Connect with us

Kerala

ആക്ഷേപങ്ങള്‍ക്ക് പുല്ലുവില: ജിഫ്രി തങ്ങള്‍

Published

|

Last Updated

മലപ്പുറം | എനിക്കെതിരെ പല ആക്ഷേപങ്ങള്‍ വന്നിട്ടുണ്ടെന്നും അതിനൊക്കെ പുല്ലുവിലയാണ് കൊടുക്കുന്നതെന്നും സമസ്ത ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആക്ഷേപങ്ങളെ അവജ്ഞയോടെ തള്ളുകയാണ്. എനിക്ക് ആളാവാന്‍ വേണ്ടി ഞാന്‍ ഒന്നും ചെയ്യുന്നില്ല. ‘സമസ്ത’ക്ക് വേണ്ടിയാണ് ചെയ്യുന്നത്. ദഫ് മുട്ടി ആനയിക്കുമ്പോള്‍ പോലും അത് വേണ്ടെന്ന് പറയാറാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ഇ കെ വിഭാഗം മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. വധ ഭീഷണി നടത്തി എന്നൊന്നും പറഞ്ഞിട്ടില്ല. എനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ചെയ്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും പരാതി നല്‍കിയിട്ടില്ല. മഹാന്മാരെ മോശമായി ചിത്രീകരിക്കുന്ന നടപടി പാടില്ല. പുതിയ ആശയക്കാരുടെ സമ്മേളനങ്ങളിലേക്ക് പോകുന്ന നടപടി സുന്നി പണ്ഡിതന്മാരില്‍ നിന്ന് ഉണ്ടാകരുത്. അത് അനുവദിക്കാന്‍ കഴിയില്ല. അവിടെ പോയി എന്ന് കരുതി അവര്‍ നന്നാവാനൊന്നും പോകുന്നില്ല.

അനുഭാവികളെന്ന് നടിച്ച് ‘സമസ്ത’യുടെ ആശയങ്ങളെ എതിര്‍ക്കാന്‍ അനുവദിക്കില്ല. അവര്‍ക്ക് വേറെ മേച്ചില്‍ പുറം തേടിപ്പോകാം. അത്തരക്കാരെ പിടിച്ച് പുറത്തിടും. പുതിയ ആശയക്കാരെ ശക്തമായി നേരിടണം. അതില്‍ അനാസ്ഥ പാടില്ല. ‘സമസ്ത’യില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. കൂടുതലും ലീഗുകാരാണ്. ലീഗിലുമുണ്ട് മുജാഹിദുകള്‍ അടക്കം വിവിധ സംഘടനകളില്‍പ്പെട്ടവര്‍. ഭരിക്കുന്നവരുമായി നല്ല ബന്ധം പുലര്‍ത്താറുണ്ട് ‘സമസ്ത.’ എന്ന് കരുതി പരമ്പരാഗതമായി ‘സമസ്ത’ തുടര്‍ന്നുവന്ന ആഭിമുഖ്യങ്ങള്‍ മാറ്റില്ല. അങ്ങനെയൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. ‘സമസ്ത’യുടെ ആശയാദര്‍ശങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്ക് സംഘടനയില്‍ സ്ഥാനമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

 

 

Latest