environment
ഹരിത തീര്‍ഥാടനം
ഹരിത തീര്‍ഥാടനങ്ങള്‍ നടത്താനുള്ള ഒരു നിര്‍ദേശം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഉണ്ടായാല്‍ അത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുസമൂഹത്തിനും വിദ്യാഭ്യാസ മേഖലക്ക് പൊതുവെയും നല്ലതായിരിക്കും എന്ന് കരുതുന്നു.
വിനോദയാത്രകള്‍ ചര്‍ച്ചകളില്‍ നിറയുന്ന കാലമാണല്ലോ. കുട്ടികളുടെ വിനോദയാത്രക്കായി “സേവ്’ മുന്നോട്ടുവെച്ച ഒരു നിര്‍ദേശം ശ്രദ്ധയില്‍പ്പെടുത്തുകയാണ്. കോഴിക്കോട് ജില്ലയില്‍ 2014 മുതല്‍ അഞ്ച് വര്‍ഷക്കാലം നടപ്പാക്കി വിജയിച്ച, കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയ ഒരു പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായിരുന്നു സേവ് (സ്റ്റുഡന്റ് ആര്‍മി ഫോര്‍ വിവിഡ് എന്‍വയോണ്‍മെന്റ്). ഇരുപതിലേറെ ഇനങ്ങളുണ്ടായിരുന്ന ഈ പദ്ധതിയില്‍ കുട്ടികളുടെ വിനോദയാത്രക്ക് ബദലായി നിര്‍ദേശിച്ചത് “ഹരിത തീര്‍ഥാടനങ്ങള്‍’ ആയിരുന്നു. പൊതുവെ നമ്മുടെ സ്‌കൂളുകളില്‍ നിന്ന് വിനോദയാത്രക്ക് പോകുന്നത് ഊട്ടി പോലുള്ള സ്ഥലങ്ങള്‍, വണ്ടര്‍ലാ പോലെയുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, കന്യാകുമാരി പോലെയുള്ള കടല്‍ത്തീരങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്കാണല്ലോ. കുട്ടികളുടെ വിനോദയാത്ര എന്നതിലുപരി ഇത് പലര്‍ക്കും ഒരു ബിസിനസ്സ് കൂടിയാണ്. കുട്ടികളുടെ വിനോദയാത്രക്ക് ഇടനിലക്കാരായി നിന്ന് കമ്മീഷന്‍ പറ്റുന്ന അധ്യാപകരെ അറിയാം. ഇത്തരം വിനോദയാത്രകളില്‍ സ്‌കൂളിലെ ഒരു നിശ്ചിത ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ കഴിയുക. പണച്ചെലവുള്ളതിനാല്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല. രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയാകുമ്പോള്‍ ആ കാരണത്താല്‍ വീട്ടില്‍ നിന്ന് അത്ര ദിവസം മാറിനില്‍ക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല. കുട്ടികളെയും കൊണ്ട് വിനോദയാത്രക്ക് പോയി തിരിച്ച് കുട്ടികളെ വീട്ടിലെത്തിക്കുന്നത് വരെ അധ്യാപകരുടെ നെഞ്ചില്‍ തീയാണ്.
സേവ് മുന്നോട്ടുവെച്ച ഹരിത തീര്‍ഥാടനം വ്യത്യസ്തമായിരുന്നു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഇത് നടത്തണം എന്നതാണ് ആദ്യത്തെ നിര്‍ദേശം. നമ്മുടെ വിദ്യാര്‍ഥികള്‍ ഊട്ടിയും കൊടൈക്കനാലും ഒക്കെ പലതവണ കണ്ടിട്ടുണ്ടാകാം. എങ്കിലും തൊട്ടടുത്തുള്ള കുന്നിന്‍പുറമോ പുഴയോരമോ കണ്ടിരിക്കാന്‍ ഇടയില്ല, ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും. പഠനത്തിന്റെ തിരക്കുകള്‍ക്കിടയിലും ഗാഡ്ഗറ്റുകളില്‍ മുഖം പൂഴ്ത്തിയും അവര്‍ പരിസര നിരീക്ഷണത്തിന് സമയം കണ്ടെത്താതെ കഴിഞ്ഞുകൂടുകയാണല്ലോ. സ്‌കൂളിന് അടുത്തുള്ള കുന്നിന്‍പുറങ്ങളിലേക്കോ പുഴയോരങ്ങളിലേക്കോ അതുപോലെ പ്രകൃതി മനോഹരമായ മറ്റ് സ്ഥലങ്ങളിലേക്കോ വിദ്യാര്‍ഥികളെ ഹരിത തീര്‍ഥാടനം എന്ന പേരില്‍ വിനോദയാത്രക്ക് കൊണ്ടുപോകാനുള്ള നിര്‍ദേശമാണ് സേവ് മുന്നോട്ടു വെച്ചത്. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സംഘങ്ങളാക്കി തിരിച്ച് പല ദിവസങ്ങളിലായി ഈ യാത്രക്ക് കൊണ്ടുപോകുക എന്നതായിരുന്നു നിര്‍ദേശം. ഏകദിന തീര്‍ഥാടനമായിരുന്നു പൊതു നിര്‍ദേശം. എന്നാല്‍ കൂട്ടം കൂടി ക്യാമ്പ് ചെയ്തു താമസിക്കാം എന്ന് ആത്മവിശ്വാസമുള്ള സ്‌കൂളുകള്‍ക്ക് ഒന്നില്‍ കൂടുതല്‍ ദിവസം എടുക്കുകയും ആകാം. കഴിവതും കേന്ദ്രങ്ങളിലേക്ക് നടന്നുപോകാനായിരുന്നു നിര്‍ദേശം. ചുറ്റുമുള്ള പ്രകൃതിയെ കണ്ടും കേട്ടും അറിഞ്ഞും മുന്നോട്ട് പോകുക! ഓരോരുത്തരും അവരുടെ വീട്ടില്‍ നിന്ന് എന്തെങ്കിലും ഭക്ഷണം പൊതിഞ്ഞു കെട്ടി കൊണ്ടുവരണം, കൂടെ കുറെ വെള്ളവും എടുക്കണം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണ സാധനങ്ങളോ പലഹാരങ്ങളോ പഴങ്ങളോ പച്ചക്കറികളോ എന്തും ആകാം. കേന്ദ്രത്തില്‍ എത്തിയാല്‍ നിശ്ചിത ഇടവേളകളില്‍ കൊണ്ടുവന്ന ഭക്ഷണ സാധനങ്ങളും വെള്ളവും പങ്കുവെച്ച് കഴിക്കുക എന്ന രീതിയാണ് പ്രോത്സാഹിപ്പിച്ചത്.
ചെലവ്്രഹിതമാണ്, അല്ലെങ്കില്‍ ചെലവ് തുലോം കുറവാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതിയുമായും ചുറ്റുപാടുകളുമായും കുട്ടികളെ അടുത്തിടപഴകാന്‍ പ്രേരിപ്പിക്കുന്നു ഈ രീതി. തന്റെ ചുറ്റുപാടുമുള്ള പ്രകൃതിയെ കുറിച്ച് അറിയാനും അവിടുത്തെ പ്രകൃതി സൗന്ദര്യ സാധ്യതകളെ മനസ്സിലാക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നു ഈ യാത്രകള്‍. കുട്ടികള്‍ക്കിടയിലെ ബന്ധങ്ങള്‍ ദൃഢമാക്കാനും അവരില്‍ പങ്കുവെക്കലിന്റെയും പാരസ്പര്യത്തിന്റെയും സ്‌നേഹത്തിന്റെയും പാഠങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഈ യാത്രകള്‍ ഉപകരിക്കും. സേവിന്റെ നേതൃത്വത്തില്‍ ഹരിത തീര്‍ഥാടനം നടത്തിയായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. പിന്നീട് നിരവധി വിദ്യാലയങ്ങള്‍ ഈ പാത പിന്തുടര്‍ന്ന് ഒരുപാട് ഹരിത തീര്‍ഥാടനങ്ങള്‍ നടത്തി. മെച്ചപ്പെട്ട ഫലങ്ങളാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിവരണങ്ങളിലൂടെ ബാക്കിപത്രമായി ലഭിച്ചത്.
സേവ് എന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള അപേക്ഷ വിദ്യാഭ്യാസ വകുപ്പ് നേതൃത്വത്തിന് നല്‍കിയിരുന്നതും അവരതിന് പച്ചക്കൊടി കാട്ടിയിരുന്നതുമാണ്. എന്നാല്‍ പിന്നീട് തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായതായി കണ്ടില്ല. പക്ഷേ, സേവിന്റെ പല നിര്‍ദേശങ്ങളും മറ്റ് പല രീതിയിലും വിദ്യാഭ്യാസ വകുപ്പ് പ്രാവര്‍ത്തികമാക്കുന്നു എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. വിദ്യാര്‍ഥികളുടെ പഠനയാത്രകള്‍ വിവാദമാകുന്ന ഈ കാലത്ത് ഇത്തരം പഠനയാത്രകള്‍, ഹരിത തീര്‍ഥാടനങ്ങള്‍ നടത്താനുള്ള ഒരു നിര്‍ദേശം വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഉണ്ടായാല്‍ അത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുസമൂഹത്തിനും വിദ്യാഭ്യാസ മേഖലക്ക് പൊതുവെയും നല്ലതായിരിക്കും എന്ന് കരുതുന്നു.