്ലകളുടെ അധിവാസസ്ഥലത്തേക്ക് വഴികൾ പോലുമുണ്ടായിരുന്നില്ല. ഡയന്റെ ലാബാണെങ്കിൽ ഇരുപത്തിയഞ്ച് ചതുരശ്രകിലോമീറ്റർ വിസ്താരത്തിൽ നീണ്ടുപരന്ന പുൽമേടുകളും കാടുകളുമായിരുന്നു. ചുരുക്കത്തിൽ ചാരുകസേര ഗവേഷണമായിരുന്നില്ല ഡയൻ ഫോസിയുടെത്.
പഠന വസ്തുക്കളും അവർക്ക് തുടക്കത്തിൽ നല്ല പണികൊടുത്തു. ഭീകരജീവികളായി കരുതിയിരുന്ന ഗൊറില്ലകൾക്ക് മനുഷ്യരെ ഭയമായിരുന്നു. ഡയനെ കണ്ട മാത്രയിൽ ആ നാണം കുണുങ്ങികൾ പുൽമേടിനുള്ളിൽ ഒളിച്ചുകളഞ്ഞു. ഗൊറില്ലകളെ കുറിച്ച് പഠിക്കാനായി പ്രത്യേകിച്ചൊരു മെത്തഡോളജിയും ശാസ്ത്രത്തിനു അക്കാലത്ത് നിർദേശിക്കാനുണ്ടായിരുന്നില്ല. ഡയന് എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടിയിരുന്നു.

കാലിഫോർണിയയിൽ തെറാപ്പിസ്റ്റ് എന്ന നിലയിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ശുശ്രൂഷിച്ചതിലൂടെ നേടിയ അനുഭവ പാഠഭാഗങ്ങൾ ആഫ്രിക്കൻ കാട്ടിൽ ഡയനെടുത്തു വീശി. താനുമൊരു ഗൊറില്ലപ്പെണ്ണാണ് എന്ന രീതിയിൽ ഡയൻ പെരുമാറി. ഗൊറില്ലകൾക്കു മുന്നിൽ അവരുടെ മാതിരി അമറിയൊച്ചയുണ്ടാക്കി. കുരങ്ങൻ രീതിയിൽ ദേഹം ചൊറിഞ്ഞു. കാട്ടുപുല്ലുകൾ പറിച്ചു ചവച്ചവയുടെ ശ്രദ്ധ പിടിച്ചുപറ്റി. കുഞ്ഞിത്തലച്ചോറുള്ള ആ മൃഗങ്ങൾ ഈ മനുഷ്യത്തിയുടെ പെരുമാറ്റത്തിൽ വീണു.
രണ്ടടി അകലത്തിൽ വരെ ചെല്ലാൻ തങ്ങളുടെ മനുഷ്യസഹോദരിയെ ഗൊറില്ലകൾ അനുവദിച്ചു. ഗൊറില്ലക്കൊച്ചുങ്ങൾ പിന്നെയും അടുത്തു വന്നു. ഡയന്റെ ക്യാമറയുടെ വള്ളിയും തോൾബാഗിലെ ബട്ടണും വരെ അവ കൈയിലെടുത്തു കൗതുകത്തോടെ നിരീക്ഷിച്ചു. അതെല്ലാം തന്റെ ശരീരഭാഗങ്ങളാണെന്നു ഡയനും നടിച്ചു. ആൾക്കുരങ്ങുകളുടെ കാര്യത്തിൽ ഡയൻ ഒരാധികാരിക ശബ്ദമായി മാറി. ആയിരത്തിതൊള്ളായിരത്തി എൺപതിൽ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. പർവത ഗൊറില്ലകളുടെ ശരീരശാസ്ത്രവും പെരുമാറ്റരീതികളും എന്നതായിരുന്നു ഗവേഷണ പ്രബന്ധത്തിന്റെ പേര്.

ഒന്നിനു പകരം പത്ത്

ഓരോ ഗൊറില്ലയുടെയും വൈയക്തികമായ സവിശേഷതകൾ ഡയൻ അഴിച്ചെടുത്തു. കാക്കളെല്ലാം കാണാനൊന്നുപോലെ. എന്നതു മാതിരി ഏതാണ്ട് ഒരുപോലെ തോന്നിപ്പിച്ച അവയോരോന്നിനെയും തിരിച്ചറിഞ്ഞു. നമ്മൾ മനുഷ്യരുടെ വിരലടയാളങ്ങൾ പോലെ മൂക്കിലെ വരകളാണ് ഗൊറില്ലകളുടെ തിരിച്ചറിയിൽ രേഖ. അവ മറ്റൊരു ഗൊറില്ലയിൽ ആവർത്തിക്കുന്നില്ല. ഒരോ ഗൊറില്ലയുടെയും മൂക്കടയാളങ്ങൾ വരച്ചെടുത്തു. വിരൽ പോയവൻ ഡിജിറ്റ്, അങ്കൾ ബക്ക്, പുക്കർ, കോക്കോ, ബീറ്റ്മീ… അവറ്റകളുടെ സ്വഭാവ സവിശേഷതകളുമായി ഇണങ്ങുന്ന പേരിട്ടു വിളിക്കാനും ഡയൻ മറന്നില്ല.

അക്കൂട്ടത്തിൽ ഡിജിറ്റെന്ന കുട്ടിക്കുരങ്ങൻ ഡയന്റെ ഉറ്റചങ്ങാതിയായിരുന്നു. സ്വന്തം സംഘത്തിൽ സമപ്രായത്തിലുള്ള കളിക്കൂട്ടുകാരില്ലാതിരുന്ന ഡിജിറ്റ് തന്റെ സ്‌നേഹിതയായി ഡയനെ വരിച്ചു. ഡിജിറ്റ് വിശ്വപ്രസിദ്ധനാണ്. ഗോറില്ലകളെ സംബന്ധിക്കുന്ന ചിത്രങ്ങളിലെല്ലാം നമ്മൾ കാണുന്നത് ഡിജിറ്റിനെയാണ്. ആറേഴ് വർഷങ്ങൾ നീണ്ട അവരുടെ ചങ്ങാത്തം ആയിരത്തി തൊള്ളായിരത്തി എഴുപത്തിയെട്ടിൽ വേട്ടക്കാരുടെ തോക്കിനിരയായി ഡിജിറ്റ് കൊല്ലപ്പെടുന്നതു വരെ തുടർന്നു. ആ മരണം അവരുടെ പോരാട്ട വീര്യത്തെ ജ്വലിപ്പിക്കുകയാണ് ചെയ്തത്. ഗൊറില്ലകളുടെ രക്ഷക്കായുള്ള പ്രസിദ്ധമായ നിധി തുടങ്ങിയത് ഡിജിറ്റ് ഗൊറില്ല ഫണ്ട് എന്ന പേരിലായിരുന്നു. രണ്ടായിരത്തി പതിനേഴ് സെപ്തംബറിൽ ആ ഫണ്ടിന് അമ്പത് വർഷങ്ങൾ പ്രായമായി.

പർവത ഗൊറില്ലകളുടെ ഇരുപത്തിനാല് സംഘങ്ങളിൽ നാലെണ്ണത്തിനെ അവർ വിശദമായി പഠിച്ചു. പതിനൊന്നായിരം മണിക്കൂറുകളാണ് ഇതിനായി ഡയൻ വിനിയോഗിച്ചത്.
സംഘജീവിതമാണ് അവ നയിച്ചിരുന്നത്. അതിപ്രാകൃതരായ മനുഷ്യരുടെതിനു സമാനമായ ഗോത്രജീവിതം. മുതിർന്ന പുരുഷനാണ് സംഘത്തലവൻ. ഇളമുറക്കാർ നേതാവിന് അകമ്പടി കൊടുക്കുന്നു. ഒരു കുടുംബത്തിൽ എട്ടുപത്തംഗങ്ങളുണ്ടാവും. വിശ്രമവേളകളിൽ ഒരു കുടുംബം മുഴുവനും വളഞ്ഞിരുന്ന് പേൻ പെറുക്കുന്ന പരിപാടിയിൽ മുഴുകാറുണ്ട്. കുട്ടികളെ പോറ്റി വളർത്തുന്ന ജീവികളാണിവർ. ഗൊറില്ലക്കുട്ടികൾ വിനോദ പ്രിയരാണ്. ഗൊറില്ലക്കൊച്ചുങ്ങളുടെ നിരങ്ങിക്കളിയെക്കുറിച്ച് ഡയൻ പ്രത്യേകം പറയുന്നുണ്ട്.

പകൽ വെളിച്ചത്തിലാണ് ഗൊറില്ലകൾ ഭക്ഷണം തേടുന്നത്. സസ്യഭോജികളെങ്കിലും ചിതലുകൾ, വണ്ടുകൾ എന്നിവയെ സ്വാദുനോക്കുന്ന ശീലവും അവക്കുണ്ട്. സ്വന്തം വിസർജ്യത്തിലും അവ താത്പര്യം കാണിക്കുന്നുണ്ട്. കൂടുകളിലാണ് രാത്രിയിൽ തങ്ങുന്നത്. തറയിൽ പച്ചികളും മരച്ചില്ലകളും വിരിച്ചൊരുക്കിയ താത്കാലിക കൂടുകളിൽ അന്തിയുറങ്ങുന്ന അവ കോരിച്ചൊരിയുന്ന മഴക്കാലത്ത് മരപ്പൊത്തുകളിൽ ഒരുങ്ങിക്കൂടുന്നു.

തങ്ങളെ പിടിക്കാനെത്തുന്ന വേട്ടക്കാർക്കു മുന്നിൽ ഗൊറില്ലകൾ പമ്മിപ്പതുങ്ങാറില്ല. സംഘാംഗങ്ങളെ രക്ഷിക്കാനായി സ്വന്തം ജീവൻ വെടിയാൻ മടിക്കാത്തവരാണ് ഗൊറില്ലകൾ. ഓരോ കുഞ്ഞും ചതിവലയിലാകുമ്പോൾ മുതിർന്ന പത്ത് ഗൊറില്ലകളാണ് അവരെ വിടുവിക്കാനുള്ള ശ്രമത്തിനിടയിൽ കൊല്ലപ്പെടുന്നത്. ഗവേഷണം പോലും നിർത്തിവെച്ചുകൊണ്ട് അവയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കാൻ അതു ഡയനെ പ്രേരിപ്പിച്ചു. ഗൊറില്ലകളെ പിടിക്കുന്നതിലും കടത്തുന്നതിലും പിന്നിൽ വൻതോക്കുകളാണുണ്ടായിരുന്നത്. മാഫിയകളിൽ നിന്നും തനിക്ക് ജീവൻ നഷ്ടമാകാൻ സാധ്യതയുണ്ട്. ഭീഷണികളൊന്നും അവർ വകവെച്ചതേയില്ല.

ആയിരത്തി തൊള്ളായിരത്തി എഴുപതിലെ ജനുവരി ലക്കം നാഷനൽ ജിയോഗ്രാഫിക് മാഗസിൻ പുറത്തിറങ്ങിയത് ഡയന്റെ മുഖച്ചിത്രവുമായിട്ടായിരുന്നു. തോളത്ത് കൊക്കാമന്തിയെടുത്ത ഗൊറില്ലയുമായി ഒരു മദാമ്മ. വായനക്കാർ ആ ചിത്രം കണ്ടതിശയിച്ചു. അതോെട ലോകം ഡയനിലേക്ക് കണ്ണുകളും കാതുകളും തിരിച്ചുവെച്ചു.

Latest