Connect with us

From the print

ഗസ്സയിൽ വീടുകൾ ലക്ഷ്യമിട്ട് കരയാക്രമണം

നടപടി തുടരുമെന്ന് നെതന്യാഹു

Published

|

Last Updated

ഗസ്സ/ കൈറോ | വടക്ക്, തെക്ക് ഗസ്സയിൽ ഒരേസമയം കരയാക്രമണം ശക്തമാക്കി ഇസ്‌റാഈൽ. വടക്കൻ ഗസ്സയോട് ചേർന്നുള്ള ശുജാഇയ്യയിലും തെക്കൻ നഗരമായ റഫയിലും ആക്രമണം രൂക്ഷമായി. റഫയിൽ നിരവധി വീടുകൾ തകർന്ന് കുട്ടികൾ ഉൾപ്പെടെ ആറ് സാധാരണക്കാർ കൊല്ലപ്പെട്ടു. നാല് ദിവസം മുമ്പ് ശുജാഇയ്യ ലക്ഷ്യമിട്ട് നീങ്ങിയ ഇസ്‌റാഈൽ സൈന്യം വീടുകൾ ലക്ഷ്യമിട്ട് ഷെല്ലാക്രമണം നടത്തി.
ഈജിപ്ത് അതിർത്തി പ്രദേശമായ റഫയിലെ കിഴക്ക്, പടിഞ്ഞാറ്, മധ്യ മേഖലകളിലാണ് ആക്രമണം കടുപ്പിച്ചത്. മധ്യ റഫയിലെ അൽ ഔദ മസ്ജിദിന് ഇസ്‌റാഈൽ സൈന്യം തീവെച്ചു. ശേഷിക്കുന്ന ആശുപത്രികളുടെ പ്രവർത്തനം ഇന്ധനക്ഷാമത്തെ തുടർന്ന് നിർത്തിവെക്കുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ അധികൃതർ പറഞ്ഞു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തുൽകരീമിലെ നൂർശംസ് അഭയാർഥി ക്യാന്പിന് നേരെ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു.
ലക്ഷ്യം കാണാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാട് പ്രതിവാര ക്യാബിനറ്റ് യോഗത്തിൽ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക, ബന്ദികളെ എല്ലാവരെയും മോചിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നത് വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. യു എൻ സ്‌കൂളിൽ സൈനിക അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തിയതായി ഇസ്‌റാഈൽ ഡിഫൻസ് ഫോഴ്‌സ് (ഐ ഡി എഫ്) അവകാശപ്പെട്ടു. സാധാരണക്കാർ താമസിക്കുന്ന സ്ഥലങ്ങളും സ്‌കൂൾ, ആശുപത്രികൾ പോലുള്ള ഇടങ്ങളും സൈനിക ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന വാദം ഹമാസ് നേതൃത്വം തള്ളി.
ഒമ്പത് മാസത്തോളമായി തുടരുന്ന ഇസ്‌റാഈൽ അധിനിവേശത്തിൽ ഇതുവരെ 37,877 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 86,969 പേർക്ക് പരുക്കേറ്റു. ഖത്വർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല.

Latest