Connect with us

Kerala

ആഘോഷങ്ങൾക്കിനി ഹരിത പടക്കങ്ങൾ; സർക്കാർ ഉത്തരവിറങ്ങി

അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പടക്കങ്ങളാണ് ഹരിത പടക്കങ്ങൾ.

Published

|

Last Updated

തിരുവനന്തപുരം | ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശ പ്രകാരം കേരളത്തിൽ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. അന്തരീക്ഷമലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ ദീപാവലി, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നാണ് സർക്കാർ ഉത്തരവ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാത്രി എട്ട് മണി മുതൽ 10 മണി വരെയും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് രാത്രി 11.55 മുതൽ 12.30 വരെയും പടക്കം പൊട്ടിക്കാം എന്ന സമയക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പടക്കങ്ങളാണ് ഹരിത പടക്കങ്ങൾ. ഇത്തരത്തിലുള്ള പടക്കങ്ങൾ നിർമ്മിക്കുന്ന കേന്ദ്രങ്ങൾ നിലവിൽ കുറവാണ്. കേരളത്തിലെ അന്തരീക്ഷ വായുവിന്റെ നിലവാരം മോഡറേറ്റ് നിലയിൽ നിന്ന് താഴെപ്പോയിട്ടില്ല. അതേസമയം വായു നിലവാരം നന്നേ കുറഞ്ഞ ഇന്ത്യയുടെ മറ്റ് നഗരങ്ങളിൽ കർശന നിയന്ത്രണമാണ് ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ചിരിക്കുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷമലിനീകരണം കുറയ്ക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടപടികൾ സ്വീകരിക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിയും ഉറപ്പാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

---- facebook comment plugin here -----

Latest