Connect with us

മണ്ഡല പര്യടനം

പച്ചത്തുരുത്തിലെ വമ്പുറ്റ പോര്

ലീഗിലെ അനഭിമതരുടെ വോട്ട് ഹംസ വാരുമെന്നാണ് ഇടതിന്റെ മനക്കോട്ട. മുന്‍ നേതാവ് തൊടുത്തുവിടുന്ന വിമര്‍ശങ്ങള്‍ക്ക് ചെവികൊടുക്കാതെ അടിത്തട്ടിലും മേല്‍ത്തട്ടിലും ശക്തമായ പ്രചാരണത്തില്‍ മുഴുകിയിരിക്കുകയാണ് ലീഗ്.

Published

|

Last Updated

ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ രണ്ട് പതിറ്റാണ്ടിലധികം ചെങ്കൊടി പാറിയ മണ്ണില്‍ ആഴത്തില്‍ പച്ചപ്പ് ഉറച്ചതോടെ 1977 മുതല്‍ 2009 വരെ തിരഞ്ഞെടുപ്പ് മത്സരാവേശം തന്നെ ചോര്‍ന്ന ലോക്സഭാ മണ്ഡലമായിരുന്നു പൊന്നാനി. എന്നാല്‍, നിയമസഭാ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ വലതിനോളം തന്നെ ഇടതിനും മേല്‍ക്കൈയുണ്ട്. അതിനാല്‍ വീറുറ്റ പോരിനുള്ള സാധ്യത നിലവില്‍ പൊന്നാനി തുറന്നുവെച്ചിട്ടുണ്ട്. മികച്ച സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ അട്ടിമറി വരെ പ്രതീക്ഷിക്കാം. ഇത് മനസ്സിലാക്കിയാണ് മുസ്ലിം ലീഗ് മുന്‍ നേതാവിനെ തന്നെ ഇടതുപക്ഷം കളത്തിലിറക്കിയത്. മുസ്ലിം ലീഗ് മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ എസ് ഹംസയാണ് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ മത്സരിക്കുന്നത്. യു ഡി എഫിന് വേണ്ടി മലപ്പുറത്തെ സിറ്റിംഗ് എം പി അബ്ദുസ്സമദ് സമദാനിയും എന്‍ ഡി എ സ്ഥാനാര്‍ഥിയായി മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനും കളത്തിലുണ്ട്.

അനഭിമത വോട്ടില്‍ കണ്ണിട്ട്
ലീഗിലെ അനഭിമതരുടെ വോട്ട് ഹംസ വാരുമെന്നാണ് ഇടതിന്റെ മനക്കോട്ട. ഇതുവരെ കാരണം വ്യക്തമാക്കാതെ, സിറ്റിംഗ് എം പി. ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റിയതിലും സമദാനിയെ കൊണ്ടുവന്നതിലും ലീഗണികളില്‍ നീരസമുണ്ട്. നേരത്തേ കോട്ടക്കലില്‍ നിന്ന് എം എല്‍ എ ആയപ്പോള്‍ സമദാനിക്കെതിരെ നീരസം ഉടലെടുത്തിരുന്നു. ഇത് വോട്ടുചോര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. മുതിര്‍ന്ന ഭാരവാഹിത്വത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ പ്രാദേശിക നേതാക്കളുമായി നല്ല സൗഹൃദത്തിലാണ് ഹംസ. ഈ സൗഹൃദം മുതലെടുത്ത് അദ്ദേഹം നേതാക്കളെ സമീപ്പിക്കുന്നുമുണ്ട്. ലീഗിലെ മുതിര്‍ന്ന നേതാക്കളോടുള്ള ചില രണ്ടാംനിര നേതാക്കള്‍ക്കുള്ള വിയോജിപ്പ് അനുകൂലമാകുമെന്നും വിലയിരുത്തലുണ്ട്.

മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി പാണക്കാട് ജുമഅത്ത് പള്ളിയിലെത്തി ഹൈദരലി തങ്ങളുടെ ഖബറിടം സന്ദര്‍ശിച്ചിരുന്നു. ഇത്തരം സൈക്കളോജിക്കല്‍ മൂവുകള്‍ ലീഗിലെ ഒരു വിഭാഗത്തെ സ്വാധീനിച്ചേക്കും. ഹൈദരലി തങ്ങളെ ഇ ഡി ചോദ്യം ചെയ്തതും ലീഗ് നേതൃത്വത്തിലെ ചിലര്‍ക്ക് നേരെ ഉയര്‍ന്ന കള്ളപ്പണ ഇടപാട് ആരോപണവുമെല്ലാം ഉന്നയിച്ച് രൂക്ഷമായ ഭാഷയിലാണ് ഹംസയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇതിന് മറുപടിയുമായി ലീഗ് രംഗത്ത് വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. പറയുന്നത് പറയട്ടെ എന്ന നിലപാടിലാണ് അവര്‍. ഇങ്ങനെ രൂക്ഷഭാഷയില്‍ ലീഗ് നേതൃത്വത്തെ വിമര്‍ശിച്ചും ഹൈദരലി തങ്ങളടക്കമുള്ള മണ്‍മറഞ്ഞ നേതാക്കളെ പുകഴ്ത്തിയുമുള്ള പ്രസംഗളൊക്കെ ലീഗിലെ സാധാരണക്കാരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഇടതുകേന്ദ്രങ്ങള്‍ വിശ്വസിക്കുന്നത്.

 വിള്ളലുണ്ടാകുമോ?
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് 10,194 വോട്ടിന്റെ ഭൂരിപക്ഷമാണ് പൊന്നാനിയില്‍ യു ഡി എഫിനൂള്ളത്. ഏഴ് നിയമസഭാ സീറ്റില്‍ നാലെണ്ണം ഇടതിനൊപ്പം. തൃത്താലക്കും താനൂരിനുമൊപ്പം പൊന്നാനിയും കെ ടി ജലീലിന്റെ തവനൂരും കൂടിയാകുമ്പോള്‍ ലോക്സഭാ മണ്ഡലം ഇടതിന് പൊന്നാണ്. ലീഗിന്റെ ഉറച്ച കോട്ടകളായ തിരൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി മണ്ഡലങ്ങളിലാണ് യു ഡി എഫിന്റെ വോട്ട് ബേങ്ക്. കോണ്‍ഗ്രസ്സിന് കാര്യമായ വേരോട്ടമുള്ള മണ്ഡലമാണ് പൊന്നാനി. തദ്ദേശ തിരഞ്ഞെടുപ്പുകളിലെല്ലാം സീറ്റ് വീതംവെപ്പില്‍ ലീഗുമായി പലപ്പോഴും ഇടയാറുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിയോജിപ്പ് പരസ്യമായിരുന്നു. ഈ എതിര്‍പ്പ് ഹംസക്ക് അനുകൂലമാകുമെന്നും കോണ്‍ഗ്രസ്സ് വോട്ടില്‍ വിള്ളല്‍ വീഴത്തുമെന്നാണ് ഇടതുപ്രചാരണം. 2014ല്‍ ഇ ടിയുടെ ഭൂരിപക്ഷം കാല്‍ ലക്ഷത്തിലേക്ക് താഴ്ത്തിയത് മുന്‍ കോണ്‍ഗ്രസ്സുകാരാനയ ഇപ്പോഴത്തെ മന്ത്രി വി അബ്ദുര്‍റഹ്്മാനാണ്.

അന്ന് കോണ്‍ഗ്രസ്സ് വോട്ടുകളില്‍ വിള്ളല്‍ വീണിരുന്നു. തീരദേശങ്ങള്‍ പങ്കിടുന്ന മണ്ണായതിനാല്‍ മത്സ്യത്തൊഴിലാളികളിലെ സ്വാധീനമടക്കമുള്ള ഘടകങ്ങള്‍ അനുകൂലമാണെന്ന് ഇടത് ക്യാമ്പ് പ്രതീക്ഷിക്കുന്നു.

മാനം കാത്ത പൊന്നാനി
എന്നാല്‍, ഇതൊന്നും അജയ്യതയെ ബാധിക്കില്ലെന്നാണ് ലീഗ് പറയുന്നത്. ഏത് കാറ്റിലും കോളിലും ഉലയാതെ ലീഗിനെ കാത്ത പാരമ്പര്യം പൊന്നാനിക്കുണ്ട്. നാലര പതിറ്റാണ്ടായി ഇടത് തന്ത്രങ്ങളെ അതിജീവിച്ച ഹരിത പതാകയാണ് തീരത്തെ വിളക്കുമാടത്തില്‍ പാറുന്നത്.

ശക്തമായ സംഘടനാ ചാനലിലൂടയാണ് പ്രചാരണം നടത്തുന്നത്. പൊന്നാനി കണ്ടതില്‍ ഏറ്റവും മോശം സ്ഥാനാര്‍ഥിയോടാണ് ഇപ്പോള്‍ എതിരിടുന്നതെന്നാണ് ലീഗ് നിലപാട്.

മുന്‍ നേതാവ് തൊടുത്തുവിടുന്ന വിമര്‍ശങ്ങള്‍ക്ക് ചെവികൊടുക്കാതെ അടിത്തട്ടിലും മേല്‍ത്തട്ടിലും ശക്തമായ പ്രചാരണത്തില്‍ മുഴുകിയിരിക്കുകയാണ് ലീഗ്.

 

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

Latest