Connect with us

monson mavunkal

ഡൽഹി എയർപോർട്ടിൽ ഗ്രീൻ ചാനൽ; സ്വീകരിച്ചത് പോലീസ് വാഹനം

മോൻസൺ മാവുങ്കലിന് കൂടുതൽ ബന്ധം ഇതര സംസ്ഥാനങ്ങളിൽ

Published

|

Last Updated

കോഴിക്കോട് | മോൻസൺ മാവുങ്കലിന് കേരളത്തിലേക്കാളും ബന്ധം ഇതര സംസ്ഥാനങ്ങളിൽ. ഡൽഹി, കർണാടക, നാഗാലാൻഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും മറ്റും ഇയാൾക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പരാതിക്കാരായ യഅ്ഖൂബ് പുറായിൽ, എം ടി ശമീർ, അനൂപ് വി അഹ്‌മദ് എന്നിവർ വെളിപ്പെടുത്തി.

പുരാവസ്തുക്കൾ വിദേശ രാജ്യങ്ങളിൽ വിൽപ്പന നടത്തിയ വകയിൽ തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ എത്തിയിട്ടുണ്ടെന്നും ഫെമ നിയമത്തിന്റെ ചില രേഖകൾ ക്ലിയർ ചെയ്യുന്നതോടെ പണം ലഭിക്കുമെന്നും വിശ്വസിപ്പിച്ച് പത്ത് കോടിയോളം രൂപ കൈവശപ്പെടുത്തിയ ശേഷം അനൂപിനെയും യഅ്ഖൂബിനെയും മോൻസൺ ഡൽഹിയിലേക്ക് കൊണ്ടുപോയിരുന്നു.

ഫെമയുടെ ഉദ്യോഗസ്ഥരുമായി നേരിട്ട് സംസാരിക്കാനെന്ന പേരിലായിരുന്നു യാത്ര. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഗ്രീൻ ചാനൽ വഴിയായിരുന്നു പുറത്തിറങ്ങിയത്. ശേഷം നാഗാലാൻഡ് രജിസ്‌ട്രേഷനിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലായിരുന്നു ഹോട്ടലിലേക്കുള്ള യാത്ര.

കൂടാതെ, സി ഐ റാങ്കിലുള്ള ഒരു മലയാളി പോലീസ് ഉദ്യോഗസ്ഥൻ വാഹനത്തിന്റെ മുന്നിലുമുണ്ടായിരുന്നു. ഹോട്ടൽ ഏർപ്പാട് ചെയ്തതും മറ്റും പോലീസ് ഉദ്യോഗസ്ഥനായിരുന്നുവെന്ന് പിന്നീട് മനസ്സിലായതായി പരാതിക്കാർ പറഞ്ഞു.

ഡൽഹിയിലെത്തിയ ശേഷം മോൻസൺ വിളിച്ച് താൻ ഒഡീഷയിലാണെന്നും ഡൽഹിയിൽ എത്താൻ പറ്റാത്ത സാഹചര്യമാണെന്നും പറഞ്ഞു. കൂടാതെ, തനിക്ക് പെട്ടെന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടതുണ്ടെന്നും അറിയിച്ചു. തുടർന്ന് ഒരു ദിവസം ഹോട്ടലിൽ തങ്ങിയ ശേഷം മടങ്ങിയെന്ന് അനൂപ് വി അഹ്‌മദ് സിറാജിനോട് പറഞ്ഞു.

പണം തട്ടിപ്പ് കൂടുതൽ ബെംഗളൂരുവിൽ
കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 80 കോടിയോളം രൂപ മോൻസൺ മാവുങ്കൽ തട്ടിയെടുത്തതായി കേരളത്തിലെ പരാതിക്കാരുടെ നിഗമനം. വിവിധ വ്യക്തികളുമായി ബന്ധപ്പെട്ടതിൽ നിന്നാണ് ഇത്രയും വിവരങ്ങൾ ലഭിച്ചത്. എന്നാൽ, പണം നഷ്ടപ്പെട്ടവരിൽ പലരും പരാതി നൽകാൻ തയ്യാറല്ല.