Prathivaram
മരുഭൂമിയിലെ പച്ചപ്പരവതാനി
400 ഹെക്ടറിൽ, അതായത് 500 ഫുട്‌ബോൾ മൈതാനങ്ങളുടെ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നതാണ് ഈ ഹരിതഭൂമി. ഭരണത്തിന്റെ അമ്പത്തൊന്ന് വർഷം പൂർത്തിയാക്കിയ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിശാലമായ കാഴ്ചപ്പാട് നേരിട്ട് കാണാനാകും ഈ പദ്ധതിയിലൂടെ.
പച്ചപ്പിന്റെ മരുപ്പച്ച തീർക്കുന്ന ഷാർജ മലീഹയിലെ ഗോതമ്പ് പാടം മരുഭൂമിയിൽ പൊന്ന് വിളയിക്കുകയാണ്. 400 ഹെക്ടറിൽ, അതായത് 500 ഫുട്‌ബോൾ മൈതാനങ്ങളുടെ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്നതാണ് ഈ ഹരിതഭൂമി. ഭരണത്തിന്റെ അമ്പത്തൊന്ന് വർഷം പൂർത്തിയാക്കിയ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിശാലമായ കാഴ്ചപ്പാട് നേരിട്ട് കാണാനാകും ഈ പദ്ധതിയിലൂടെ.
2022 നവംബർ 30 നാണ് മലീഹയിലെ മരുഭൂമിയെ പച്ചപ്പട്ടണിയിക്കുന്ന പദ്ധതിക്ക് സമാരംഭം കുറിച്ചത്. ഭരണാധികാരി തന്നെ നേരിട്ടെത്തി ഇവിടെ വിത്തിറക്കി. പ്രതിവർഷം 1.7 ദശലക്ഷം മെട്രിക് ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന യു എ ഇയിൽ മൂന്ന് ലക്ഷത്തി മുപ്പതിനായിരം മെട്രിക് ടൺ വരും ഷാർജയുടെ മാത്രം വിഹിതം. സംഘർഷങ്ങളും രാഷ്ട്രീയ പ്രതിസന്ധികളുമൊക്കെ എപ്പോഴും വന്നേക്കാവുന്ന സാഹചര്യത്തിൽ എമിറേറ്റിലേക്ക് ആവശ്യമായി വരുന്ന ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കുകയും സ്വയംപര്യാപ്തതയിലേക്ക് പതിയെ കാലെടുത്തുവെക്കുകയുമാണ് ഈ പദ്ധതിയിലൂടെ. രണ്ടാം ഘട്ടം 2024 ഓടെ 880 ഹെക്ടറായി വികസിപ്പിക്കും. 2025ൽ ഇത് 1,400 ഹെക്ടറായി മാറും. അങ്ങനെ ആവശ്യമായ അളവിലുള്ള വിഭവം ഉറപ്പാക്കാനും ഉത്പാദന നിരക്ക് ഘട്ടംഘട്ടമായി ഉയർത്താനുമുള്ള വിശാലമായ കാഴ്ചപ്പാടിന് നിലമൊരുങ്ങുകയാണ് മലീഹപാടത്ത്.
ആധുനികതയും ജൈവികതയും ഒരുമിപ്പിച്ചാണ് കൃഷി രീതി എന്നതാണ് മറ്റൊരു സവിശേഷത. കാലാവസ്ഥയും മണ്ണും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശോധിക്കും. വിളക്ക് യോജിച്ച വിധം വെള്ളമെത്തിക്കും. മാരകമായ രാസകീടനാശിനികൾ ഒഴിവാക്കി ഗുണനിലവാരം ഉറപ്പാക്കിയാണ് കൃഷി പുരോഗമിക്കുന്നത്. അടുത്ത മാസത്തോടെ വിളവെടുപ്പ് നടത്താനാകുമ്പോൾ ഷാർജയുടെ ഈ കാർഷിക പ്രതീക്ഷ വാനോളമുയരും.
പതിമൂന്ന് കിലോമീറ്റർ അകലെയുള്ള ഹംദ സ്റ്റേഷനിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്. ജലസേചന ലൈനുകൾ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കും. ദിവസം മുഴുവൻ 60,000 ക്യുബിക് മീറ്റർ വെള്ളം വരെ ശേഷിയുള്ള ആറ് വലിയ സെക്്ഷൻ പമ്പുകൾ പ്രവർത്തിക്കുന്നു. ഒരു തുള്ളി വെള്ളം പോലും നഷ്ടപ്പെടുത്താതിരിക്കാൻ ഈ സംവിധാനം പര്യാപ്തം.
കഴിഞ്ഞ വർഷം ആഗോളതലത്തിൽ ഗോതമ്പിന്റെ ഉത്പാദനത്തിന് കുറവുണ്ടായിരുന്നുവെന്ന റിപ്പോർട്ട് കൂടി ചേർത്തുവെക്കുമ്പോൾ ഇത്തരം കാർഷിക ശ്രമങ്ങൾക്ക് എത്രമാത്രം പ്രസക്തിയുണ്ടെന്ന് ബോധ്യമാകും. ഉക്രൈൻ- റഷ്യ യുദ്ധത്തെ തുടർന്നാണ് ഈ പ്രതിസന്ധി വന്നത്. ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദന രാജ്യങ്ങളാണ് ഉക്രൈനും റഷ്യയും. ലോകാവശ്യത്തിന്റെ 29 ശതമാനം കയറ്റുമതി ചെയ്യുന്നത് ഈ രാജ്യങ്ങളാണ്.
ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിൽ അതീവ ഗുരുതരമായ ഒരു റിപ്പോർട്ട് കഴിഞ്ഞ ജൂണിൽ എത്തിയിരുന്നു. ലോകത്തിന്റെ കരുതൽ ഗോതമ്പ് ശേഖരം 10 ആഴ്ചത്തേക്ക് മാത്രമാണുള്ളത് എന്നാണ് ആ റിപ്പോർട്ട്. യുദ്ധം വലിയ രീതിയിൽ ഉത്പാദനത്തെ ബാധിച്ചെങ്കിലും അത് മാത്രമല്ല കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 29 കോടി ഏക്കർ സ്ഥലത്ത് ഗോതമ്പ് വിളയിക്കുന്ന ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ 16 ശതമാനം ഉത്പാദനം കുറഞ്ഞു. ഗോതമ്പ് കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഇടക്ക് കയറ്റുമതി നിരോധിച്ചു. ഇന്ത്യയിലും 20 ശതമാനം ഉത്പാദനം കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനം അടക്കം നിരവധി പ്രതിസന്ധികളാണ് ഗോതമ്പ് ഉത്പാദന മേഖല നേരിടുന്നത്.
80 ശതമാനം ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് യു എ ഇ. മിഡിൽ ഈസ്റ്റിന്റെയും നോർത്ത് ആഫ്രിക്കയുടെയും സ്ഥിതിയും മറ്റൊന്നല്ല. അത്തരമൊരു അവസ്ഥയിൽ പ്രതിസന്ധി മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കം കൂടിയാണ് ഷാർജയുടെ ഭരണാധികാരി നടത്തിയിരിക്കുന്നത്.