Connect with us

First Gear

നാല് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഗ്രെറ്റ, വില 60,000 രൂപ മുതല്‍

ഹാര്‍പ്പര്‍, ഹാര്‍പ്പര്‍ സെഡ് എക്‌സ്, ഈവ്‌സ്പ, ഗ്ലൈഡ് എന്നിവയാണ് ഗ്രെറ്റ പുറത്തിറക്കിയ നാല് സ്‌കൂട്ടറുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ഇലക്ട്രിക് വാഹന മേഖല വേഗത്തില്‍ വളരുന്നതില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇരുചക്ര വാഹന കമ്പനികള്‍. ഇപ്പോള്‍ നാല് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ഗ്രെറ്റ ഇലക്ട്രിക്. പെഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൈക്കിളുകള്‍, റിക്ഷകള്‍, ട്രൈസൈക്കിളുകള്‍, ബൈക്കുകള്‍ എന്നിവ ഇലക്ട്രിക് ആക്കി മാറ്റുന്നതില്‍ വൈദഗ്ധ്യമുള്ള രാജ് ഇലക്ട്രോമോട്ടീവിന്റെ ഭാഗമാണ് ഗ്രെറ്റ. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജിയില്‍ നിന്ന് 2019-ല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള അനുമതി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

ഹാര്‍പ്പര്‍, ഹാര്‍പ്പര്‍ സെഡ് എക്‌സ്, ഈവ്‌സ്പ, ഗ്ലൈഡ് എന്നിവയാണ് ഗ്രെറ്റ പുറത്തിറക്കിയ നാല് സ്‌കൂട്ടറുകള്‍. ഓരോന്നിനും വ്യത്യസ്തമായ ബോഡി സ്റ്റൈലിങാണുള്ളത്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന വെസ്പ സ്‌കൂട്ടറുകളോട് സാമ്യമുള്ള ഒരു റെട്രോ സ്‌റ്റൈല്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് ഈവ്‌സ്പ. നാലാമത്തെ മോഡലായ ഗ്ലൈഡ് ഒരു ഫ്യൂച്ചറിസ്റ്റിക്, നോ-ഫ്രില്‍സ് ഇലക്ട്രിക് സ്‌കൂട്ടറായാണ് വരുന്നത്. വ്യത്യസ്തമായ നിറങ്ങളിലുമാണ് സ്‌കൂട്ടറുകള്‍ വിപണിയിലെത്തുക. നാല് സ്‌കൂട്ടറുകളും ഒരുമിച്ച് 22 കളര്‍ ഓപ്ഷനുകളാണ് അണിനിരത്തുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എടിഎ സിസ്റ്റം, റിവേഴ്‌സ് മോഡ്, ആന്റി തെഫ്റ്റ് അലാറം, കീലെസ് സ്റ്റാര്‍ട്ട് എന്നിവയാണ് നാല് സ്‌കൂട്ടറുകളിലും പൊതുവായുള്ള ഫീച്ചറുകള്‍.

48 വോള്‍ട്ട്/60വോള്‍ട്ട് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുകളാണ് സ്‌കൂട്ടറുകള്‍ക്ക് കരുത്ത് പകരുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഇലക്ട്രിക് മോഡലുകള്‍ക്ക് 70 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഏകദേശം നാല് മണിക്കൂറിനുള്ളില്‍ 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജിംഗ് കൈവരിക്കാന്‍ ബാറ്ററിക്ക് സമയം ആവശ്യമാണ്.

നേപ്പാള്‍ പോലുള്ള അന്താരാഷ്ട്ര വിപണികളില്‍ ഗ്രെറ്റ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ അവര്‍ക്ക് ഇന്ത്യയില്‍ രണ്ട് ഷോറൂമുകളുണ്ട്. എന്നാല്‍ അധികം വൈകാതെ ശൃംഖല വര്‍ധിപ്പിക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്. ഗ്രെറ്റ ഇപ്പോള്‍ യൂറോപ്പിലും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനായുള്ള നിയമപരമായ അനുമതി ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രാന്‍ഡ്. അംഗീകാരത്തിന് ശേഷം ഒന്നിലധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗ്രേറ്റ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ലഭ്യമാകും. ആഭ്യന്തര വിപണിയില്‍ ഗ്രേറ്റ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 60,000 മുതല്‍ 92,000 രൂപ വരെയാണ് വില.

 

Latest