Haritha Issue
പരാതി പിന്‍വലിക്കാന്‍ തയ്യാറാവാതെ ഹരിത; ലീഗ് തീരുമാനം അംഗീകരിക്കുന്നില്ല
പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ മാപ്പ് പറഞ്ഞിട്ടും ഹരിത ഇതുവരെ വനിതാ കമ്മീഷനിലെ പരാതി പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല
കോഴിക്കോട് | ഹരിത നേതാക്കളെ പാര്‍ട്ടി യോഗത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ എം എസ് എഫിന്റെ വനിതാ നേതാക്കളുടെ പരാതി പിന്‍വലിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ലീഗ് തീരുമാനത്തെ തള്ളി ഹരിത. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കേണ്ടെന്നാണ് ഹരിതയുടെ തീരുമാനം. ഹരിത നേതാക്കള്‍ പരാതി പിന്‍വലിക്കുകയും ആരോപണ വിധേയരായ എം എസ് എഫ് പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി മാപ്പ് പറയുകയും ചെയ്യും എന്നതായിരുന്നു ലീഗിന്റെ ഒത്തു തീര്‍പ്പ് ഫോര്‍മുല.
ഈ തീരുമാനം ലീഗ് എടുത്തിനെ തുടര്‍ന്ന് പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ മാപ്പ് പറഞ്ഞിട്ടും ഹരിത ഇതുവരെ വനിതാ കമ്മീഷനിലെ പരാതി പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. തങ്ങള്‍ അര്‍ഹിക്കുന്ന നീതി ലഭിച്ചില്ലെന്നും ആരോപണ വിധേയര്‍ മാപ്പ് ചേദിക്കുന്ന രീതിയില്‍ പങ്കുവെച്ച പ്രസ്താവന ഒരുതരത്തില്‍ തങ്ങളെ അപമാനിക്കുന്നതാണെന്നുമാണ് ഹരിത നേതാക്കളുടെ പക്ഷം. ലീഗ് നേതൃത്വം ഇപ്പോഴും തങ്ങളെ അധിക്ഷേപിച്ചവര്‍ക്കൊപ്പമാണ് എന്നും ഹരിത നേതാക്കള്‍ കരുതുന്നു. അതുകൊണ്ട് തന്നെ പരാതി പിന്‍വലിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും ഹരിത നേതാക്കള്‍ വിശ്വസിക്കുന്നു.
ലീഗ് തീരുമാനം ഹരിത അംഗീകരിക്കാത്ത സാഹചര്യമുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പരസ്യമാക്കി. ലീഗ് ഉന്നതാധികാര യോഗം ചേര്‍ന്ന് ഇതിലൊരു തീരുമാനത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹരിതക്കെതിരേയും പി കെ നവാസിനെതിരേയും നടപടി വേണോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.