Connect with us

qabarstan

വികസനത്തിന് ഖബർസ്ഥാൻ; തുല്യ മൂല്യമുള്ള ഭൂമി നൽകണം

ഖബർസ്ഥാനുകളിലെ സ്ഥല പരിമിതി സംബന്ധിച്ച് പഠനം നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ ഖബർസ്ഥാനുകൾ നേരിടുന്ന പ്രശ്‌നങ്ങളും അവ പരിഹരിക്കുന്നതിനുള്ള ശിപാർശകളും അടങ്ങുന്ന പഠന റിപോർട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. പ്രധാനമായും മൂന്ന് ശിപാർശകളാണ് സമിതി സർക്കാറിന് മുന്നിൽ വെച്ചിട്ടുള്ളത്. വികസന പദ്ധതികൾക്കും മറ്റും മസ്ജിദിനോട് ചേർന്നോ അല്ലാതെയോ ഉള്ള ഖബർസ്ഥാനുകളുടെ ഭൂമിയോ ഭൂമിയുടെ ഭാഗമോ പൊതുതാത്പര്യാർഥം സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ പകരമായി തുല്യ മൂല്യത്തിലുള്ള സ്ഥലം ഏറ്റെടുത്തു നൽകണമെന്നാണ് പ്രധാന ശിപാർശ. പകരം നൽകുന്ന ഭൂമി മസ്ജിദിനു 10-15 കിലോമീറ്റർ പരിധിയിൽ ജനബാഹുല്യം കുറഞ്ഞ പ്രദേശത്താകണമെന്നും ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി കെ ഹനീഫ അധ്യക്ഷനായ സമിതിയുടെ റിപോർട്ടിൽ നിർദേശിക്കുന്നു.

പട്ടണ, നഗരപ്രദേശങ്ങളിൽ മസ്ജിദുകളോട് ചേർന്നുള്ള ഖബർസ്ഥാനുകളുടെ സ്ഥല പരിമിതി പരിഹരിക്കുന്നതിനായി, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരു ജില്ലയിൽ കുറഞ്ഞത് ഒരു പൊതു ശ്മശാനമെങ്കിലും നിർമിക്കണമെന്നും അതിലൊരുഭാഗം മുസ്ലിം വിശ്വാസപ്രകാരമുള്ള മയ്യിത്ത് സംസ്‌കരണത്തിനായി മാറ്റിവെക്കണമെന്നും റിപോർട്ടിൽ പറയുന്നു. ജന ബാഹുല്യം നന്നേ കുറഞ്ഞതോ ജനവാസ മേഖലയിൽ നിന്നും അകലെയുള്ളതോ ആയ സ്ഥലം ശ്മശാന നിർമാണത്തിനായി ഏറ്റെടുത്ത് നൽകാൻ ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റിയോ മറ്റേതെങ്കിലും മുസ്ലിം സന്നദ്ധ സംഘടനകളോ സർക്കാറിനെ സമീപിക്കുകയാണെങ്കിൽ മതിയായ നഷ്ടപരിഹാരത്തുക ഈടാക്കി സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.

മുസ്ലിം ന്യൂനപക്ഷ വിഭാഗം നേതാക്കളുമായും സംഘടനാ പ്രതിനിധികളുമായും കമ്മീഷൻ നടത്തിയ ചർച്ചകളിലും ലഭിച്ചിട്ടുള്ള പല നിവേദനങ്ങളിലും ഖബർസ്ഥാനുകളിലെ സ്ഥല പരിമിതി സംബന്ധിച്ച് പഠനം നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. സംസ്ഥാനത്തെ നഗരവത്കരണവും വാണിജ്യവത്കരണവും വിവിധ വികസന പദ്ധതികൾക്ക് സ്ഥലമെടുക്കുന്നതും മൂലം നഗരങ്ങളിലും പട്ടണങ്ങളിലും ഖബർസ്ഥാനുകളിൽ സ്ഥല ദൗർലഭ്യം വലിയ പ്രശ്‌നമായി മാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ കമ്മീഷൻ കേരള സർവകലാശാല സോഷ്യോളജി വകുപ്പിനെ റിപോർട്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപോർട്ടാണ് ആവശ്യമായ ഭേദഗതികളോടെ കമ്മീഷൻ അംഗീകരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.

---- facebook comment plugin here -----

Latest