Haritha Issue
ഹരിത വിവാദം: മിനുട്‌സ് പുറത്തുവിടുമെന്ന് പുറത്താക്കപ്പെട്ട എം എസ് എഫ് നേതാവ്
തന്നെ എപ്പോള്‍, ആര് പുറത്താക്കിയെന്ന അറിയിപ്പൊന്നും ലഭിച്ചിട്ടില്ല
കോഴിക്കോട് | തന്നെ എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആര്, എപ്പോള്‍ നീക്കി എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ലത്വീഫ് തുറയൂര്‍. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും ലത്വീഫ് തുറയൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹരിത വിവാദത്തില്‍ തന്റെ നിലപാട് കൃത്യമായി അറിയിച്ചതാണ്. ആ പെണ്‍കുട്ടികളുടെ അഭിമാനം സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനെന്തിനാണ് ഈ സ്ഥാനത്തിരിക്കുന്നത്?. വിഷയം നേതാക്കന്മാരെയും അറിയിച്ചതാണ്. മിനുട്‌സ് ബുക് നേരത്തെ നേതൃത്വത്തിന് കൈമാറിയതാണ്. അവര്‍ അത് പൊലീസിന് നല്‍കുമെന്നാണ് അറിയിച്ചത്. ആ മിനിട്‌സ് ഇപ്പോഴും ഹാജരാക്കാത്തതിനാല്‍ ഇപ്പോഴും പോലീസ് എനിക്കെതിരെ നടപടികള്‍ തുടരുകയാണ്. അന്നത്തെ യോഗത്തിന്റെ മിനിട്‌സ് തിരുത്താന്‍ ലീഗിലെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. മിനുട്‌സ് നേതൃത്വത്തിന് കൈമാറിയതാണ്, അതിനു ശേഷം തിരുത്തിയോ എന്നറിയില്ല. തിരുത്തിയ മിനിട്‌സാണ് പോലീസില്‍ ഹാജരാക്കുന്നതെങ്കില്‍ ഒറിജിനലിന്റെ പകര്‍പ്പ് പുറത്തുവിടുമെന്നും ലത്തീഫ് തുറയൂര്‍ വ്യക്തമാക്കി.
എം എസ് എഫ് ഉപദേശക സമിതി തന്നെ കേട്ടിട്ടില്ല. എനിക്കെതിരെ റിപ്പോര്‍ട്ട് ഉള്ളതായി അറിയില്ല. നടപടി എടുക്കുന്നവര്‍ എ്ന്തിന് അത് പറയാന്‍ മടിക്കുന്നുവെന്നും ലത്വീഫ് ചോദിച്ചു.