From the print
മഹാ ദുരന്തം...
മരിച്ച 45 പേരെ തിരിച്ചറിഞ്ഞു. ഇതിൽ ഏഴ് പേർ കുട്ടികളാണ്
കൽപ്പറ്റ | കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്. മേപ്പാടി ചൂരൽമല- മുണ്ടക്കൈയിലുണ്ടായ രണ്ട് ഉരുൾപൊട്ടലുകൾ പ്രദേശത്തെ ആകെ വിഴുങ്ങിയ മഹാദുരന്തമായി. 140 പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ച 45 പേരെ തിരിച്ചറിഞ്ഞു. ഇതിൽ ഏഴ് പേർ കുട്ടികളാണ്. 98 പേരെ കാണാതായി. പരുക്കേറ്റ 200ലേറെ പേർ മേപ്പാടി മൂപ്പൻസ് മെഡി. കോളജ് ആശുപത്രി, മേപ്പാടി കുടുംബാരോഗ്യകേന്ദ്രം, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി, കൽപ്പറ്റ ജന. ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. മേപ്പാടിയിലും നിലമ്പൂരിലുമായി 51 പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു.
രണ്ട് ഉരുൾപൊട്ടൽ, പുഴ രണ്ടായി
ഇന്നലെ പുലർച്ചെ ഒന്നരക്കും രണ്ടിനുമിടയിലാണ് ഉറങ്ങിക്കിടക്കുന്ന ജനങ്ങൾക്ക് മേൽ ദുരന്തം ആർത്തലച്ചെത്തിയത്. പിന്നാലെ പുലർച്ചെ നാലോടെ രണ്ടാമതും ഉരുൾപൊട്ടി. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയ കള്ളാടിയിൽ നിന്ന് അഞ്ച് കിലോ മീറ്റർ ദൂരത്താണ് ദുരന്തം. ചൂരൽമല അങ്ങാടിയോട് ചേർന്നൊഴുകുന്ന പുന്നപ്പുഴ രണ്ടായി പിരിഞ്ഞ് സമീപത്തെ വീടുകളും സ്‌കൂളും തകർത്തു. മുണ്ടക്കൈയിൽ നിരവധി വീടുകളും പാടികളും ചെളിയിൽ മൂടി. 20ഓളം മൃതദേഹങ്ങൾ പുഴയിൽ ഒലിച്ചുപോയി. പുലർച്ചെ അഞ്ചോടെ രക്ഷാപ്രവർത്തനം പൂർണതോതിൽ ആരംഭിച്ചതോടെയാണ് ചൂരൽമല ടൗണിൽ നിന്നടക്കം നിരവധി പേരുടെ മൃതദേങ്ങൾ കണ്ടെത്തിയത്. അങ്ങാടിയിൽ നിർത്തിയിട്ട വാഹനങ്ങളടക്കം ഒഴുക്കിൽപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളും തകർന്നു. ചൂരൽമല ടൗണിലെ പാലം തകർന്നത് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈ മേഖലയിൽ എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കി. ഇത് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. എൻ ഡി ആർ എഫും സൈന്യവും രംഗത്തെത്തിയതോടെയാണ് രക്ഷാപ്രവർത്തനം ഊർജിതമായത്.
സാഹസിക രക്ഷാപ്രവർത്തനം
ആദ്യഘട്ടത്തിൽ ചൂരൽമലയിൽ പുഴക്ക് കുറുകെ വടം കെട്ടിയായിരുന്നു മൃതദേഹങ്ങളും പരുക്കുപറ്റിയവരെയും ആശുപത്രിയിലെത്തിച്ചത്. പിന്നീട് സൈന്യമെത്തിയാണ് മുണ്ടക്കൈയിലെ ട്രൂവാലി എസ്റ്റേറ്റ്, ബംഗ്ലാവ് അടക്കമുള്ള സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്ന നൂറുകണക്കിനാളുകളെ പുറത്തേക്കെത്തിച്ചത്. ആദ്യഘട്ടത്തിൽ കാലാവസ്ഥ പ്രതികൂലമായതിനാൽ എയർ ലിഫ്റ്റിംഗ് നടത്താനായില്ലെങ്കിലും വൈകിട്ടോടെ അങ്ങനെയും നിരവധി പേരെ രക്ഷപ്പെടുത്തി. കോയമ്പത്തൂർ സോളൂരിൽ നിന്നുള്ള ഹെലികോപ്റ്റർ വൈകിട്ട് അഞ്ചരയോടെ ചൂരൽമലയിലെത്തി എയർലിഫ്റ്റിംഗ്് തുടങ്ങി. സൈന്യത്തിന്റെ താത്കാലിക പാലവും വൈകിട്ടോടെ സജ്ജമായി. ഇതിലൂടെ ആളുകളെ ചൂരൽമലയിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കും എത്തിക്കുന്ന നടപടികളും വേഗത്തിലായി. ഇതേ പാലത്തിലൂടെ മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുന്നവരെയും ചൂരൽമലയിൽ എത്തിച്ചു.
ആദ്യഘട്ടത്തിൽ പ്രാദേശിക രക്ഷാപ്രവർത്തകരും പോലീസും റവന്യൂ വകുപ്പും ഫയർഫോഴ്സുമാണ് വീടുകളിൽ ഒറ്റപ്പെട്ടവരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചത്. പിന്നീട് ഓരോ വീടും പരിശോധിച്ചപ്പോൾ ചേതനയറ്റ നിരവധി ശരീരങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി പുറംലോകമറിഞ്ഞത്. പിന്നീട് സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ടരയോടെ നേവി സംഘവും സൈന്യത്തിന്റെ എൻജിനീയറിംഗ് വിഭാഗവും സംഭവ സ്ഥലത്ത് എത്തി. മന്ത്രിമാരായ കെ രാജൻ, മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവർ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മൂടൽമഞ്ഞും മഴയും കനത്ത തണുപ്പും കാരണം രാത്രി പത്തോടെ തിരച്ചിൽ അവസാനിപ്പിച്ചു. രാവിലെ തുടരും.