സാഹിത്യം
സഹനത്തിന്റെ മഹാഗാഥകൾ
കാങ് ഹ്‌സ്യൂവിന്റെ രചനകൾ ഭരണകൂടഭീകരതകളിൽ ജീവിതം തകർന്നടിഞ്ഞ താനുൾപ്പെടെയുള്ള ആയിരക്കണക്കിന് ജനങ്ങളുടെ ദൈന്യവും സംത്രാസവും ആവിഷ്കരിക്കുന്നു. വായന, എഴുത്ത്, ചിന്ത എന്നിവയുടെ പേരിൽ സമൂഹത്തിന്റെ മുന്നണിയിൽനിന്നും നിഷ്കാസനം ചെയ്യപ്പെട്ട അനേകം പേരുടെ ജീവിത ദുരിതങ്ങൾ അവ അനാവരണം ചെയ്യുന്നു. റിയലിസത്തിന്റെയും സർറിയലിസത്തിന്റെയും വിദഗ്ധമായ സംശ്ലേഷണം അവരുടെ രചനകളെ ഉജ്ജ്വലമായ വായനാനുഭവങ്ങളാക്കുന്നു.
ഈ വർഷത്തെ നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വായനലോകത്ത്, കഴിഞ്ഞ വർഷത്തേതുപോലെ, അനൗദ്യോഗികമായ ഒരു അഭിപ്രായ സർവേ നടക്കുകയുണ്ടായി. അതിൽ ഏറ്റവും കൂടുതൽ വായനക്കാർ തിരഞ്ഞെടുത്തത് വിഖ്യാത ചൈനീസ് എഴുത്തുകാരിയായ കാങ് ഹ്‌സ്യൂ (Can Xue) വിനെയായിരുന്നു. കഴിഞ്ഞ വർഷത്തെ സർവേയിലും ഇവർക്കുതന്നെയായിരുന്നു മുൻതൂക്കം. എന്നാൽ 2023 ൽ യോൻ ഫോസ്സേയും ഈ വർഷം ഹാൻ കാങ്ങും നൊബേൽ മെഡലിന്റെ അവകാശികളായതോടെ പ്രവചനങ്ങൾക്കും സർവേകൾക്കും മങ്ങലേൽക്കുകയായിരുന്നു.
ഇത്തവണ കാങ് ഹ്‌സ്യൂ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ ചൈനയുടെ മണ്ണിലേക്ക് നൊബേൽ സമ്മാനം കൊണ്ടുവരുന്ന രണ്ടാമത്തെ നോവലിസ്റ്റ് എന്ന ബഹുമതി അവർക്ക് സ്വന്തമായേനെ.
ചൈനയിലെ വിമത എഴുത്തുകാരിൽ പ്രധാനിയാണ് കാങ് ഹ്‌സ്യൂ എന്ന തൂലികാനാമത്തിൽ എഴുതുന്ന ഡെങ് സിയോഹ്വ (Deng Xiaohua). നോവലിസ്റ്റ്, കഥാകൃത്ത്, സാഹിത്യനിരൂപക എന്ന നിലയിൽ ഉന്നതമായ സ്ഥാനമാണ് ലോകമെമ്പാടുമുള്ള വായനക്കാർ ഇവർക്ക് നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര മാൻ ബുക്കർ പ്രൈസിന് പരിഗണിക്കപ്പെടേണ്ട എഴുത്തുകാരുടെ പട്ടികയിൽ രണ്ട് തവണ ഇടം നേടിയ എഴുത്തുകാരിയാണ് കാങ് ഹ്‌സ്യൂ.1953ൽ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ ഒരിടത്തരം കുടുംബത്തിലാണ് കാങ് ഹ്‌സ്യൂ ജനിച്ചത്. അവിടുത്തെ ഒരു പ്രമുഖ ദിനപ്പത്രത്തിന്റെ പത്രാധിപരായിരുന്നു പിതാവ്. അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന എണ്ണമറ്റ പുസ്തകങ്ങൾ കാങിന്റെ വായനാശീലത്തെ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു.
പൊതുവെ ശാന്തമായിരുന്ന അവരുടെ കുടുംബജീവിതം സാംസ്‌കാരിക വിപ്ലവത്തെ തുടർന്ന് തകിടം മറിഞ്ഞു. വിപ്ലവത്തിനുശേഷം നിലവിൽ വന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം രാജ്യത്തെ ബുദ്ധിജീവികളെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തപ്പോൾ കാങിന്റെ മാതാപിതാക്കളെ, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി, നാടുകടത്തുകയാണുണ്ടായത്. സ്വന്തം വീട്ടിൽനിന്നും പുറത്താക്കപ്പെട്ട കാങും ഏഴ് സഹോദരങ്ങളും പിന്നീട് മുത്തശ്ശിക്കൊപ്പം ഒരു മലഞ്ചെരുവിലെ കുടിലിൽ കടുത്ത ദാരിദ്ര്യം അനുഭവിച്ചുകൊണ്ടാണ് കഴിഞ്ഞത്. അക്കാലത്ത് മത്തൻ പൂവും കണ്ണിൽ കണ്ട ഇലകളും കായ്കളുമെല്ലാം ഭക്ഷിച്ചുകൊണ്ടാണ് അവർ ജീവൻ നിലനിർത്തിയത്.
പട്ടിണിയും രോഗവും മൂലം ആകസ്മികമായി മുത്തശ്ശിയും മരണപ്പെട്ടതോടെ കുട്ടികൾ അക്ഷരാർഥത്തിൽ അനാഥരാവുകയായിരുന്നു. പിന്നീടങ്ങോട്ടുള്ള കാങ്ങിന്റെ ജീവിതം അങ്ങേയറ്റം ദുരിതപൂർണമായിരുന്നു. ഔപചാരിക വിദ്യാഭ്യാസം നിലച്ചതിനെ തുടർന്ന് ജീവസന്ധാരണത്തിനായി പല ജോലികളും അവർക്ക് ചെയ്യേണ്ടിവന്നു. എങ്കിലും തോൽക്കാൻ തയ്യാറാകാതെ അവർ പൊരുതി മുന്നേറി. വായനയും ചെറിയ രീതിയിൽ എഴുത്തും തുടർന്നു. സ്വന്തമായി ഇംഗ്ലീഷ് പഠിച്ചു. പാശ്ചാത്യസാഹിത്യത്തിൽ ആകൃഷ്ടയാവുകയും അവിടുത്തെ ഒട്ടേറെ മാസ്റ്റർപീസുകളുമായി പരിചയപ്പെടുകയും ചെയ്തു. ജീവിതം നിർബന്ധപൂർവം വെച്ചു നീട്ടിയ കയ്പ്പുനീർ കുടിക്കുമ്പോഴും പുസ്തകങ്ങൾ തനിക്ക് ആഹ്ലാദം നൽകിയെന്ന് പിൽക്കാലത്ത് അവർ രേഖപ്പെടുത്തിയിട്ടുണ്ട്. കാങ് ഹ്‌സ്യൂ എന്ന എഴുത്തുകാരി ചൈനയുടെ അക്ഷരലോകത്ത് അറിയപ്പെടുന്നത് 1980 നു ശേഷമാണ്.
ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങൾ ഭരണകൂട വ്യവസ്ഥിതിക്കെതിരെയുള്ള അമർഷവും പ്രതിഷേധവുമായി അവരുടെ എഴുത്തിനെ മാറ്റി ത്തീർത്തപ്പോൾ അവിടുത്തെ നിഷേധികളായ എഴുത്തുകാരുടെ കൂട്ടത്തിൽ അവരും ഉൾപ്പെടുകയായിരുന്നു. ഭരണകൂട വിമർശകയെന്ന നിലയിൽ ചൈനയിലെ ഔദ്യോഗികമായ പദവികളും ബഹുമതികളും കാങിന് നിഷേധിക്കപ്പെട്ടപ്പോൾ പാശ്ചാത്യലോകത്ത് അവർ വാഴ്ത്തപ്പെട്ടു. നോവലുകളും ചെറുകഥകളും സാഹിത്യനിരൂപണങ്ങളുമായി അവരുടെ നൂറുകണക്കിന് രചനകൾ ഇംഗ്ലീഷ് പതിപ്പുകളിലൂടെ പുറത്തിറങ്ങിയതോടെ കാങ് ഹ്‌സ്യൂ എന്ന എഴുത്തുകാരി അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർന്നു. 2015 ൽ അവരുടെ “The Last Lover’ എന്ന നോവലിന് മികച്ച വിവർത്തിത രചനക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. “Love In The New Millennium’ എന്ന നോവലും “I Live In The Slums ‘ എന്ന കഥാസമാഹാരവും രണ്ട് തവണ ഇന്റർനാഷനൽ മാൻ ബുക്കർ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടാൻ അവർക്ക് സഹായകമായി.
2019ൽ പ്രസിദ്ധീകരിച്ച “Barefoot Doctor’ എന്ന നോവൽ അന്താരാഷ്ട്ര തലത്തിൽ നേടിയ അംഗീകാരം നൊബേൽ പുരസ്കാരത്തിന്റെ അവസാന പട്ടികയിലും അവർക്ക് ഇടം നേടിക്കൊടുത്തു.കാങ് ഹ്‌സ്യൂവിന്റെ രചനകൾ ഭരണകൂടഭീകരതകളിൽ ജീവിതം തകർന്നടിഞ്ഞ താനുൾപ്പെടെയുള്ള ആയിരക്കണക്കിന് ജനങ്ങളുടെ ദൈന്യവും സംത്രാസവും ആവിഷ്കരിക്കുന്നു. വായന, എഴുത്ത്, ചിന്ത എന്നിവയുടെ പേരിൽ സമൂഹത്തിന്റെ മുന്നണിയിൽനിന്നും നിഷ്കാസനം ചെയ്യപ്പെട്ട അനേകം പേരുടെ ജീവിത ദുരിതങ്ങൾ അവ അനാവരണം ചെയ്യുന്നു.
റിയലിസത്തിന്റെയും സർറിയലിസത്തിന്റെയും വിദഗ്ധമായ സംശ്ലേഷണം അവരുടെ രചനകളെ ഉജ്ജ്വലമായ വായനാനുഭവങ്ങളാക്കുന്നു. ടോൾസ്റ്റോയ്, ഷേയ്ക്സ്പിയർ, കാഫ്‌ക, ബോർഹസ് തുടങ്ങിയ മഹാപ്രതിഭകളുടെ വലിയ ഇഷ്ടക്കാരിയായ കാങ് ഹ്‌സ്യൂ ഇപ്പോൾ ബീജിംഗിലാണ് താമസിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ സ്വീഡിഷ് അക്കാദമിയുടെ അംഗീകാരം സഹനത്തിന്റെ മഹാഗാഥകൾ രചിച്ച ഈ എഴുത്തുകാരിക്ക് ലഭിക്കുകതന്നെ ചെയ്യുമെന്ന പ്രതീക്ഷയിലാണ് വായനലോകം. അതിന് അധികകാലം കാത്തിരിക്കേണ്ടിവരില്ലെന്ന് പ്രത്യാശിക്കാം.