Kerala
ഗ്രോ വാസു കേസിൽ ഇന്ന് വാദം കേൾക്കും
മാവോയിസ്റ്റ് കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു വാസുവിന്റെ സംസാരം.

കോഴിക്കോട് | പൗരാവകാശ പ്രവർത്തകൻ ഗ്രോ വാസുവിൻ്റെ കേസിൽ ഇന്ന് വാദം കേൾക്കും. അജിത ഉൾപ്പെടെ എട്ട് പേരെ പശ്ചിമഘട്ട മലനിരകളിൽ കൊലപ്പെടുത്തിയത് ചതിയിലൂടെയാണെന്ന് റിമാൻഡിൽ കഴിയുന്ന ഗ്രോ വാസു ഇന്നലെ കോടതിയിൽ വ്യക്തമാക്കി. സാക്ഷി മൊഴികൾ വായിച്ചുകേട്ടതിന് ശേഷമാണ് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് മുമ്പാകെ ഗ്രോ വാസുവിന്റെ പ്രതികരണം.
മാവോയിസ്റ്റ് കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു വാസുവിന്റെ സംസാരം. കേസിനെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാമെന്നും അതല്ലെങ്കിൽ ബാക്കി കാര്യങ്ങൾ ഇന്ന് പറയാമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. പരാമർശം കോടതി രേഖപ്പെടുത്തിയില്ല.
മുദ്രാവാക്യം വിളികളോടെയാണ് ഗ്രോ വാസു കോടതിയിലേക്ക് എത്തിയതും തിരിച്ചു പോയതും. കോടതി വരാന്തയിൽ മുദ്രാവാക്യം വിളിക്കരുതെന്ന കാര്യം പോലീസ് ഗ്രോ വാസുവിനോട് ഓർമപ്പെടുത്തിയെങ്കിലും മുദ്രാവാക്യം വിളി തുടർന്നു.