Connect with us

National

'ചോളി കെ പീച്ചെ ക്യാഹെ...' ഗാനത്തിന് ചുവടുവെച്ച് വരൻ; കേപാകുലനായ വധുവിന്റെ പിതാവ് വിവാഹം റദ്ദാക്കി

ഇത് തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നിലപാടെടുത്ത വധുവിന്റെ പിതാവ് വിവാഹം റദ്ദാക്കി വേദിയിൽ നിന്ന് ഇങ്ങിപ്പോകുകയായിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | വിവാഹവേദിയിൽ ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച യുവാവുമായുള്ള മകളുടെ വിവാഹം ഉപേക്ഷിച്ച് പിതാവ്. “ചോളി കേ പീച്ചേ ക്യാ ഹേ” എന്ന ദ്വയാർഥ വരികളുള്ള ഗാനത്തിന് വരൻ ചുവടുവെച്ചതാണ് വധുവിന്റെ പിവാവിനെ പ്രകോപിതനാക്കിയത്. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വരന്റെ നൃത്തം. ചില അതിഥികൾ ഇതിനെ പ്രോത്സാഹിപ്പിച്ചെങ്കിലും വധുവിന്റെ പിതാവിന് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഇത് തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നിലപാടെടുത്ത അദ്ദേഹം വിവാഹം റദ്ദാക്കി വേദിയിൽ നിന്ന് ഇങ്ങിപ്പോകുകയായിരുന്നു.

വിവാഹം മുടങ്ങിയതിന്റെ വിഷമത്തിൽ വധു കണ്ണീരോടെ നിൽക്കുമ്പോൾ, വരൻ ഭാര്യാപിതാവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വധുവിന്റെ കുടുംബവുമായി ഇനി ഒരു ബന്ധവും വേണ്ടെന്നും അദ്ദേഹം കർശൻ നിലപാട് എടുത്തതായി നവഭാരത് ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. “ചോളി കേ പീച്ചേ” ഗാനത്തിന് വരൻ നൃത്തം ചെയ്തപ്പോൾ വിവാഹം റദ്ദാക്കി” എന്ന തലക്കെട്ടോടുകൂടിയ ഹിന്ദിപത്രത്തിലെ വാർത്ത നിരവധി പേർ പങ്കുവെക്കുന്നുണ്ട്. “വധുവിന്റെ പിതാവ് ശരിയായ തീരുമാനമാണ് എടുത്തത്, അല്ലെങ്കിൽ ഇത്തരം നൃത്തം എല്ലാ ദിവസവും കാണേണ്ടി വരുമായിരുന്നു” എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഒരാളുടെ പ്രതികരണം.

കഴിഞ്ഞ ഡിസംബറിൽ ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ഭക്ഷണം വൈകിയതിന് വിവാഹം റദ്ദാക്കിയ സംഭവവും ഉണ്ടായിരുന്നു. അന്ന് വരൻ അതേ ചടങ്ങിൽവെച്ച് തന്റെ ബന്ധുവിനെ വിവാഹം കഴിച്ചു. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും, ചെലവഴിച്ച 7 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Latest