Connect with us

International

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസ്താവനകളെ വിമര്‍ശിച്ച് ഗ്രേറ്റ തന്‍ബെര്‍ഗ്

ലോകനേതാക്കളുടെ വാക്കുകളെല്ലാം മഹത്തരമാണെന്നും ഇതുവരെ അവരൊന്നും യാഥാര്‍ത്ഥ്യമാക്കിയിട്ടില്ലെന്നും ഗ്രേറ്റ പറഞ്ഞു.

Published

|

Last Updated

മിലന്‍| പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ലോകനേതാക്കളുടെ പ്രഖ്യാപനങ്ങളെയും പ്രതിജ്ഞകളെയും വിമര്‍ശിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗ്. ചൊവ്വാഴ്ച ഇറ്റലിയിലെ മിലനില്‍ നടന്ന യൂത്ത് ഫോര്‍ ക്ലൈമറ്റ് ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഗ്രേറ്റ ലോകനേതാക്കള്‍ക്കെതിരെ സംസാരിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പ്രസംഗിക്കുന്ന നേതാക്കള്‍ ‘ഹരിത ജല്പനങ്ങള്‍’ നടത്തുകയാണെന്ന് ഗ്രേറ്റ പരിഹസിച്ചു.

ബോറിസ് ജോണ്‍സണ്‍, നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള നേതാക്കളുടെ പ്രസ്താവനകളെ ഗ്രേറ്റ വിമര്‍ശിച്ചു. ലോകനേതാക്കളുടെ വാക്കുകളെല്ലാം മഹത്തരമാണെന്നും ഇതുവരെ അവരൊന്നും യാഥാര്‍ത്ഥ്യമാക്കിയിട്ടില്ലെന്നും പറഞ്ഞു. ലോകം ആവശ്യപ്പെടുന്ന വിധത്തിലുള്ള മാറ്റങ്ങളുണ്ടാക്കാന്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് പുതിയ ആശയങ്ങള്‍, സഹകരണം, ഇച്ഛാശക്തി എന്നിവ ആവശ്യമാണെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് ഗ്രേറ്റ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞത്. നേതാക്കളുടെ പൊള്ളയായ വാക്കുകളിലും വാഗ്ദാനങ്ങളിലും ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളുമാണ് ഇല്ലാതാകുന്നതെന്നും ഗ്രേറ്റ കൂട്ടിച്ചേര്‍ത്തു.

ഇതുവരെ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളലുണ്ടായതില്‍ രണ്ടാമതാണിപ്പോള്‍ 2021. വെറും രണ്ട് ശതമാനം ഭരണകൂടങ്ങളാണ് ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നത്. 2030-ഓടെ അന്തരീക്ഷ കാര്‍ബണിന്റെ അളവില്‍ 16 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. നേതാക്കളുടെ ഈ നിഷ്‌ക്രിയത്വം എല്ലാ തലമുറകളോടുമുള്ള ചതിയാണെന്നും ഗ്രേറ്റ പറഞ്ഞു.