Connect with us

National

ഹൈക്കോടതി ഉത്തരവിന് പുല്ലുവില; ഷാജഹാന്‍ ഷെയ്ഖിനെ സി ബി ഐക്ക് കൈമാറാന്‍ തയ്യാറാകാതെ ബംഗാള്‍ സര്‍ക്കാര്‍

ഇന്ന് രാത്രി ഏഴരയോടെ സി ബി ഐ സംഘം പോലീസ് ആസ്ഥാനത്തു നിന്ന് വെറുംകൈയോടെ മടങ്ങി.

Published

|

Last Updated

കൊല്‍ക്കത്ത | ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണം, സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ ഹൈക്കോടതി ഉത്തരവിട്ടിട്ടും സി ബി ഐക്ക് കൈമാറാന്‍ തയ്യാറാകാതെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഷാജഹാനെയും കേസുമായി ബന്ധപ്പെട്ട രേഖകളും ഇന്ന് വൈകിട്ട് നാലരയോടെ സി ബി ഐക്ക് കൈമാറാനായിരുന്നു ബംഗാള്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റിനോട് (സി ഐ ഡി) ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഉത്തരവ് പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് രാത്രി ഏഴരയോടെ സി ബി ഐ സംഘം പോലീസ് ആസ്ഥാനത്തു നിന്ന് വെറുംകൈയോടെ മടങ്ങി. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത് മുന്‍നിര്‍ത്തിയാണ് ഷാജഹാനെ സി ബി ഐക്കു കൈമാറാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചത്.

കേസില്‍ ബംഗാള്‍ പോലീസ് പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഷാജഹാനെതിരായ ആരോപണങ്ങളില്‍ സുതാര്യവും സത്യസന്ധവും പൂര്‍ണാര്‍ഥത്തിലുമുള്ള അന്വേഷണം നടത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. സി ബി ഐക്ക് വിടാനാകുന്ന ഇതിനെക്കാള്‍ നല്ലൊരു കേസ് വേറെയുണ്ടാകില്ലെന്നു കോടതി നിരീക്ഷിച്ചു. കേസ് സി ബി ഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ആവശ്യം പരമോന്നത കോടതി നിരാകരിക്കുകയായിരുന്നു.

ഷാജഹാന്‍ ഷെയ്ഖിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
വിവിധ കേസുകളില്‍ പ്രതിയായ ഷാജഹാന്‍ ഷെയ്ഖിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. 12.78 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അപാര്‍ട്ട്‌മെന്റ്, ക്ൃഷിഭൂമി, മത്സ്യവ്യവസായത്തിനുള്ള സ്ഥലം, ഗ്രാം സെര്‍ബേറിയ, സന്ദേശ്ഖാലി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഭൂമി, കെട്ടിടങ്ങള്‍ തുടങ്ങിയ 14 സ്ഥാവര സ്വത്തുക്കള്‍ക്കു പുറമെ രണ്ട് ബേങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും.

 

Latest